sections
MORE

ഓൾ ദ് ബെസ്റ്റ്, ഇന്ത്യ!

kohli-and-co
SHARE

സിഡ്നിയിൽ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന ക്രിക്കറ്റ് ടെസ്റ്റ് ഫലം എന്താവും? കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയും മുൻകാല ക്യാപ്റ്റൻമാരും പ്രവചിക്കുന്നു.

ഫിറോസ് വി.റഷീദ് ∙ ഇന്ത്യക്കാണു സാധ്യത. ആദ്യ ഇന്നിങ്സിൽ 400 റൺസെങ്കിലും സ്കോർ ചെയ്താൽ ജയിക്കാം. സിഡ്നി സ്പിന്നർമാരെയും സഹായിക്കുമെങ്കിലും രണ്ടു സ്പിന്നർമാർ കളിക്കാൻ സാധ്യതയില്ല. ജഡേജയ്ക്കാണു കൂടുതൽ സാധ്യത. ബോളർമാരിലൊരാളാവും മാൻ ഓഫ് ദ് മാച്ച്.

സുനിൽ ഒയാസിസ് ∙ ജയം മാത്രം ലക്ഷ്യമിട്ടാവും ഓസ്ട്രേലിയ കളിക്കുകയെങ്കിലും ഈ ഫോമിൽ സാധ്യത ഇന്ത്യക്കാണ്. ബോളിങ് വിഭാഗം 20 വിക്കറ്റും കൊയ്യാൻ മിടുക്കുള്ളവരാണ്. പ്രത്യേകിച്ചും ബുമ്ര. ഓസ്ട്രേലിയൻ നിരയിൽ കാര്യമായ അനുഭവ സമ്പത്തില്ലാത്തവരാണ് ഏറെ. കോഹ്‌ലിയിൽ നിന്ന് വീണ്ടുമൊരു സെഞ്ചുറി പ്രതീക്ഷിക്കുന്നുണ്ട്.

സോണി ചെറുവത്തൂർ ∙ ഇന്ത്യ ജയിക്കും. ആരെ കളിപ്പിക്കണം എന്ന കാര്യത്തിൽ പോലും ഓസ്ട്രേലിയ ആശയക്കുഴപ്പത്തിലാണ്. ഓസീസ് നിരയിൽ ഉസ്മാൻ ഖവാജയും മിച്ചൽ സ്റ്റാർക്കുമാണ് എന്തെങ്കിലും കാര്യമായി ചെയ്യാൻ മിടുക്കുള്ളവർ. സ്പിൻ പിച്ചെന്നു പറയുമ്പോഴും 2 സ്പിന്നറെ കളിപ്പിക്കാൻ സാധ്യതയില്ല.പൂജാര അല്ലെങ്കിൽ ബുമ്ര ആവും കേമൻ.

സഞ്ജു സാംസൺ ∙ സിഡ്നിയിലും വിജയിച്ച് നമ്മൾ ചരിത്രമെഴുതും. ബോളർമാരും ബാറ്റ്സ്മാൻമാരും സാഹചര്യവുമായി നല്ലവണ്ണം പൊരുത്തപ്പെട്ടിട്ടുണ്ട്. മാനസിക മുൻതൂക്കവും നമ്മൾക്കാണ്. മെൽബണിൽ തിളങ്ങാനാവാതെ പോയ വിരാട് കോഹ്‌ലി അതിനു പകരം വീട്ടി സെഞ്ചുറിയുമായി കളിയിലെ കേമനാവും.

രോഹൻ പ്രേം ∙ ഇന്ത്യ ജയിക്കുമെന്നാണു പ്രതീക്ഷ. ഓപ്പണിങ് ഒഴിച്ചാൽ ബാക്കിയെല്ലാ ഘടകങ്ങളിലും നമ്മൾ കരുത്തരാണ്. മെൽബണിൽ പാളിയതിനു സിഡ്നിയിൽ കോഹ്‌ലി കണക്കു തീർക്കും. മാൻ ഓഫ് ദ് മാച്ച് പട്ടവും സ്വന്തമാക്കും.

സച്ചിൻ ബേബി ∙ഇന്ത്യ ജയിക്കും. ഓസ്ട്രേലിയ വലിയ സമ്മർദത്തിലാണ്. നമ്മൾ നല്ല ആത്മവിശ്വാസത്തിലും. ബോളർമാരുടെ കാര്യത്തിൽ അവരെക്കാൾ കരുത്തരാണ് നമ്മൾ. കോഹ്‌ലിയും പൂജാരയും ജഡേജയും തിളങ്ങുമെന്നാണ് എന്റെ വിശ്വാസം. മാൻ ഓഫ് ദ് മാച്ച് സാധ്യത കോഹ്‍‌ലിക്കു തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA