sections
MORE

രഞ്ജി: കേരളം–ഗുജറാത്ത് ക്വാർട്ടർ കൃഷ്ണഗിരിയിൽ; തണുപ്പിലേക്കു വരുന്നു, പോരാട്ടച്ചൂട്

krishnagiri-Stadium
SHARE

കൽ‌പറ്റ∙ പേപ്പർ കപ്പ് കമിഴ്ത്തിയിട്ട പോലെ ഒരു സ്റ്റേഡിയം. മഴ പെയ്താലുടൻ വെള്ളം താഴേയ്ക്ക് ഒലിച്ചുപോകും. 20 മിനിറ്റിനകം വീണ്ടും മൽസരം തുടങ്ങാം. കാപ്പിച്ചെടികൾക്കിടയിലൂടെ എത്തുന്ന കുളിർകാറ്റിൽ നട്ടുച്ചയ്ക്കുപോലും വിയർക്കാതെ കളിക്കാം. ഏതു കാലാവസ്ഥയിലും ആവേശം ഒട്ടും കുറയാതെ കളിക്കാവുന്ന മൈതാനമാണു കൃഷ്ണഗിരിയിലേത്. ഓസ്ട്രേലിയൻ പിച്ചുകളോടു കിടപിടിക്കുന്ന രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ 15 മുതൽ കേരളവും ഗുജറാത്തും രഞ്ജി ക്വാർട്ടറിൽ കൊമ്പുകോർ‌ക്കും. വയനാട്ടിൽ ഇപ്പോൾ എല്ലു തുളയ്ക്കുന്ന തണുപ്പാണെങ്കിലും പോരാട്ടച്ചൂടിനു കുറവുണ്ടാകില്ല. 

കളി പൊളിക്കും! 

ജനുവരിയിൽ വയനാട്ടിൽ കടുത്ത തണുപ്പാണ്. രാത്രികാലങ്ങളിൽ താപനില 10 ഡിഗ്രിയിലും താഴ്ന്നിരുന്നു. ‌‌ഇന്നലെ കൃഷ്ണഗിരിയിലെ കുറഞ്ഞ താപനില 15 ഡിഗ്രി. കൂടിയ താപനില 29 ഡിഗ്രിയും.

ദക്ഷിണേന്ത്യയിലെ ആദ്യ ഹൈ ആൾറ്റിറ്റ്യൂഡ് സ്‌റ്റേഡിയമായ കൃഷ്ണഗിരിയിൽ റണ്ണൊഴുകുന്ന പിച്ചാണ് ബിസിസിഐ ക്യുറേറ്റർ കെ. ശ്രീരാമിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. ആകെയുള്ള 9 പിച്ചുകളിൽ രണ്ടെണ്ണത്തിലാണു കളി. ജനുവരിത്തണുപ്പിൽ രാവിലെ നല്ല മ‍‌‍ഞ്ഞു പെയ്യുന്നുണ്ടെന്നതിനാൽ ആദ്യത്തെ ഒന്നരമണിക്കൂർ പേസ് ബോളിങ്ങിന് അനുകൂലമായേക്കും. ബോളിനു നല്ല സ്വിങ്ങും ബൗൺസും കിട്ടും. വെയിൽ കനക്കുന്തോറും പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കാനാണു സാധ്യത. 

അടുത്ത മാസം രാജ്യാന്തരം

ഫെബ്രുവരിയിൽ ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ ചതുർദിന മൽസരത്തിനും കൃഷ്ണഗിരി വേദിയാകും. ഉദ്ഘാടനത്തിനു കൃത്യം ഒരു വർഷത്തിനുശേഷം 2014 ഡിസംബറിലാണ് ഇവിടെ ആദ്യ രഞ്ജി മൽസരം നടന്നത്; കേരളവും ഗോവയും തമ്മിൽ. പിന്നീട് ഹൈദരാബാദ്– കേരളം മൽസരത്തിനും സ്റ്റേഡിയം വേദിയായി. 2015 ൽ ദക്ഷിണാഫ്രിക്ക എ ടീമും ഇന്ത്യൻ എ ടീമും തമ്മിലുള്ള ചതുർദിന ടെസ്റ്റും നടന്നു. 

ടീമുകൾ ഇന്നെത്തും

ഇരുടീമും ഇന്നു കൃഷ്ണഗിരിയിലെത്തും. ബെംഗളൂരു വഴിയാണ് കേരള താരങ്ങൾ എത്തുക. ഗുജറാത്ത് ടീം കോഴിക്കോട് വിമാനമിറങ്ങി വയനാട്ടിലേക്കു തിരിക്കും. ഇന്നു തന്നെ പരിശീലനവും തുടങ്ങും. മൽസരത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ അറിയിച്ചു. 

കേരളം  ഈ സീസണിൽ 

ബാറ്റ്സ്മാൻ 

ജലജ് സക്സേന 7കളി 479 റൺസ് 

സച്ചിൻ ബേബി 8 ‌‌കളി 455 റൺസ് 

സഞ്ജു സാംസൺ 8 കളി 326 റൺസ് 

വിഷ്ണു വിനോദ് 5 കളി 319 റൺസ് 

ബോളർ 

സന്ദീപ് വാരിയർ 8 കളി 31 വിക്കറ്റ് 

ജലജ് സക്സന 7 കളി 28 വിക്കറ്റ് 

ബേസിൽ തമ്പി 8 കളി 25 വിക്കറ്റ് 

സിജോമോൻ ജോസഫ് 4 കളി 12 വിക്കറ്റ്

എലൈറ്റ് ഗ്രൂപ്പ് എ, ബി പോയിന്റ് നില 

വിദർഭ 29 

സൗരാഷ്ട്ര 29 

കർണാടക 27 

കേരള 26 

ഗുജറാത്ത് 26 

കേരളത്തിന്റെ പ്രകടനങ്ങൾ 

ഹൈദരാബാദ് –സമനില 

ആന്ധ്ര –9 വിക്കറ്റ് വിജയം 

ബംഗാൾ –9 വിക്കറ്റ് വിജയം 

മധ്യപ്രദേശ് –5 വിക്കറ്റ് തോൽവി 

തമിഴ്നാട് –151 റൺസ് തോൽവി 

ഡൽഹി – ഇന്നിങ്സിനും 27 റൺസിനും വിജയം 

പഞ്ചാബ് – 10 വിക്കറ്റ് തോൽവി 

ഹിമാചൽ –5 വിക്കറ്റ് വിജയം

നോക്കൗട്ടിൽ ഇതുവരെ

1994–95 : പ്രീ ക്വാർട്ടർ ഫൈനൽ (ക്യാപ്റ്റൻ: ഫിറോസ് വി. റഷീദ്) 

1996–97 : സൂപ്പർ ലീഗ് (അനന്തപത്മനാഭൻ, ഫിറോസ്) 

2002–03 : പ്ലേറ്റ് ഗ്രൂപ്പ് ഫൈനൽ (സുനിൽ ഒയാസിസ്) 

2007–08 : പ്ലേറ്റ് ഗ്രൂപ്പ് സെമിഫൈനൽ (സോണി ചെറുവത്തൂർ) 

2017–18 : ക്വാർട്ടർ ഫൈനൽ (സച്ചിൻ ബേബി) 

2018–19 : ക്വാർട്ടർ ഫൈനൽ (സച്ചിൻ ബേബി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA