sections
MORE

71 വർഷത്തെ കാത്തിരിപ്പ് സഫലം; കംഗാരുലേഷൻസ് ഇന്ത്യ!

Indian-cricket-team-celebrate
SHARE

സിഡ്നി∙ ചെറിയൊരു മോഹഭംഗമേ ഇന്ത്യൻ ആരാധകർക്കുള്ളൂ; സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയുടെ പത്താം വിക്കറ്റും പിഴുത് വിരാട് കോഹ്‌ലി മുഷ്ടി ചുരുട്ടി ഉയർന്നു ചാടുന്ന ഒരു ദൃശ്യം അവർക്കു മിസ് ആയി! ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെക്കാളും ടീമിനോടു വിശ്വസ്തത കാണിച്ച ‘ഓസ്ട്രേലിയൻ മഴ’ ഇന്ത്യയ്ക്കും സിഡ്നി വിജയത്തിനും മുന്നിൽ ചെറുത്തു നിന്നു.

മഴ മാറിയതിനു ശേഷം പരമ്പര വിജയാഘോഷത്തിനായി മണ്ണിലിറങ്ങിയ ഇന്ത്യൻ താരങ്ങൾ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ നൃത്തച്ചുവടുകൾ വച്ചു. പരമ്പരയിലാദ്യമായി ചേതേശ്വർ പൂജാരയ്ക്ക് ‘ഫുട്‌വർക്ക്’ പിഴച്ചു! ഓസീസ് ഇതിഹാസം അലൻ ബോർഡറിൽ നിന്ന് ബോർഡർ–ഗാവസ്കർ ട്രോഫി ഏറ്റു വാങ്ങിയ വിരാട് കോഹ്‌ലി 27കാരൻ മായങ്ക് അഗർവാളിന് അത് കൈമാറിയപ്പോൾ 71 വർഷം നീണ്ട ചരിത്രം ഇന്ത്യയ്ക്കു മുന്നിൽ വഴി മാറി– ഓസീസ് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയം.

അഞ്ചാം ദിനം, ആഘോഷദിനം

അഞ്ചാം ദിനം മഴ പെയ്യാൻ സാധ്യത എന്നത് നേരത്തെയുള്ള പ്രവചനം. അതു കൊണ്ട് ഇന്ത്യ ഓസ്ട്രേലിയയെ ‘കിൽ’ ചെയ്യുന്നത് കാണാനായേക്കില്ല എന്നറിഞ്ഞിട്ടും സിഡ്നി ഗ്രൗണ്ടിലേക്ക് ആരാധകരെത്തി. അംപയർമാർ ഇടവേളകളിൽ പിച്ച് വിലയിരുത്തിയപ്പോഴെല്ലാം ഇന്ത്യൻ താരങ്ങൾ ഡ്രസ്സിങ് റൂമിൽ ഫോട്ടോയെടുപ്പും കളിചിരികളുമായി തിരക്കിലായിരുന്നു. ഓസ്ട്രേലിയൻ ഡ്രസ്സിങ് റൂം മൂടിക്കെട്ടിയ ആകാശം പോലെ മ്ലാനം.

സമ്മാനദാനച്ചടങ്ങിനു ശേഷം ആരാധകർക്കൊപ്പം ആഘോഷങ്ങളിൽ പങ്കു ചേരാനാണ് കോഹ്‌ലിയും കൂട്ടരും ശ്രദ്ധിച്ചത്. ബൗണ്ടറിക്കു പുറത്ത് ബാനറുയർത്തിയ ‘ഭാരത് ആർമി’ ആരാധകക്കൂട്ടത്തിനടുത്തെത്തിയ ഇന്ത്യൻ താരങ്ങൾ അവർക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും സന്തോഷം പങ്കുവച്ചു. ഇടയ്ക്ക് ഭാര്യ അനുഷ്ക ശർമ മൈതാനത്ത് കോഹ്‌ലിയുടെ അടുത്തെത്തി. കോഹ്‍ലിയുടെ ടെസ്റ്റ് വെള്ളക്കുപ്പായം പോലെ തൂവെള്ള വേഷം. സ്റ്റേഡിയത്തിൽ നിന്നു മടങ്ങും നേരം കാത്തു നിന്ന ആരാധകർക്കൊപ്പം നൃത്തം ചെയ്തതിനു ശേഷമാണ് കോഹ്‌ലിയും കൂട്ടരും മടങ്ങിയത്.

ഇവർ സൂപ്പർ

ചേതേശ്വർ പൂജാര: 521 റൺസോടെ പരമ്പരയുടെ താരം. വിദേശ പിച്ചുകളിൽ നിറം മങ്ങുന്ന പൂജാരയെയല്ല ഓസീസ് പര്യടനത്തിൽ കണ്ടത്. ബാറ്റിങ് ശൈലിയിൽ വരുത്തിയ മാറ്റങ്ങളുടെ ഉണർവിൽ എത്തിയ പൂജാര പരമ്പരയിൽ നേടിയ സെഞ്ചുറികളുടെ എണ്ണം 3. പരമ്പരയിൽ ഒന്നിലധികം സെഞ്ചുറി പേരിലാക്കിയ ഒരേയൊരു താരവും പൂജാരതന്നെ. പിച്ചിന്റെ സ്വഭാവത്തിന് അനുയോജ്യമായ നിരക്കിൽ സ്കോറിങ്ങിൽ മാറ്റം വരുത്തുന്നതും പൂജാരയെ തുണച്ചു.

ഋഷഭ് പന്ത്: പരമ്പരയിലുടനീളം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത പന്ത് സിഡ്നി ടെസ്റ്റിലെ സെഞ്ചുറിയോടെ (159*) പരമ്പര ആഘോഷമാക്കി. പരമ്പരയിലെ എല്ലാ ഇന്നിങ്സിലും 25 റൺസിനു മുകളിൽ സ്കോർ ചെയ്ത ഒരേയൊരു താരമായ പന്താണു പരമ്പരയിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് (350 റൺസ്). സ്റ്റംപിനു പിന്നിലെ വാചകമടിയിലൂടെ ഓസീസ് താരങ്ങളെ മാനസികമായി തളർത്തിയും പരമ്പരയിൽ  പേരെടുത്തു. പരമ്പരയിലെ സ്ട്രൈക്ക് റേറ്റ് 73.99

ജസ്പ്രീത് ബുമ്ര: പരമ്പരയ്ക്കിടെ ബുമ്രയുടെ പന്തുകൾ പലവട്ടം മൂളിപ്പറന്നത് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ. ബുമ്രയെ നേരിടുക ദുഷ്കരമെന്ന് ഓസീസ് താരങ്ങൾ പോലും സാക്ഷ്യപ്പെടുത്തി. ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നേട്ടത്തോടെ ഓസീസിന്റെ അന്തകനായി. പരമ്പരയിലെ വിക്കറ്റുവേട്ടക്കാരിൽ ഓസീസിന്റെ നേഥൻ ലയണിനൊപ്പം ഒന്നാം സ്ഥാനം. സഹീർ ഖാനു ശേഷം ഇന്ത്യയ്ക്കു ലഭിച്ച കിടയറ്റ പേസറാണു ബുമ്രയെന്നാണു വിദഗ്ധരുടെ പക്ഷം.

വിരാട് കോഹ്‌ലി: നായകൻ എന്ന നിലയിൽ തന്ത്രങ്ങൾ കൊണ്ടും നാലാം നമ്പറിൽ ബാറ്റുകൊണ്ടും തിളങ്ങി. ബാറ്റിങ് ദുർഘടമായ പെർത്തിലെ വിക്കറ്റിൽ പൊരുതിനേടിയ സെഞ്ചുറിയോടെ ജ്വലിച്ചു. പേസ് ബോളിങിനെ തുണയ്ക്കുന്ന ഓസീസ് പിച്ചുകളിൽ നിലയുറപ്പിച്ചു കളിക്കാനാണ് ഇന്ത്യൻ നായകൻ ശ്രദ്ധിച്ചത്. സ്ട്രൈക്ക് റേറ്റിൽ‌ അൽപം പിന്നോട്ടു പോയെങ്കിലും ടീമിന് അനുയോജ്യമായ രീതിയിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA