sections
MORE

അവർ പറഞ്ഞതു ടീമിന്റെ അഭിപ്രായമല്ല: പാണ്ഡ്യയെയും രാഹുലിനെയും കൈവിട്ട് കോഹ്‍‌ലി

Pandya-Kohli
SHARE

സിഡ്നി∙ സ്വകാര്യ ടിവി ചാനലിലെ പരിപാടിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പുലിവാലു പിടിച്ച ഇന്ത്യൻ ടീമംഗങ്ങളായ ഹാർദിക് പാണ്ഡ്യ, ലോകേഷ് രാഹുൽ എന്നിവരെ കൈവിട്ട് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും. ഇത്തരം പരാമർശങ്ങൾ ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന കാര്യം ഇരുവരെയും അറിയിച്ചിട്ടുണ്ടെന്ന് കോഹ്‍ലി വ്യക്തമാക്കി. ഇത്തരം വ്യക്തിഗത അഭിപ്രായപ്രകടനങ്ങൾ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും കോഹ്‍ലി ആവശ്യപ്പെട്ടു.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന ടിവി ഷോയിൽ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. ഒന്നിലധികം സെലിബ്രിറ്റികളുമായി താൻ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയിൽ ഹാർദിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത പ്രതിഷേധമുയർന്നതോടെ ഇരുവര്‍ക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയ ബിസിസിഐ, ഇവരെ രണ്ടു മൽസരങ്ങളിൽനിന്ന് വിലക്കുന്ന കാര്യവും പരിഗണിച്ചുവരികയാണ്.

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കാഴ്ചപ്പാടിൽ ഇരുവരും നടത്തിയ പരാമർശങ്ങൾ ഒട്ടും സ്വീകാര്യമല്ല. തങ്ങൾ നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവർക്കും ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമർശങ്ങൾ ഇവർ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ’ – സിഡ്നിയിലെ ഒന്നാം ഏകദിനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരെ കാണവെ കോഹ്‍ലി പറഞ്ഞു.

‘ടീമെന്ന നിലയിൽ ഇത്തരം പരാമർശങ്ങളും പ്രസ്താവനകളും പ്രോത്സാഹിപ്പിക്കില്ലെന്ന കാര്യം ഇരുവരെയും നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള താരങ്ങളെന്ന നിലയിൽ ഞങ്ങളോരോരുത്തരും ഇത്തരം പരാമർശങ്ങളെ തെറ്റായിട്ടാണു കാണുന്നത്. അവർ പറഞ്ഞത് തീർത്തും വ്യക്തിപരമായ പരാമർശങ്ങൾ മാത്രമാണെന്നും കോഹ്‍ലി പറഞ്ഞു.

പാണ്ഡ്യയുടെയും രാഹുലിന്റെയും കാര്യത്തിൽ ബിസിസിഐയുടെ അന്തിമ തീരുമാനത്തിനു കാക്കുകയാണെന്നും കോഹ്‍ലി പറഞ്ഞു. മോശം പരാമർശങ്ങളുടെ പേരിൽ ഇരുവർക്കും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കേർപ്പെടുത്താൻ ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായി നിർദ്ദേശിച്ചിരുന്നു.

അതേസമയം, ഇരുവരുടെയും പ്രസ്താവനകൾ വരുത്തിവച്ച വിവാദം ഇന്ത്യൻ ടീമിന്റെ കെട്ടുറപ്പിനെ ഒരു കാരണവശാലും ബാധിക്കില്ലെന്നും കോഹ്‍ലി ഉറപ്പുനൽകി. പാണ്ഡ്യയ്ക്കു വിലക്കേർപ്പെടുത്തുന്ന പക്ഷം ടീമിന്റെ തന്ത്രങ്ങളിൽ മാറ്റങ്ങളുണ്ടായേക്കാമെന്നും കോഹ്‍ലി സൂചന നൽകി. പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജയെ ടീമിലുള്‍പ്പെടുത്താനാണ് സാധ്യത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA