sections
MORE

വ്യക്തിഗത നേട്ടങ്ങളല്ല, ടീമാണ് പ്രധാനമെന്ന് കണക്കുകൾ; ഹാപ്പി ബർത്ത് ഡേ, ദ്രാവിഡ്!

Rahul-Dravid-2
SHARE

ആരാണു സന്തോഷം ആഗ്രഹിക്കാത്തത്..! ഈ പരസ്യം സിനിമാ തിയറ്ററുകളിൽ കണ്ടുപഴകി ഉള്ള സന്തോഷം പോയപ്പോഴാണ് രാഹുൽ ദ്രാവിഡ് സൗമ്യനായി സ്ക്രീനിലേക്കു വന്നത്. ക്രിക്കറ്റ് പിച്ചിലും ദ്രാവിഡ് സൗമ്യനായിരുന്നു, വിശ്വസ്തനായിരുന്നു. മാന്യൻമാരുടെ കളിയിലെ മാന്യൻ, ഇന്ത്യയുടെ വൻമതിൽ!.. വിശേഷണങ്ങൾ ഒരുപാടുണ്ട് രാഹുൽ ദ്രാവിഡ് എന്ന ക്രിക്കറ്റർക്ക്. വിലപേശി പരസ്യങ്ങളിൽ അഭിനയിക്കാനോ, പണമൊഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കടിച്ചുതൂങ്ങാനോ ദ്രാവിഡിനെ കിട്ടില്ല. കളത്തിലും ജീവിതത്തിലും രാഹുൽ ദ്രാവിഡ് ക്ലാസാണ്.

ഇന്ന് ദ്രാവിഡിന്റെ 46–ാം ജന്മദിനമാണ്. ഒന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ ക്രിക്കറ്റിനെ മതിൽകെട്ടി കാത്ത മിന്നും താരത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കരിയറിലെ ചില അതുല്യ റെക്കോർഡുകളിലൂടെ കണ്ണോടിക്കാം:

∙ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ ഫീൽഡർ

ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റുകൊണ്ട് മതിൽ കെട്ടിയതിനൊപ്പം ചോരാത്ത കൈകളുമായി ദ്രാവിഡ് നേടിയ ക്യാച്ചുകളും എണ്ണം പറഞ്ഞതാണ്. വിക്കറ്റ് കീപ്പർമാരെ മാറ്റിനിർത്തിയാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചു നേടിയ താരമാണ് ദ്രാവിഡ്. 164 ടെസ്റ്റുകളിൽനിന്ന് 210 ക്യാച്ചുകളാണ് മികച്ച സ്ലിപ് ഫീൽഡറായിരുന്ന ദ്രാവിഡിന്റെ സമ്പാദ്യം.

∙ ടെസ്റ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട താരം

കളത്തിലുള്ള കാലത്ത് ക്ഷമയുടെ നേർരൂപമായിരുന്നു ദ്രാവിഡ്. നീണ്ട റണ്ണപ്പിനൊടുവിൽ സർവശക്തിയും സമാഹരിച്ചു പന്തെറിയുന്ന അക്തറിനെയും ബ്രെറ്റ് ലീയെയും മഗ്രോയെയുമെല്ലാം ഉറച്ച പ്രതിരോധത്തിലൂടെ തടഞ്ഞുനിർത്തുന്ന ദ്രാവിഡ് മൈതാനത്തെ സുന്ദര ദൃശ്യമായിരുന്നു. എന്തായാലും ഈ മികവുമായി അതുല്യമായൊരു റെക്കോർഡും ദ്രാവിഡ് സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടതിന്റെ റെക്കോർഡ് ദ്രാവിഡിന്റെ പേരിലാണ്. 16 വർഷവും 164 ടെസ്റ്റുകളും നീണ്ട ഇന്നിങ്സിൽ ദ്രാവിഡ് നേരിട്ടത് 31,258 പന്തുകളാണ്. ദ്രാവിഡിനു പിന്നിലുള്ള സച്ചിൻ 200 ടെസ്റ്റുകളിൽനിന്നു നേരിട്ടത് 29,437 പന്തുകളും.

∙ ക്രീസിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച താരം

ടെസ്റ്റ് കരിയറിൽ ഏറ്റവും കൂടുതൽ സമയം ക്രീസിൽ ചെലവഴിച്ച താരവും മറ്റാരുമല്ല. 164 ടെസ്റ്റുകൾക്കിടെ ദ്രാവിഡ് എതിർ ബോളർമാരെ വെല്ലുവിളിച്ച് ക്രീസിൽനിന്നിട്ടുള്ളത് 735 മണിക്കൂറും 52 മിനിറ്റുമാണ് (44,152 മിനിറ്റ്).

∙ ടെസ്റ്റിൽ 10,000 റൺസ് പിന്നിടുന്ന ആദ്യ 3–ാം നമ്പർ താരം

ടെസ്റ്റിൽ 10,000 റണ്‍സ് പിന്നിട്ട താരങ്ങൾ വളരെയുണ്ടെങ്കിലും ആദ്യമായി ഈ നാഴികക്കല്ലു താണ്ടിയ മൂന്നാം നമ്പർ താരം ദ്രാവിഡാണ്. ചേതേശ്വർ പൂജാരയ്ക്കു മുൻപ് ഈ സ്ഥാനത്ത് സ്ഥിരസാന്നിധ്യമായിരുന്ന ദ്രാവിഡ് 219 ഇന്നിങ്സുകളിൽനിന്ന് 52.88 റൺസ് ശരാശരിയിൽ നേടിയിട്ടുള്ളത് 10,524 റൺസാണ്. ഇതിൽ 28 സെഞ്ചുറികളും 50 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഉയർന്ന സ്കോർ 270 റൺസ്.

∙ തുടർ ഇന്നിങ്സുകളിൽ കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം

ടെസ്റ്റിൽ നാല് ഇന്നിങ്സുകളിൽ ദ്രാവിഡ‍് തുടർച്ചയായി സെഞ്ചുറി നേടിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യൻ താരം ദ്രാവിഡാണ്. അഞ്ച് ഇന്നിങ്സുകളിൽ തുടർച്ചയായി സെഞ്ചുറി നേടിയ വിൻഡീസ് താരം എവർട്ടൺ വീക്സ് ആണ് ഇക്കാര്യത്തിൽ മുന്നിൽ. ഓസീസ് താരം ഫിൻഗിൽട്ടൺ, ദക്ഷിണാഫ്രിക്കൻ താരം മെൽവില്ലെ എന്നിവരും തുടർച്ചയായി നാല് ഇന്നിങ്സുകളിൽ 100 കടന്നിട്ടുണ്ട്.

∙ കൂട്ടുകെട്ടുകളിൽ ‘സൂപ്പർതാരം’

ടെസ്റ്റ് ക്രിക്കറ്റിൽ കൂട്ടുകെട്ടുകളുടെ താരമാണ് ദ്രാവിഡ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ പാർട്ണർഷിപ് റൺസ് സ്വന്തമായുള്ള താരം ദ്രാവിഡാണ്. 32,039 റൺസാണ് വിവിധ പാർട്ണർഷിപ്പുകളിലൂടെ ദ്രാവിഡിന്റെ സഖ്യം നേടിയത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി, അർധസെഞ്ചുറി കൂട്ടുകെട്ടുകളും ദ്രാവിഡിന്റെ പേരിലാണ്. യഥാക്രമം 88, 126 എന്നിങ്ങനെയാണ് ദ്രാവിഡിന്റെ നേട്ടം. ടെസ്റ്റ് ചരിത്രത്തിൽ വിൻഡീസ് താരം ചന്ദർപോൾ (750) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൂട്ടുകെട്ടുകളിൽ പങ്കാളിയായ താരവും ദ്രാവിഡ് തന്നെ. 738 കൂട്ടുകെട്ടുകളിലാണ് ദ്രാവിഡ് പങ്കാളിയായത്.

∙ സച്ചിൻ–ദ്രാവിഡ് കൂട്ടുകെട്ട്

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡും ചേർന്നുള്ള കൂട്ടുകെട്ടുകൾ വിഖ്യാതമാണ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കൂട്ടുകെട്ട് ഇവരുടേതാണ്. 6,920 റൺസ്. ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകളുടെ ലോക റെക്കോർഡും (20) ഇവരുടെ പേരിലാണ്.

∙ ഏകദിനത്തിൽ രണ്ട് 300+ കൂട്ടുകെട്ടുകൾ

ദ്രാവിഡിനെ ടെസ്റ്റ് സ്പെഷലിസ്റ്റായി മുദ്ര കുത്താൻ വരട്ടെ. ഏകദിനത്തിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായ ഏക താരമാണ് ദ്രാവിഡ്. ഏകദിന ലോകകപ്പിൽ ആദ്യമായി 300 റൺസ് കൂട്ടുകെട്ടു തീർത്ത താരങ്ങളിലൊരാളും ദ്രാവിഡ് തന്നെ. 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ സൗരവ് ഗാംഗുലിക്കൊപ്പമാണ് ദ്രാവിഡ് 300 റൺസ് കൂട്ടുകെട്ട് തീർത്തത്. അന്ന് ഇരുവരും 318 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. മാസങ്ങൾക്കുശേഷം ന്യൂസീലൻഡിനെതിരെ ഹൈദരാബാദിൽ സച്ചിൻ തെൻഡുൽക്കറിനൊപ്പം 331 റൺസ് കൂട്ടുകെട്ടിലും ദ്രാവിഡ് പങ്കാളിയായി. 2015ൽ സിംബാബ്‌വെയ്ക്കെതിരെ വിൻഡീസിന്റെ ഗെയ്‍ൽ–സാമുവൽസ് സഖ്യം 372 റൺസ് കൂട്ടിച്ചേർക്കുന്നതുവരെ ഏറ്റവും മികച്ച ഏകദിന കൂട്ടുകെട്ടും ഇതായിരുന്നു.

∙ ഡക്ക് ആകാതെ ഏറ്റവും കൂടുതൽ ഏകദിന ഇന്നിങ്സുകൾ

ഏകദിനത്തിൽ ഡക്ക് ആകാതെ ഏറ്റവും കൂടുതൽ ഇന്നിങ്സുകൾ പൂർത്തിയാക്കിയ താരവും ദ്രാവിഡാണ്. തുടർച്ചയായി 120 ഇന്നിങ്സുകളാണ് ‘സംപൂജ്യ’നാകാതെ ദ്രാവിഡ് പൂർത്തിയാക്കിയത്. ടെസ്റ്റിൽ 10,000 റൺസ് പിന്നിട്ട താരങ്ങളിൽ ഏറ്റവും കുറവു തവണ പൂജ്യത്തിനു പുറത്തായ താരവും ദ്രാവിഡ് തന്നെ. ആകെ എട്ടു തവണയാണ് ടെസ്റ്റിൽ ദ്രാവിഡ് പൂജ്യത്തിനു പുറത്തായത്.

∙ ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന ആദ്യ താരം

ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന ആദ്യ താരവും ദ്രാവിഡാണ്. അദ്ദേഹത്തിന്റെ കാലത്ത് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവയാണ് ടെസ്റ്റ് പദവിയുണ്ടായിരുന്ന രാജ്യങ്ങൾ. ഇവിടങ്ങളിലെല്ലാം സെഞ്ചുറി നേടാൻ ദ്രാവിഡിനു കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA