sections
MORE

ഇന്ത്യൻ സ്പിന്നർമാർ ഖവാജയെ ഉറക്കത്തിലും പുറത്താക്കും: പരിഹാസവുമായി ഗാംഗുലി

ganguly-khawaja
SHARE

സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ താരമാകുമെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് പ്രവചിച്ച ഉസ്മാൻ ഖവാജയുടെ പ്രകടനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. നാലു ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങൾ പൂർത്തിയാകുമ്പോഴും പ്രതീക്ഷയ്ക്കൊത്തുയരാനാകാതെ  ഖവാജ ഉഴറുമ്പോഴാണ് പരിഹാസവുമായി ഗാംഗുലിയുടെ രംഗപ്രവേശം. വേണമെങ്കിൽ സ്വപ്നത്തിൽപ്പോലും ഖവാജയെ പുറത്താക്കാൻ ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും സാധിക്കുമെന്ന് ഗാംഗുലി പറഞ്ഞു.

പരമ്പരയിൽ ഇതുവരെ കളിച്ച ആറ് ഇന്നിങ്സുകളിൽ മൂന്നിലും സ്പിന്നർമാരാണ് ഖവാജയെ പുറത്താക്കിയത്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അശ്വിനും മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജയുമാണ് ഖവാജയെ പുറത്താക്കിയത്.

‘സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലെങ്കിലും ഓസ്ട്രേലിയൻ താരങ്ങൾ മൽസരം നടക്കുന്ന സാഹചര്യങ്ങളിൽത്തന്നെ വളർന്നു വന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ബാറ്റിങ് ലൈനപ്പ് ദുർബലമാണെന്നു പറയാനാകില്ല. എങ്കിലും, ഒരു യൂണിറ്റ് എന്ന നിലയിൽ അടുത്തിടെയായി അവർ നേരിടുന്ന തകർച്ച എന്തൊരു വിരോധാഭാസമാണ്. ഇന്ത്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും ഉറക്കത്തിൽപ്പോലും പുറത്താക്കുമെന്ന സ്ഥിതിയാണ് ഉസ്മാൻ ഖവാജയുടേത്’ – ഗാംഗുലി പറഞ്ഞു.

ഇതുവരെ കളിച്ച മൂന്നു ടെസ്റ്റുകളിൽനിന്ന് വെറും 167 റൺസാണ് ഖവാജയുടെ ഇതുവരെയുള്ള സമ്പാദ്യം. പരമ്പരയിൽ ഇതുവരെ നേടിയ ഏക അർധസെഞ്ചുറി ഇന്ത്യ സ്പിന്നർമാരെ പുറത്തിരുത്തിയ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിലുമായിരുന്നു. മൂന്നു മൽസരങ്ങൾ പൂർത്തിയാകുമ്പോൾ ആദ്യത്തെയും മൂന്നാമത്തെയും ടെസ്റ്റ് ജയിച്ച ഇന്ത്യ ഓസീസിനെതിരെ 2–1നു മുന്നിലാണ്. നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതൽ സിഡ്നിയിൽ ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA