sections
MORE

ഐപിഎൽ ഇക്കുറി ‘രാജ്യം വിടില്ല’; മാർച്ച് 23ന് ആരംഭിക്കുമെന്നും റിപ്പോർട്ട്

chennai-celebrations
SHARE

മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഐപിഎൽ മൽസരങ്ങൾ മറ്റൊരു രാജ്യത്തേക്കു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഈ വർഷത്തെ ഐപിഎല്ലും ഇന്ത്യയിൽത്തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാർച്ച് 23ന് പുതിയ സീസൺ ആരംഭിക്കാനാണു തീരുമാനം. 

മുൻപു രണ്ടു തവണ ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോഴും ഐപിഎൽ ഇന്ത്യയ്ക്കു പുറത്താണു നടത്തിയിരുന്നു. 2009ൽ ഐപിഎൽ മൽസരങ്ങൾ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്കു പറിച്ചുനട്ടപ്പോൾ, 2014ലെ തിരഞ്ഞെടുപ്പു സമയത്ത് മൽസരങ്ങളിലേറെയും യുഎഇയിലാണ് സംഘടിപ്പിച്ചത്.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐപിഎൽ മൽസരങ്ങൾക്കും താരങ്ങൾക്കും വേണ്ടത്ര സുരക്ഷ ഒരുക്കാനാകാത്തതിനാലാണ് മുഖ്യമായും വേദിമാറ്റം പരിഗണിക്കുന്നത്. ഇക്കുറിയും ഏതു വിദേശരാജ്യത്തു മൽസരം നടത്തണമെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിനിടെയാണ് വേദി ഇന്ത്യ തന്നെ മതിയെന്ന ബിസിസിഐയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അതാതു ടീമുകൾക്ക് ബിസിസിഐ കൈമാറിയതായാണ് വിവരം.

ഇത്തവണ ഐപിഎൽ ഏകദിന ലോകകപ്പിനു തൊട്ടുമുൻപായാണ് സംഘടിപ്പിക്കുന്നത് എന്നതിനാൽ താരങ്ങളുടെ ലഭ്യതയും ടീമുകളുടെ പരിഗണനാ വിഷയമാണ്. പ്രമുഖ താരങ്ങളെ ഐപിഎല്ലിനു വിട്ടുകൊടുക്കാൻ ദേശീയ ടീമുകൾ തയാറാകുമോ എന്നതാണ് പ്രശ്നം. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ തുടങ്ങിയ പേസ് ബോളർമാരെ ലോകകപ്പ് മുൻനിർത്തി ഐപിഎല്ലിൽനിന്നു മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെ ആദ്യ വെടി പൊട്ടിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA