Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്രാവിഡിനെയും മറികടന്ന് കോഹ്‍ലി; തകർന്നത് 16 വർഷം പഴക്കമുള്ള റെക്കോർഡ്

kohli-dravid വിരാട് കോഹ്‍ലി, രാഹുൽ ദ്രാവിഡ്

മെല്‍ബൺ∙ വര്‍ഷങ്ങളായി ഇന്ത്യയുടെ ക്രിക്കറ്റ് ‘വൻമതിൽ’ രാഹുൽ ദ്രാവിഡ് കയ്യിലൊതുക്കിയ റെക്കോർഡ് പിടിച്ചെടുത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. വിദേശ ടെസ്റ്റ് മൽസരങ്ങളിൽ ഒരു വർഷത്തില്‍ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് പുതുതായി വിരാട് കോഹ്‍ലി സ്വന്തമാക്കിയത്. 2002ൽ രാഹുൽ ദ്രാവിഡ് വിദേശ ടെസ്റ്റുകളിൽനിന്ന് 1137 റൺസ് നേടിയിരുന്നു. ഇതിനെ ബോക്സിങ് ഡേ ടെസ്റ്റിലെ കൂടി പ്രകടനത്തോടെ കോഹ്‍ലി മറികടന്നു

ബോക്സിങ് ഡേ ടെസ്റ്റിൽ 82 റൺസെടുത്ത് നിൽക്കെ മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകിയാണ് ക്യാപ്റ്റൻ പുറത്തായത്. സെഞ്ചുറി നഷ്ടമായെങ്കിലും 16 വർഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയെഴുതാൻ കോഹ്‍ലിക്കു സാധിച്ചു. മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനം ഏഴിന് 443 റൺസെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

1983ൽ 1065 റൺസ് നേടിയ മൊഹീന്ദർ അമർനാഥ്, 1971 ൽ 918 റൺസ് നേടിയ സുനിൽ ഗവാസ്കർ എന്നിവരാണ് നേട്ടക്കാരിൽ കോഹ്‍ലിക്കും ദ്രാവിഡിനും പിന്നിലുള്ളത്. പെർത്ത് ടെസ്റ്റിൽ ഓസീസിനെതിരെ കോഹ്‍ലി സെഞ്ചുറി നേടിയിരുന്നു. 2018ൽ താരം നേടുന്ന ആറാമത്തെ ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരമെന്ന സച്ചിന്റെ നേട്ടത്തിനൊപ്പവും കോഹ്‍ലി എത്തി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 259 റൺസ് കോഹ്‍ലി ഇതുവരെ നേടിയിട്ടുണ്ട്.

കോഹ്‍ലിയും സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയും ചേർന്ന് 170 റൺസിന്റെ കൂട്ടുകെട്ടാണ് മെൽബൺ ടെസ്റ്റിൽ ഉണ്ടാക്കിയത്. ടെസ്റ്റിലെ 17–ാം സെഞ്ചുറിയാണ് മെൽബണിൽ പൂജാര പൂർത്തിയാക്കിയത്.

related stories