sections
MORE

ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം 50 കടന്ന് ധോണി; ലോകകപ്പ് വർഷത്തിൽ പ്രതീക്ഷ

ms-dhoni-batting
SHARE

സിഡ്നി∙ അർധസെഞ്ചുറികൾ പൂർണമായും അകന്നുനിന്ന ഒരു കലണ്ടർ വർഷത്തിനുശേഷം ലോകകപ്പ് വർഷത്തിലേക്കു കടക്കുമ്പോൾ അവസരോചിതമായൊരു അർധസെഞ്ചുറി പ്രകടനവുമായി ധോണി വരവറിയിച്ചിരിക്കുന്നു. ‘ഇഴഞ്ഞുനീങ്ങുന്നുവെന്ന’ പതിവു വിമർശനങ്ങളുടെ ചുവയുള്ള ഇന്നിങ്സാണെങ്കിലും, ഇക്കുറി ധോണിയുടെ ഈ വേഗക്കുറവും പ്രതിരോധവും തീർത്തും അവസരോചിതമായിരുന്നു. നാലു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്കായി നിലയുറപ്പിച്ചു കളിക്കുക എന്നതിൽക്കവിഞ്ഞ് ധോണി എന്തു ചെയ്യാനാണ്?

മൂന്നിന് നാലു റൺസ് അകലെ നിൽക്കെ ക്രീസിലെത്തിയ ധോണി ഇന്നു നേരിട്ടത് 96 പന്തുകളാണ്. മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയത് 51 റൺസും. നിലയുറപ്പിക്കാൻ സമയമെടുത്ത ധോണി പിന്നീട് റൺനിരക്ക് ഉയർത്തിവരുമ്പോഴാണ് അംപയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായത്. അതുകൊണ്ടുതന്നെ 96 പന്തിൽ 51 റൺസ് എന്ന സ്കോർ ധോണിയുടെ പ്രകടനമികവിന്റെ കൃത്യമായ അടയാളപ്പെടുത്തലല്ല. ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യുവരക്തം ഋഷഭ് പന്തിനെ പരിഗണിക്കണമെന്ന ആവശ്യം കരുത്താർജിച്ചു വരുമ്പോഴാണ് ധോണിയുടെ അർധസെഞ്ചുറി പ്രകടനമെന്നതും ശ്രദ്ധേയം.

ഇന്ത്യയ്ക്കായി ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ താരമായി ധോണി മാറിയത് ഈ മൽസരത്തിലാണെന്ന പ്രത്യേകതയുമുണ്ട്. ഏകദിനത്തിൽ ധോണി 10,000 റൺസ് നേരത്തെ തന്നെ പിന്നിട്ടതാണെങ്കിലും അതിൽ ലോക ഇലവൻ ഉൾപ്പെടെയുള്ള ടീമുകൾക്കായി നേടിയ റൺസും ഉൾപ്പെട്ടിരുന്നു. ഇക്കുറി ഇന്ത്യയ്ക്കായി മാത്രം ധോണി നേടിയ റൺസ് 10,000 കടന്നു.

2018ൽ 20 ഏകദിനങ്ങളിലായി 13 ഇന്നിങ്സുകളിൽ ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ധോണിക്ക് ഒരിക്കൽപ്പോലും അർധസെഞ്ചുറി കടക്കാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ വർഷമാദ്യം ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ 43 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിന്ന പ്രകടനമൊഴിച്ചാൽ കൊള്ളാവുന്ന ഇന്നിങ്സുകൾ തീരെ വിരളമായിരുന്നു. കഴിഞ്ഞ വർഷം കളത്തിലിറങ്ങിയ 13 ഇന്നിങ്സുകളിൽ ധോണിയുെട പ്രകടനമിങ്ങനെ:

4*, 10, 42*, 13, 37, 42, 0, 33, 8, 36, 20, 7, 23.

2017 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഇതിനു മുൻപ് ധോണി അവസാനമായി അർധസെഞ്ചുറി പിന്നിട്ടത്. ഹിമാചൽപ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 87 പന്തിൽ 65 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. അന്നും 16 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ കൂട്ടത്തകർച്ചയെ നേരിടുമ്പോഴായിരുന്നു ധോണിയുടെ രക്ഷാ പ്രവർത്തനം. മൽസരം ഇന്ത്യ ഏഴു വിക്കറ്റിനു തോറ്റു. അതേസമയം, ഏകദിനത്തിൽ ധോണി സെഞ്ചുറി നേടിയിട്ട് രണ്ടു വർഷം പിന്നിട്ടുവെന്നതും ഇതിനോടു ചേർത്തു വായിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA