sections
MORE

തന്റേടമുള്ള ബാറ്റിങ്, കൂട്ടായ പരിശ്രമം: ടീം ഇന്ത്യയെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

indian-cricket-team
SHARE

ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകളറിയിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. വിരാട് കോഹ്‍ലിക്കും അദ്ദേഹത്തിന്റെ ടീമിനും ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

തന്റേടമുള്ള ബാറ്റിങ്, അതിശയകരമായ ബോളിങ്, കൂട്ടായ പരിശ്രമം എന്നിവയാണു നമ്മുടെ അഭിമാനമുയർത്തിയത്. ഇതൊരു ശീലമാക്കൂ– റാംനാഥ് കോവിന്ദ് പ്രതികരിച്ചു. ഓസ്ട്രേലിയയിൽ ചരിത്രപരമായ ക്രിക്കറ്റാണ് ഇന്ത്യ പൂർത്തീകരിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇനിയുള്ള മൽസരങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.

ടീം ഇന്ത്യയുടെ ഗ്രൗണ്ടിലെ പ്രകടനം സന്തോഷകരവും തൃപ്തികരവുമാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ. ഇന്ത്യൻ ടീമിലെ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമാണിതെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

ചേതേശ്വർ പൂജാരയുടെ ബാറ്റിങ്ങും ബോളർമാരുടെ പ്രകടനവും പരമ്പരയിലുടനീളം ആർക്കും തടുക്കാൻ സാധിക്കാനാകാത്തതാണെന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ മിച്ചൽ ജോൺസണ്‍ ട്വിറ്ററിൽ കുറിച്ചു. ജസ്പ്രീത് ബുമ്രയുടെ ബോളിങ് പ്രകടനം കാണുന്നതു തന്നെ ആവേശമുണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മഗ്രാത്തും അഭിനന്ദിച്ചു.

∙ വിരാട് കോഹ്‍‌‌ലി (ഇന്ത്യൻ നായകൻ): എന്റെ ഏറ്റവും വലിയ നേട്ടം. 2011 ലോകകപ്പ് നേടിയ ടീമിൽ ഞാനും അംഗമായിരുന്നു. ലോകകപ്പിൽ മുൻപു മൽസരിച്ച അനുഭവമില്ലാത്തതുകൊണ്ടു തന്നെ എനിക്ക് സീനിയർ താരങ്ങളെപ്പോലെ ആ നിമിഷത്തിന്റെ വികാരം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ ഓസ്ട്രേലിയയിൽ എന്റെ മൂന്നാം പരമ്പരയാണ്. അതുകൊണ്ടു തന്നെ ഇവിടെ ജയിക്കുന്നതിന്റെ കാഠിന്യം നേരിട്ടറിയാം. വൈകാരികമായി ഈ വിജയം  എനിക്കു കൂടുതൽ പ്രിയപ്പെട്ടതായി മാറുന്നത് ഇക്കാരണത്താലണ്. 

∙ രവി ശാസ്ത്രി(ഇന്ത്യൻ പരിശീലകൻ): ഈ വിജയം എത്രമാത്രം സംതൃപ്തി തരുന്നുണ്ടെന്നോ ! 1983 ലോകകപ്പ് നേടിയതു പോലെ, 1985 ക്രിക്കറ്റ് വേൾഡ് ചാംപ്യൻഷിപ്പ് നേടിയതു പോലെയോ അതിനെക്കാളുമോ പ്രധാനപ്പെട്ടതാണ് ഈ വിജയം. ക്രിക്കറ്റിന്റെ തനതു ഫോർമാറ്റായ ടെസ്റ്റിൽ ഓസീസ് മണ്ണിലെ പരമ്പര നേട്ടത്തിനു തിളക്കമേറും.

∙ ടിം പെയ്ൻ (ഓസീസ് നായകൻ): ലോകത്തിലെ ഏറ്റവും മികച്ച ബോളിങ് വിഭാഗമാണ് ഇന്ത്യയ്ക്കുള്ളത്. മികച്ച ലെങ്തിൽ പന്തെറിഞ്ഞ മൂന്നു പേസർമാരും ഞങ്ങളെ സമ്മർദത്തിന് അടിപ്പെടുത്തി. പരമ്പരയിൽ വിജയിക്കാമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ, എന്നാൽ പരമ്പരയിൽ പൂജാരയും കോഹ്‌ലിയും ഫോം കണ്ടെത്തുകയും ബുമ്ര മികച്ച രീതിയിൽ പന്തെറിയുകയും ചെയ്തതോടെ വിജയം ഇന്ത്യയ്ക്കൊപ്പമായി.

∙ സുനിൽ ഗാവസ്കർ(മുൻ ഇന്ത്യൻ നായകൻ): ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തുമില്ലാതെ ഓസീസിനു പര്യടനത്തിന് ഇറങ്ങേണ്ടിവന്നത് ഇന്ത്യയുടെ കുറ്റം കൊണ്ടല്ലല്ലോ! ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു വേണമെങ്കിൽ ഇരുവരുടെയും വിലക്കു കുറയ്ക്കാമായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യ അവിസ്മരണീയ നേട്ടത്തിലെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA