Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14 പന്ത്, 12 മിനിറ്റ്; 5–ാം ദിനം ലങ്കയെ ചുരുട്ടിക്കെട്ടി കിവീസിന് ചരിത്ര വിജയം, പരമ്പര

new-zealand-team-trophy ന്യൂസീലൻഡ് ടീം കിരീടവുമായി.

ക്രൈസ്റ്റ്ചർച്ച് ∙ ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനു വിജയം. 660 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 236 റൺസിന് പുറത്തായി. ആറു വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 14 പന്തിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ന്യൂസീലൻഡിനു സ്വന്തമായത് 423 റൺസിന്റെ കൂറ്റൻ വിജയം. രണ്ടു മൽസരങ്ങളടങ്ങിയ പരമ്പരയും കിവീസ് 1–0ന് സ്വന്തമാക്കി. തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ അസാമാന്യ പോരാട്ടവീര്യം പ്രകടമാക്കിയ ശ്രീലങ്ക ആദ്യ ടെസ്റ്റ് സമനിലയിൽ എത്തിച്ചിരുന്നു.

സ്കോർ: ന്യൂസീലൻഡ് – 178 & 585/4 ഡിക്ലയേർഡ്, ശ്രീലങ്ക – 104 & 236

റൺ അടിസ്ഥാനത്തിൽ ന്യൂസീലൻഡിന്റെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയും. തുടർച്ചയായ നാലാം പരമ്പര വിജയത്തോടെ ന്യൂസീലൻഡ് പുതിയ റെക്കോർഡുമിട്ടു. ഒൻപതു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനുശേഷമാണ് ന്യൂസീലൻഡ് തുടർച്ചയായി നാലു ടെസ്റ്റ് പരമ്പരകൾ ജയിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ ടീമുകൾക്കെതിരെയും അവർ പരമ്പര ജയം സ്വന്തമാക്കിയിരുന്നു.

12 മിനിറ്റ്, 14 പന്ത്. അഞ്ചാം ദിനം മൽസരം നീണ്ടത് ഇത്ര മാത്രം. അതിനിടെ സുരംഗ ലക്മൽ (25 പന്തിൽ 18), ദുഷ്മന്ത ചമീര (എട്ടു പന്തിൽ മൂന്ന്) എന്നിവരെ ബൗൾട്ടും ദിൽറുവാൻ പെരേരയെ (62 പന്തിൽ 22) നീൽ വാഗ്നറും പുറത്താക്കി. കിവീസ് പാടെ തകർന്ന ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറിയോടെ ടോപ് സ്കോററാവുകയും രണ്ട് ഇന്നിങ്സിലുമായി അഞ്ചു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ടിം സൗത്തിയാണ് കളിയിലെ കേമൻ.

അതിനിടെ, ആദ്യ ടെസ്റ്റിൽ ടീമിനു സമനില സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഏഞ്ചലോ മാത്യൂസിന് പരുക്കേറ്റത് ലങ്കയ്ക്കു തിരിച്ചടിയായി. നാലാം ദിനം പരുക്കേറ്റ് തിരിച്ചുകയറിയ ഏഞ്ചലോ മാത്യൂസ് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയില്ല. രണ്ടാം ഇന്നിങ്സിൽ 22 റൺസ് എടുത്തു നിൽക്കുമ്പോഴാണ് പേശീവേദനയെത്തുടർന്ന് മാത്യൂസ് പിൻമാറിയത്. ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും മാത്യൂസിനു നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

related stories