Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർത്തിൽ കളിയും തോറ്റു, ഉണ്ടായിരുന്ന പേരും പോയി; ഈ ‘കളി’ തുടരണോ?

‌സന്ദീപ് ചന്ദ്രൻ
paine-kohli പെർത്ത് ടെസ്റ്റിനിടെ വിരാട് കോഹ്‍ലി പുറത്തായപ്പോൾ ഓസീസ് ക്യാപ്റ്റൻ ടിം പെയ്നിന്റെ ആഹ്ലാദം.

പല തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനു പോയിട്ടുണ്ട്. പലപ്പോഴും ഏറ്റുവാങ്ങിയത് ദയനീയ പരാജയം. ചിലപ്പോള്‍ പൊരുതിനിന്നു നേടിയത് അഭിമാനമുയർത്തുന്ന വിജയങ്ങള്‍. ഇപ്പോഴത്തെ ടീം നേരിട്ടതിലും കടുത്ത പോരാട്ടങ്ങളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ നേരിട്ടത്. പരമ്പര നേട്ടമൊന്നും കൈവന്നില്ലെങ്കിലും മാന്യത വിട്ടുള്ള കളിയൊന്നും സൗരവ് ഗാംഗുലിയുടെയും അനില്‍ കുംബ്ലെയുടെയുമൊന്നും കുട്ടികള്‍ കാണിച്ചിരുന്നില്ല. മങ്കി ഗേറ്റ് വിവാദം മനഃപൂർവം വിട്ടുകളഞ്ഞതല്ല. അതിന്റെ സത്യാവസ്ഥ ഇന്നും ദുരൂഹം. ഇത്തവണ കാര്യങ്ങള്‍ വിപരീതമാണ്. ആദ്യമേ ജയിച്ചു തുടങ്ങി.

സ്വതവേ ആത്മവിശ്വാസക്കാരനായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആത്മവിശ്വാസം തലപ്പൊക്കത്തിലായി. ബാറ്റുകൊണ്ട് മനോഹരമായി മറുപടി നല്‍കിയ ക്യാപ്റ്റന്‍ നാക്കുകൊണ്ടും നെഞ്ചുകൊണ്ടും പെരുമ കാട്ടാനായി ശ്രമം. തന്റെ പോലെ പെരുമാറുന്നവര്‍ക്കു പ്രോല്‍സാഹനം കൂടിയായതോടെ വിക്കറ്റ് കീപ്പര്‍  ഋഷഭ് പന്തും ഒട്ടും കുറച്ചില്ല. സത്യത്തില്‍ എല്ലാം തുടങ്ങിവച്ചതും ഇന്ത്യക്കാരല്ലേ.. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പന്ത് വിക്കറ്റിനു പിന്നില്‍നിന്ന് എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത്! അതിനുശേഷമാണല്ലോ ഓസീസ് പണി തുടങ്ങിയത്. ടീമിന്റെ നായകനാണെന്നു പോലും നോട്ടമില്ലാതെയാണ് കോഹ്‌ലി പിച്ചിനു നടുക്കുവച്ച് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നുമായി നെഞ്ചിനിട്ടു മുട്ടിയത്.

ക്യാപ്റ്റന്‍ നല്‍കുന്ന സന്ദേശമിതാകുമ്പോള്‍ തുടക്കക്കാരനായ പന്ത് കണ്ടു പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഗാംഗുലി വളരെ ആക്രമണോത്സുകതയുള്ള ക്യാപ്റ്റനായിരുന്നു. കളിക്കളത്തില്‍ ഉരസലുകളുമുണ്ടായിട്ടുണ്ട്. അതൊക്കെയും ഓസീസിന്റെ ആവര്‍ത്തിച്ചുള്ള സ്ലെഡ്ജിങ്ങിനു നേരെയുള്ള പ്രതികരണമായിരുന്നു. ആ പെരുമാറ്റത്തിന്റെ പേരില്‍ സൗരവ് പഴി കേട്ടിട്ടില്ല. ദീര്‍ഘകാലം ഇന്ത്യയെ നയിച്ച മഹേന്ദ്രസിങ് ധോണി ഒരിക്കലെങ്കിലും എതിര്‍ടീമിലെ കളിക്കാരുമായി  ചീത്തവിളിയിലേര്‍പ്പെട്ടതായി കണ്ടിട്ടില്ല.

