sections
MORE

ധോണിക്കുവേണ്ടി പന്തിനെ എങ്ങനെ ഒഴിവാക്കും?: സിലക്ടർമാരോട് എൻജിനീയർ

pant-dhoni
SHARE

മുംബൈ∙ ഏകദിന ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണിയോ ഋഷഭ് പന്തോ? ലോകകപ്പ് മാമാങ്കത്തിനു മാസങ്ങൾ മാത്രം ശേഷിക്കെ സിലക്ടർമാർക്കു തലവേദന സമ്മാനിക്കുന്ന ഈ ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഫാറൂഖ് എൻജിനീയർ. ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനുമെതിരായ ഏകദിന ടീമുകളിൽനിന്ന് പന്തിനെ ഒഴിവാക്കുകയും ധോണിയെ ഉൾപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യൻ ആരാധകരിലേറെപ്പേരും ഉത്തരം കാത്തിരിക്കുന്ന ഈ ചോദ്യം എൻജിനീയർ സിലക്ടർമാർക്കു മുന്നിൽ ഉയർത്തിയത്.

അടുത്ത കാലം വരെ ഏകദിന ലോകകപ്പിൽ വിക്കറ്റ് കീപ്പറുടെ റോളിൽ ധോണിയുടെ പേരു മാത്രമായിരുന്നു ഉയർന്നു കേട്ടിരുന്നതെങ്കിൽ, ഇപ്പോള്‍ ചിത്രം മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ഋഷഭ് പന്ത് പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മൽസരം ഊർജിതമാക്കിയത്. ധോണിക്കു പകരം പന്തിനെ വിക്കറ്റ് കീപ്പറുടെ ജോലി ഏൽപ്പിക്കണമെന്ന അഭിപ്രായം ആരാധകർക്കിടയിലും വ്യാപിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ 60–ാം ജന്മദിനം ആഘോഷിക്കാനായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ ഫാറൂഖ് എൻജിനീയർ ഈ വിഷയം ചർച്ചയ്ക്കെടുത്തിട്ടു. അദ്ദേഹത്തിന്റെ പരാമർശം ഇങ്ങനെ:

‘സിലക്ടർമാരോടുള്ള ചോദ്യം ഇതാണ്: ഏകദിന ലോകകപ്പിനുള്ള ടീമിലേക്കു നിങ്ങൾ ധോണിയെ തിരഞ്ഞെടുക്കുമോ? പന്തിനെ എങ്ങനെയാണ് നിങ്ങൾക്ക് അവഗണിക്കാനാകുക? അദ്ദേഹത്തിന്റേത് മികച്ച പ്രകടനം തന്നെയാണ്.’

1960കളിലും 70കളിലും ഇന്ത്യയ്ക്കായി 46 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ച എൺപതുകാരനായ ഫാറൂഖ് എൻജിനീയർ പന്തിനെക്കുറിച്ചും വാചാലനായി.

‘ഋഷഭിനെക്കാണുമ്പോൾ എനിക്കെന്റെ ചെറുപ്പകാലമാണ് ഓർമ വരുന്നത്. ധോണിയുടേതിനു സമാനമായ രീതിയാണ് പന്തിന്റേതും. എല്ലാ അർഥത്തിലും ആ യുവാവിനെ പ്രോത്സാഹിപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ആകാശത്തോളം ഉയരെ പുകഴ്ത്തി ഭാവി നശിപ്പിക്കുകയും ചെയ്യരുത്’ – എൻജിനീയർ പറഞ്ഞു.

‘വിക്കറ്റ് കീപ്പർ എന്ന നിലയിൽ പന്ത് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്നതു ശരിയാണ്. എങ്കിലും അദ്ദേഹത്തിനു സമയം കൊടുക്കണം. തീരെ ചെറിയ പ്രായമാണ് ഋഷഭ്. അദ്ദേഹം മെച്ചപ്പെടുമെന്ന് ഉറപ്പാണ്. തെറ്റുകളിൽനിന്ന് പാഠം പഠിച്ച് വളരാൻ പന്തിനാകും’ – എൻജിനീയർ ചൂണ്ടിക്കാട്ടി.

ഋഷഭ് പന്തിന് വിക്കറ്റ് കീപ്പിങ്ങുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ താൽപര്യമുണ്ടെന്നും എൻജിനീയർ പറഞ്ഞു.

‘ഇംഗ്ലണ്ടിൽവച്ച് ധോണി ഉപദേശം തേടി എന്റെയടുത്തു വന്നത് ഓർമ വരുന്നു. പന്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു മോഹമുണ്ട്. ഇപ്പോഴത്തേതിലും എത്രയോ ഇരട്ടി മികച്ച വിക്കറ്റ് കീപ്പറായി മാറാൻ അദ്ദേഹത്തെ ഞാൻ സഹായിക്കാം’ – എൻജിനീയർ വ്യക്തമാക്കി.

അതേസമയം, ബാറ്റ്സ്മാനെന്ന നിലയിൽക്കൂടി പരിഗണിക്കുമ്പോൾ പന്ത് മികച്ച കളിക്കാരനാണെന്നും എൻജിനീയർ പറഞ്ഞു. ‘ബാറ്റിങ്ങിനോടുള്ള പന്തിന്റെ സമീപനം എനിക്ക് ഏറെയിഷ്ടമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ അധികം വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാൻമാരില്ല. ബാറ്റ്സ്മാൻമാരായ വിക്കറ്റ് കീപ്പർമാരേയുള്ളൂ. ട്വന്റി20 ക്രിക്കറ്റിൽ അത്യാവശ്യം അത്തരം താരങ്ങളാണ്. എങ്കിലും ടെസ്റ്റിൽ മികച്ച വിക്കറ്റ് കീപ്പർ അനിവാര്യമാണ്. കാരണം, ക്യാച്ചുകൾ അവിടെ വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്’ – എൻജിനീയർ ഓർമപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA