Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവിയെ 1 കോടിക്കു കിട്ടിയത് ഐപിഎൽ ചരിത്രത്തിലെ തന്നെ വലിയ നേട്ടം: ആകാശ് അംബാനി

yuvraj-singh

ജയ്പുർ∙ യുവരാജ് സിങ്ങിനേപ്പോലെ ഒരു താരത്തെ വെറും ഒരു കോടി രൂപയ്ക്കു ലേലത്തിൽ ലഭിച്ചത് ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈ ഇന്ത്യൻസിനു ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമ ആകാശ് അംബാനി. ജയ്പുരിൽ നടന്ന താരലേലത്തിനുശേഷമാണ് ആകാശിന്റെ പ്രതികരണം. ആദ്യഘട്ടത്തിൽ ആരും വാങ്ങാതെ പോയ യുവരാജിനെ, രണ്ടാമതും ലേലത്തിൽ വച്ചപ്പോഴാണ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത്.

‘സത്യസന്ധമായി പറഞ്ഞാൽ, യുവരാജിനും മലിംഗയ്ക്കുമായി കൂടുതൽ പണം ഞങ്ങൾ മാറ്റിവച്ചിരുന്നു. എന്നിട്ടും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാൻ സാധിച്ചത് 12 വർഷത്തെ ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറിൽ നേടാൻ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്ന് ഓർക്കണം’ – ആകാശ് അംബാനി ചൂണ്ടിക്കാട്ടി.

അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകാനാണ് ലേലത്തിൽ മുംബൈ ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു. യുവരാജിനും മലിംഗയ്ക്കും മുംബൈ ഇന്ത്യൻസിൽ കൃത്യമായ റോളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബോളറായിരുന്ന മലിംഗയെയും അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്.

പ്രകടനം കൊണ്ട് ക്രിക്കറ്റ് കരിയറിലെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ യുവിയെയും മലിംഗയെയും മുംബൈ ഇന്ത്യൻസ് ഐപിഎൽ 2019 സീസണിൽ എങ്ങനെ ഉപയോഗിക്കുമെന്ന കൗതുകത്തിലാണ് ക്രിക്കറ്റ് ആരാധകർ. 2015ലെ ഐപിഎൽ താരലേലത്തിൽ 16 കോടി രൂപ വരെ വില ലഭിച്ച താരമാണ് യുവരാജ് സിങ്. എന്നാൽ, പിന്നീടിങ്ങോട്ട് യുവരാജിന്റെ പോക്ക് പിന്നോട്ടായിരുന്നു.

ഇക്കഴിഞ്ഞ സീസണിൽ രണ്ടു കോടി അടിസ്ഥാന വില നിശ്ചയിച്ച യുവരാജിനെ ഇത്തവണത്തേതുപോലെ രണ്ടാം വരവിലാണ് കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചത്. ഇക്കുറി അടിസ്ഥാന വില ഒരു കോടിയാക്കി കുറച്ചെങ്കിലും ആദ്യ ഘട്ടത്തിൽ ആരും ലേലത്തിൽ എടുത്തിരുന്നില്ല. എന്നാൽ, രണ്ടാമത് ലേലത്തിനു വച്ചപ്പോൾ മുംബൈ വിളിച്ചെടുക്കുകയും ചെയ്തു. 

related stories