sections
MORE

പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ വിലക്ക്; ഇന്ത്യയിൽ തിരിച്ചെത്തി

pandya-rahul
SHARE

ന്യൂഡൽഹി∙ ടോക് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശത്തിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ‌. രാഹുലിനും ബിസിസിഐ വിലക്ക്. 

ഓസീസ് പര്യടനം അവസാനിപ്പിച്ച് എത്രയുംവേഗം നാട്ടിലേക്കു മടങ്ങാനുള്ള ബിസിസിഐ നിർദേശത്തെത്തുടർന്ന് ഇരുവരും ഇന്ത്യയിലെത്തി. വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവർക്കുമെതിരെ ബിസിസിഐ അന്വേഷണവും തുടർ നടപടിയും ഉറപ്പായ സാഹചര്യത്തിലാണ് അടിയന്തര വിലക്ക് നിലവിൽ‌ വന്നത്. താരങ്ങളുടെ വാചകമടിയെ തള്ളി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. ഇരുവരെയും ഐപിഎൽ മൽസരങ്ങളിൽനിന്നും വിലക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറുമായുള്ള ‘കോഫി വിത്ത് കരൺ’ ഷോയിലാണ് താരങ്ങൾ സ്ത്രീവിരുദ്ധമായ വെളിപ്പെടുത്തലുകൾ നടത്തിയത്. അന്വേഷണ വിധേയമായി ഇരുവരെയും 2 മൽസരങ്ങളിൽ നിന്നു വിലക്കി. ഷോയുടെ എപ്പിസോഡ് ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാറിൽനിന്നും നീക്കം ചെയ്തു. പാണ്ഡ്യ രണ്ടുവട്ടം സംഭവത്തിൽ മാപ്പു പറഞ്ഞിരുന്നു. രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവാദ പരാമർശങ്ങൾ ചട്ടലംഘനങ്ങളിൽപ്പെടില്ലെന്ന് ബിസിസിഐ ലീഗൽ സെൽ വ്യക്തമാക്കിയെങ്കിലും സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഭരണസമിതിയിലെ അംഗങ്ങളായ വിനോദ് റായിയുടെയും ഡയാന എഡുൽജിയുടെയും ശുപാർശയെത്തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.

∙ വിരാട് കോഹ്‌ലി: പാണ്ഡ്യയുടെയും രാഹുലിന്റെയും വിലക്കിൽ ടീമിന് ഒരു ആശങ്കയുമില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ, പൊസിഷനുകളിൽ പരിഗണിക്കാവുന്ന ഒട്ടേറെപ്പേർ ഇപ്പോൾ ടീമിനുണ്ട്. ഓൾറൗണ്ടർ സ്ഥാനത്തേക്കാണെങ്കിൽ രവീന്ദ്ര ജഡേജയുമുണ്ട്..

സിദ്ദു മടങ്ങി; ഗാംഗുലി സെഞ്ചുറിയടിച്ചു

82 വർഷത്തിനിടെ ഇതു രണ്ടാം തവണ മാത്രമാണ് വിവാദങ്ങളെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളെ നാട്ടിലേക്കു തിരിച്ചയക്കുന്നത്. 1936ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ തന്നെ അനുസരിക്കാത്തതിന് ലാല അമർനാഥിനെ അന്നത്തെ ക്യാപ്റ്റൻ വിസ്സി എന്ന വിജയനഗരം മഹാരാജ തിരിച്ചയച്ചിരുന്നു. 1996ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ ക്യാപ്റ്റൻ മുഹമ്മദ് അസ‌്ഹറുദ്ദീനുമായി വഴക്കടിച്ച് നവ്ജ്യോത് സിങ് സിദ്ദു മടങ്ങിപ്പോന്നെങ്കിലും അത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു.

സിദ്ദുവിന്റെ റൂം മേറ്റിന് അതോടെ അരങ്ങേറ്റത്തിന് കളമൊരുങ്ങി. ലോർഡ്സിൽ അദ്ദേഹം സെഞ്ചുറിയടിക്കുകയും ചെയ്തു. സൗരവ് ഗാംഗുലിയായിരുന്നു ആ താരം!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA