Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നാലും സാക്ഷി, ധോണിയെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കാമോ എന്ന് ആരാധകർ

dhoni-sakshi-1 സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

റാഞ്ചി∙ രാജ്യാന്തര ക്രിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കിത് ഒഴിവുകാലമാണ്. ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് പരമ്പരയിൽ പോരടിക്കുമ്പോൾ, വർഷങ്ങൾക്കു മുൻപേ വിരമിക്കൽ പ്രഖ്യാപിച്ച ധോണി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. അതിനിടെയിതാ ധോണിയെ വീണ്ടും വാർത്തകളിലെ താരമാക്കി ഭാര്യ സാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ധോണി സാക്ഷിയുടെ ചെരുപ്പിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്ന ചിത്രമാണ് സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ഇത് എനിക്കു വാങ്ങിത്തന്നതു നിങ്ങളാണ്, കെട്ടിത്തരേണ്ടതും നിങ്ങളാണ്’ എന്ന അടിക്കുറുപ്പോടെയാണ് സാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്.

ഇതിനു തൊട്ടുപിന്നാലെ ധോണി തനിക്ക് കയ്യിൽ ചെയിൻ കെട്ടിത്തരുന്ന ചിത്രവും സാക്ഷി പോസ്റ്റ് ചെയ്തു. ‘ചെയിനിനും പണം മുടക്കിയത് നിങ്ങളാണ്. അതുകൊണ്ട് ഇതും കെട്ടിത്തരണം’ എന്ന അടിക്കുറുപ്പോടെയാണ് സാക്ഷി രണ്ടാമത്തെ ചിത്രവും പോസ്റ്റ് ചെയ്തത്.

എന്തായാലും രണ്ടു ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഭാര്യയ്ക്ക് ഷൂ കെട്ടിക്കൊടുക്കുന്ന ധോണിക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്. ആരാധകർക്കൊപ്പം വിവിധ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരും ധോണിയെയും സാക്ഷിയെയും അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ ഭാര്യ റിതിക, സഹീർഖാന്റെ ഭാര്യ സാഗരിക ഘാട്കെ, ക്രുനാൽ പാണ്ഡ്യയുടെ ഭാര്യ പൻഖൂരി ശർമ തുടങ്ങിയവരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

അതിനിടെ, ധോണിയെക്കൊണ്ട് ഈ പണിയൊക്കെ ചെയ്യിക്കാമോ എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ‘ക്രിക്കറ്റ് ലോകത്ത് ഞങ്ങൾ ഇത്രയേറെ ബഹുമാനിക്കുന്ന ധോണിയെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് മോശമായിപ്പോയി’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

related stories