ഇപ്പോള്‍ കാര്യങ്ങള്‍ മറിച്ചാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളും ഓസീസ് താരങ്ങളുമെല്ലാം കോഹ്‌ലിയുടെ പെരുമാറ്റത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഒട്ടും വിശുദ്ധരല്ലെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിനുവരെ പറയേണ്ടി വന്നു.

കുംബ്ലെയുടെ വിഖ്യാത മറുപടി

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ഇന്ത്യയുടെ പഴയൊരു ഓസീസ് പര്യടനം ഓർമിക്കുന്നതു നല്ലതാണ്. 2008ലെ സിഡ്‌നി ടെസ്റ്റ് എല്ലാംകൊണ്ടും സംഭവ ബഹുലമായിരുന്നു. ഗംഭീരമായ പോരാട്ടവീര്യം കാണിച്ച ഇന്ത്യയെ ഓസ്‌ട്രേലിയ പിടിച്ചു തള്ളി തോല്‍പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സൈമണ്ട്‌സിന്റെ സെഞ്ചുറിയില്‍ 463 റണ്‍സടിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കറും വി.വി.എസ്. ലക്ഷ്മണും സെഞ്ചുറിയടിച്ചതോടെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 532 റണ്‍സിലെത്തി. ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ തുണയായത് മാത്യു ഹെയ്ഡന്റെയും മൈക് ഹസിയുടെയും സെഞ്ചുറികൾ. 401 റണ്‍സിന് ആതിഥേയർ ഡിക്ലയര്‍ ചെയ്തു. 333 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന ദിനം പൊരുതിത്തന്നെയാണ് കളിച്ചത്.

ബ്രെറ്റ് ലീയുടെയും മിച്ചല്‍ ജോണ്‍സന്റെയും തീ പാറുന്ന പന്തുകൾക്കു മുന്നിൽ മതിലുകെട്ടി പ്രതിരോധം തീര്‍ത്ത ദ്രാവിഡിനെ നീണ്ട അപ്പീലിനൊടുവില്‍ അവർ ഔട്ടാക്കി. ബാറ്റിനു സമീപത്തുകൂടി പോലും പോകാത്ത പന്തിനു പിന്നില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം അപ്പീല്‍ ചെയ്ത് അംപയറെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. കളിക്കിടെ ഒട്ടേറെ പാളിച്ചകളാണ് അംപയര്‍മാര്‍ വരുത്തിയത്. വിക്കറ്റ് വീണു കൊണ്ടിരിക്കുമ്പോഴും ഒരറ്റത്ത് സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചു പോന്ന സൗരവ് ഗാംഗുലിയെ ഔട്ടാക്കിയത് പെർത്തിൽ കോഹ്‍ലിയുടെ പുറത്താകലിനിടെ പരാമര്‍ശിക്കപ്പെട്ടിരുന്നു. അന്ന് മൈക്കല്‍ ക്ലാര്‍ക്കാണ് പുല്ലില്‍ തൊട്ട ക്യാച്ച് എടുത്തത്. ഔട്ടെന്ന് ക്ലാര്‍ക്കും പോണ്ടിങ്ങും അംപയറിനു മുന്നിൽ വാദിച്ച് ഔട്ട് വാങ്ങിയെടുത്തു.

എന്നാല്‍ എല്ലാം ടിവി റീ പ്ലേകളില്‍ വ്യക്തമായിരുന്നു. ഒടുവില്‍ കളിതീരാന്‍ ഒരു ഓവർ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യ ഓള്‍ ഔട്ടാകുകയായിരുന്നു. മല്‍സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ പ്രതികരിച്ചത് ഇങ്ങനെ:

‘ഒരു ടീം മാത്രം കളിയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടു കളിച്ചു.’

എതിരാളികള്‍ക്കു കൊടുക്കാനുള്ളതെല്ലാം അതിലുണ്ടായിരുന്നു.

related stories