sections
MORE

സിഡ്‍നിയിലെ ഇന്ത്യൻ ബാറ്റിങ്ങിന് ‘പാക്ക് ബന്ധം’: ഇന്ത്യയെ എറിഞ്ഞു പരീക്ഷിച്ച അതിവേഗക്കാർ

virat-kohli
SHARE

സിഡ്‌നി∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 600നു മുകളില്‍ സ്‌കോര്‍ ചെയ്തതില്‍ ചെറിയൊരു പങ്ക് പാക്കിസ്ഥാനും അവകാശപ്പെടാം. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ തീയുണ്ടകളെ നേരിടാന്‍ നെറ്റ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും സംഘത്തിനും പന്തെറിഞ്ഞു കൊടുത്തതില്‍ മൂന്നു പേര്‍ അതിവേഗക്കാരായ പാക്കിസ്ഥാനികളാണ്. സല്‍മാന്‍ ഇര്‍ഷാദ്, ഹാരിസ് റൗഫ്, അബ്ബാസ് ബലോച് എന്നിവരെയാണ് സ്റ്റാര്‍ക്കിനും സംഘത്തിനും മറുപടി നല്‍കാന്‍ ഇന്ത്യ നെറ്റ്‌സില്‍ ഇറക്കിയത്.

ഓസ്‌ട്രേലിയയില്‍ കോച്ചിങ് അക്കാദമി നടത്തുന്ന സഞ്ജീവ് ദുബെ വഴിയാണ് ഇവരെ ഇന്ത്യന്‍ ടീമിനു പരിശീലനത്തിനായി ലഭിച്ചത്. ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറിന്റെ സുഹൃത്താണ് സഞ്ജീവ് ദുബെ. സിഡ്‌നിയില്‍ ക്രിക്കറ്റ് അക്കാദമി നടത്തുകയാണ് ദുബെ. കളിയുടെ കടുപ്പത്തിനൊപ്പം നില്‍ക്കുന്ന പരിശീലനമാണ് ഏറ്റവും നല്ല ഒരുക്കം. സല്‍മാന്‍ ഇര്‍ഷാദും ഹാരിസ് റൗഫും തുടര്‍ച്ചയായി 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നവരാണ്. ഇരുവരും പാക്കിസ്ഥാനില്‍ കളിക്കുന്നവരാണ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലഹോര്‍ ടീമിനായി കളിക്കാന്‍ തയാറെടുക്കുന്നവര്‍.

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്നു. കൃത്യമായ ലൈനിലും ലെങ്തിലും എറിഞ്ഞ് രണ്ടാളും ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. മൂന്നാമന്‍ അബ്ബാസ് ബലോച് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പ്രഫഷനല്‍ ക്രിക്കറ്റ് കളിക്കുന്നു. സ്റ്റാര്‍ക്കിനെതിരായ ആയുധമായാണ് അബ്ബാസിനെ എടുത്തത്. സ്റ്റാര്‍ക്കിന്റെ ബോളിങ് ശൈലിയുമായി സാമ്യമുണ്ട് അബ്ബാസിന്റെ ഏറിന്. 

അബ്ബാസ് തുണച്ചതോയെന്നറിയില്ല, സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഒറ്റ വിക്കറ്റേ സ്റ്റാര്‍ക്കിന് കിട്ടിയുള്ളൂ. കോഹ്‍ലിക്കെതിരെ പന്തെറിയാനുള്ള അവസരം പാക്കിസ്ഥാന്‍ ദേശീയ ടീം താരങ്ങള്‍ക്കു പോലും വിരളമാണ്. അപ്പോള്‍ നെറ്റ്‌സില്‍ ദീര്‍ഘനേരം എറിയാന്‍ ലഭിച്ച അവസരം മൂന്ന് പാക്കിസ്ഥാൻ താരങ്ങളും നന്നായി ആസ്വദിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ചിത്രങ്ങളെടുക്കാനും അവര്‍ മറന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA