sections
MORE

അവസാന റൗണ്ടിൽ ‘അട്ടിമറി’?; ലോകകപ്പ് ടീമിൽ ധോണിക്കു വെല്ലുവിളിയായി പന്ത്

pant-dhoni
SHARE

ദുബായ്∙ ഏകദിന ലോകകപ്പ് ടീമിന്റെ വാതിൽ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു മുന്നിൽ അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് രംഗത്ത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ മൽസരിക്കുന്നവരിൽ ഋഷഭ് പന്തും ഉൾപ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് പന്തിനു തുണയായത്. ഇതോടെ, ടീമിലേക്കു മടങ്ങിയെത്താൻ വെറ്ററൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണിയും ഋഷഭ് പന്തും തമ്മിൽ മൽസരത്തിനും അരങ്ങൊരുങ്ങി.

ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനെതിരുമായ ഏകദിന പരമ്പരകൾക്കുള്ള ടീമിൽനിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കിയതോടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ താരത്തിനുള്ള സാധ്യതകൾ അവസാനിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ലോകകപ്പിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ധോണിക്കു തന്നെയായിരിക്കും പ്രഥമ പരിഗണനയെന്ന് ടീം മാനേജ്മെന്റും എം.എസ്.കെ. പ്രസാദ് നേരിട്ടും പലതവണ വ്യക്തമാക്കിയിരുന്നു. ഇതോടെ, പന്തിന്റെ സാധ്യതകൾ‌ അവസാനിച്ചതായി ആരാധകർ കണക്കുകൂട്ടി.

എന്നാൽ ഓസീസിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ സിഡ്നിയിൽ തകർപ്പൻ സെഞ്ചുറിയുമായി വരവറിയിച്ച പന്ത്, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ 17–ാം സ്ഥാനത്തെത്തിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ഖ്യാതിയോടെയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് പന്തിനും ടീമിൽ ഇടം പിടിക്കാൻ സാധ്യതയുണ്ടെന്ന ചീഫ് സിലക്ടറുടെ വെളിപ്പെടുത്തൽ.

‘ലോകകപ്പിനുള്ള ടീമിലെ വിക്കറ്റ് കീപ്പർമാരുടെ സ്ഥാനത്തേക്കു മൽസരിക്കുന്നവരിൽ ഉറപ്പായും പന്തിനും ഇടമുണ്ട്. നിലവിൽ നമ്മുടെ പരിഗണനയിലുള്ള മൂന്നുപേരും (എം.എസ്. ധോണി, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്) മികച്ച പ്രകടനമാണ് നടത്തുന്നത്. പന്തും നമ്മുടെ ലോകകപ്പ് പ്ലാനുകളുടെ ഭാഗമാണ്. അടുത്ത രണ്ട് ഏകദിന പരമ്പരകളിൽനിന്ന് പന്തിന് വിശ്രമം അനുവദിച്ചത് ജോലിഭാരം കൂടി കണക്കിലെടുത്താണ്’ – പ്രസാദ് പറഞ്ഞു.

‘ഈ ദിവസങ്ങളിൽ വിശ്രമം അനുവദിക്കുന്ന ആദ്യത്തെ താരമല്ല പന്ത്. വെറും 21 വയസ്സു മാത്രം പ്രായമുള്ള പന്ത് അടുത്തിടെ മൂന്നു ട്വന്റി20 മൽസരങ്ങളും നാലു ടെസ്റ്റ് മൽസരങ്ങളും കളിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്രമം കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്. ഭേദമാകേണ്ട ചില പരുക്കുകളും പന്തിനുണ്ട്. അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ എനിക്കുണ്ട്’ – പ്രസാദ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA