sections
MORE

ഇന്ത്യയ്ക്ക് സെഞ്ചുറികൾ 5; ഓസീസ് താരത്തിന്റെ ഉയർന്ന സ്കോർ 79

india-australia-cricket-series
SHARE

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതുമ്പോൾ, അതിനു പിന്നിൽ ബാറ്റ്സ്മാൻമാരുടെയും ബോളർമാരുടെയും വിയർപ്പ് ഒരുപോലെ വീണിട്ടുണ്ട്. ഓസീസ് താരങ്ങളെ വെല്ലുന്ന പ്രകടനമാണ് പരമ്പരയിൽ ഉടനീളം ഇന്ത്യൻ ബോളർമാർ പുറത്തെടുത്തതെങ്കിൽ, ബാറ്റിങ്ങിന്റെ കാര്യത്തിൽ ഓസീസ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ഇന്ത്യ. ആത്യന്തികമായി പരമ്പര നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചതും ബാറ്റിങ്ങിലെ ഈ മേധാവിത്തം തന്നെ.

ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയിലെ ചില കണക്കുകൾ നോക്കാം:

∙ നാലു ടെസ്റ്റുകളുള്ള പരമ്പരയിലാകെ ഇന്ത്യൻ താരങ്ങൾ നേടിയത് അഞ്ചു സെഞ്ചുറികളാണ്. ചേതേശ്വർ പൂജാര മൂന്നും ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവർ ഓരോന്നും. എന്നാൽ, ഓസീസ് നിരയിൽ ഒരു സെഞ്ചുറി പോലും പിറന്നില്ല. അതേസമയം, എട്ട് അർധസെഞ്ചുറികൾ പിറക്കുകയും ചെയ്തു. ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഓപ്പണർ മാർക്കസ് ഹാരിസ് സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നേടിയ 79 റൺസാണ് പരമ്പരയിൽ ഓസീസ് താരങ്ങളുടെ ഉയർന്ന വ്യക്തിഗത സ്കോർ. രണ്ടോ അതിലധികമോ മൽസരങ്ങളുള്ള ടെസ്റ്റ് പരമ്പരകളിൽ കഴിഞ്ഞ 100 വർഷത്തിനിടെ ഓസീസ് താരങ്ങളുടെ ഏറ്റവും ചെറിയ ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്.

∙ ഇന്ത്യൻ താരങ്ങൾ നാലു ടെസ്റ്റുകളിൽനിന്ന് അഞ്ചു സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും സഹിതം 32.72 റണ്‍സ് ശരാശരിയിൽ അടിച്ചുകൂട്ടിയത് 2029 റൺസാണ്. ഇതിൽ 21 സിക്സും നാല് സെഞ്ചുറി കൂട്ടുകെട്ടുകളും ഉൾപ്പെടുന്നു. ഓസ്ട്രേലിയൻ താരങ്ങളാകട്ടെ എട്ട് അർധസെഞ്ചുറികൾ സഹിതം 24.61 റൺസ് ശരാശരിയിൽ നേടിയത് 1723 റൺസാണ്. ഇതിൽ അഞ്ചു സിക്സുകൾ മാത്രമാണുള്ളത്. സെഞ്ചുറി കൂട്ടുകെട്ട് ഒരേയൊരെണ്ണവും.

∙ പരമ്പരയിലെ നാലു മൽസരങ്ങളിലുമായി ഓസീസ് ടീമിലെ ആറ് മുൻനിര ബാറ്റ്സ്മാൻമാരുടെ ശരാശരി 27.02 റൺസ് മാത്രമാണ്. സ്വന്തം നാട്ടിൽ കഴിഞ്‍ നൂറു വർഷത്തിനിടെ മൂന്നാമത്തെ മോശം പ്രകടനമാണിത്. ഇന്ത്യയുടെ ആറു മുൻനിര ബാറ്റ്സ്മാൻമാരുടെ ശരാശരി 37.51 റൺസ് ആയിരുന്നു.

∙ ഇന്ത്യൻ നിരയിൽ നാലു പേർക്ക് 40 റൺസിനു മുകളിൽ ശരാശരിയുണ്ട്. ചേതേശ്വർ പൂജാര (74.42), മായങ്ക് അഗർവാൾ (65.00), ഋഷഭ് പന്ത് (58.33), വിരാട് കോഹ്‍ലി (40.28) എന്നിവർ. ഓസീസ് നിരയിൽ ആർക്കും 40നു മുകളിൽ ശരാശരിയില്ല. താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മാർക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, മാർനൂസ് ലബൂഷനെ എന്നിവരുടെ ശരാശരി മുപ്പതുകളിൽ മാത്രം.

∙ പരമ്പരയിലാകെ ഓസ്ട്രേലിയയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ നേടിയത്. 167 റൺസ് മാത്രം. ഒരേയൊരു അർധസെഞ്ചുറി സഹിതം 27.83 റൺസ് ശരാശരിയിലാണ് ഇത്. അതേസമയം, ഇന്ത്യന്‍ നിരയിലെ മൂന്നാമനായ ചേതേശ്വർ പൂജാര 74.42 റൺസ് ശരാശരിയിൽ അടിച്ചുകൂട്ടിയത് 521 റൺസാണ്. നേരിട്ടത് 1258  പന്തുകളും. എന്നാൽ, ഖവാജ ആകെ നേരിട്ടത് 509 പന്തുകളാണ്. ഓസീസ് നിരയിലെ ടോപ് സ്കോറർമാരിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവർ നേരിട്ടതിലും പന്തുകൾ പൂജാര നേരിട്ടു!

∙ ഓസ്ട്രേലിയൻ പേസ് ത്രയമായ പാറ്റ് കമ്മിൻസ്–മിച്ചൽ സ്റ്റാർക്ക്–ജോഷ് ഹെയ്സൽവുഡ് സഖ്യത്തിന്റെ ബോളിങ് ശരാശരി 30.90 ആണ്. എന്നാൽ, ഇന്ത്യൻ പേസ് ത്രയമായ ജസ്പ്രീത് ബുമ്ര–ഇഷാന്ത് ശർമ–മുഹമ്മദ് ഷമി കൂട്ടുകെട്ടിന്റേത് 21.62 ആണ്. സ്റ്റാർക്കിന്റെ വ്യക്തിഗത ശരാശരിയായ 34.53 നാട്ടിൽ നടക്കുന്ന പരമ്പരകളിൽ സ്റ്റാർക്കിന്റെ മൂന്നാമത്തെ ഏറ്റവും മോശം ശരാശരിയാണ്. ഹെയ്സൽവുഡിന്റെ 30.61 സ്വന്തം നാട്ടിലെ രണ്ടാമത്തെ മോശം പ്രകടനവും.

∙ ഓസ്ട്രേലിയൻ മണ്ണിൽ 20 വിക്കറ്റിലധികം നേടിയിട്ടുള്ള സന്ദര്‍ശക ടീം പേസ് ബോളറുടെ മികച്ച അഞ്ചാമത്തെ ശരാശരിയാണ് ജസ്പ്രീത് ബുമ്രയുടെ 17.00 എന്നത്. പരമ്പരയിലാകെ 21 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, ഓസ്ട്രേലിയ–ദക്ഷിണാഫ്രിക്ക–ന്യൂസീലൻഡ്–ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ പരമ്പരകളിൽ കൂടുതൽ വിക്കറ്റു വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബോളറായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA