Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പച്ചപ്പെർത്തിൽ’ ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് ഇന്നു മുതൽ

Virat Kohli and Ravi Shastri ചിന്താഭാരം... ഇന്ത്യൻ നായകൻ കോഹ്‌ലിയും കോച്ച് രവിശാസ്ത്രിയും പെർത്തിൽ പരിശീലനത്തിനിടെ

പെർത്ത്∙ ആദ്യ ദിവസങ്ങളിൽ പേസിനെയും പിന്നീട് സ്പിന്നർമാരെയും പിന്തുണച്ച അഡ്‌ലെയ്ഡിൽനിന്ന് പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിലേക്കെത്തുമ്പോൾ കളി മാറുമോ? മാറും എന്ന് ഓസീസ് നായകൻ ടിം പെയ്നും മുൻ ഓസീസ് താരങ്ങളും ആണയിടുന്നു. ഗ്ലെൻ മഗ്രോ മുതൽ മിച്ചൽ ജോൺസൺ വരെയുള്ള ഓസീസ് പേസർമാരുടെ പടയോട്ടം കണ്ട വിക്കറ്റാണ് ഉപേക്ഷിച്ച വാക്ക സ്റ്റേഡിയത്തിലേത്. എതിർടീം ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ ചരിത്രമുള്ള വാക്ക സ്റ്റേഡിയത്തിലെ വിക്കറ്റിനോടു സമാനമായ പച്ചപ്പുനിറഞ്ഞ വിക്കറ്റാണ് ഓപ്റ്റസിലും ഒരുക്കിയിരിക്കുന്നത്.

പേസർമാർക്കു വിഐപി പരിവേഷം ലഭിക്കുന്ന വിക്കറ്റിൽ പന്തു തിരിഞ്ഞേക്കും എന്ന പ്രതീക്ഷയിൽ വിക്കറ്റുകൾക്കു തക്കം പാർത്ത് നേഥൻ ലയണും രവീന്ദ്ര ജഡേജയുമുണ്ട്. ഓസീസ് മണ്ണിലെ കന്നി പരമ്പര നേട്ടത്തോടെ ക്രിക്കറ്റിലെ പുതു ചരിത്രത്തിലേക്കുള്ള കോഹ്‌ലിപ്പടയുടെ യാത്ര ആയാസകരമാകില്ല എന്നുറപ്പ്. 4 മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലാണിപ്പോൾ.

∙പേസ് vs പേസ്

മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നീ 3 പേസർമാർ ആദ്യ ടെസ്റ്റിൽ 11 വിക്കറ്റോടെ കരുത്തു കാട്ടിയപ്പോൾ മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവരടങ്ങിയ ഇന്ത്യൻ പേസ് ത്രയം സ്വന്തമാക്കിയത് 14 വിക്കറ്റ്. ന്യൂബോൾ എറിയാൻ നിയോഗിക്കപ്പെട്ട ഇഷാന്ത് ശർമ മാരക ബോളിങിലൂടെ ഓസീസ് മുൻനിരയെ വെള്ളം കുടിപ്പിച്ചപ്പോൾ ഷമിയുടെ റിവേഴ്സ് സ്വിങറുകളും ഓസീസ് താരങ്ങളെ നിലം പരിചാക്കി. ഓഫ് സ്റ്റംപ് ലെങ്തിൽ കണിശതയോടെ പന്തെറിഞ്ഞ ഹെയ്സൽവുഡാണ് ഓസീസ് പേസർമാരിൽ മികച്ചുനിന്നത്.

ഈ വർഷം ആദ്യം നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ 3 ടെസ്റ്റിലെ 60 വിക്കറ്റുകളിൽ 51 വിക്കറ്റ് സ്വന്തമാക്കിയത് ഇന്ത്യൻ പേസർമാരാണ്. പരമ്പര ഇന്ത്യ 2–1നു തോറ്റു.

∙സ്പിൻ vs സ്പിൻ

8 വിക്കറ്റോടെ ഓസീസിന്റെ നേഥൻ ലയൺ, 6 വിക്കറ്റോട ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ. ആദ്യ ടെസറ്റിൽ ടീമിനായുള്ള രണ്ടു ബോളർമാരുടെയും സംഭാവന വളര വലുത്. പരുക്കേറ്റു പുറത്തായ അശ്വിനു പകരക്കാരനായ ടീമിലെത്തുന്ന ജഡേജയ്ക്കും മികവു തുടരാനായാൽ ഇന്ത്യയ്ക്കു ഭയപ്പെടാനില്ല. 

∙ബാറ്റിങ് vs ബാറ്റിങ്

ചേതേശ്വർ പൂജാരയുടെ ഒറ്റയാൾ പോരാട്ടമാണ് അഡ്‌ലെയ്ഡിൽ ഇന്ത്യയെ തുണച്ചത്. 

വിജയ്– രാഹുൽ ഓപ്പണിങ് സഖ്യത്തിനു തിളങ്ങാനാകാതെപോയതും മധ്യനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതുമാണ് ഇന്ത്യയുടെ തലവേദന. മുൻ നിര ബാറ്റ്സ്മാൻമാർ 2 ഇന്നിങ്സിലും നിരാശപ്പെടുത്തിയ ഓസീസാകട്ടെ, മധ്യനിരയുടെയും വാലറ്റത്തിന്റെയും പോരാട്ടത്തിന്റെ ബലത്തിൽ മാത്രമാണ് മൽസരത്തിൽ പിടിച്ചുനിന്നത്. ഓസീസിന്റെ ഏറ്റവും വലിയ ആശങ്കയും ബാറ്റിങ്ങിൽത്തന്നെ.

അശ്വിനും രോഹിതും പുറത്ത് 

പരുക്കിന്റെ പിടിയിലുള്ള രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് ഇന്നത്തെ മൽസരം നഷ്ടമാകും. ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ എന്നിവർ പകരക്കാരായി ഇന്ത്യൻ ടീമിലെത്തും. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഫീൽഡിങിനിടെയാണു രോഹിതിനു പരുക്കേറ്റത്. പേശി വേദനയാണ് അശ്വിനു വിനയായത്. 

∙ഭരത് അരുൺ (ഇന്ത്യൻ ബോളിങ് പരിശീലകൻ): പേസ് ബോളർമാർ ടീമിലെ അവിഭാജ്യ ഘടകമാണ്. പടക്കുതിരകളെ എന്നതുപോലെ വേണം അവരെ കൈകാര്യം ചെയ്യാൻ.

∙മൈക്കൽ വോൺ (മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ): പേസും ബൗൺസുമുള്ള വിക്കറ്റ് ഒരുക്കി ഇന്ത്യയെ വീഴ്ത്താമെന്നുള്ള ഓസീസ് തന്ത്രം തിരിച്ചടിക്കാൻ സാധ്യതയുണ്ട്. മികച്ച ഫോമിലാണ് ഇന്ത്യൻ പേസർമാർ പന്തെറിയുന്നത് എന്ന കാര്യം ഓസീസ് കണക്കിലെടുത്തില്ല എന്നു തോന്നുന്നു.

ടിം പെയ്ൻ (ഓസീസ് നായകൻ): ആദ്യ രാജ്യാന്തര ടെസ്റ്റ് മൽസരം ആയതിനാൽ വിക്കറ്റിന്റെ സ്വഭാവത്തിൽ ഗ്യാരന്റിയില്ല. ടോസ് നഷ്ടപ്പെടുത്തി വിക്കറ്റ് എങ്ങനെ കളിക്കും എന്നതു കാണാനാണ് ആഗ്രഹം.

∙ബ്രെറ്റ് സിപ്തോർപ്പ് (ഹെഡ് ക്യൂറേറ്റർ): പേസും ബൗൺസുമുള്ള വിക്കറ്റ് ഒരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി ബൗൺസുള്ള പിച്ച് തയ്യാറാക്കാനാണു ശ്രമിച്ചിരിക്കുന്നത്.

related stories