sections
MORE

രോഹിത് ശർമ – 133 റൺസ്, ബാക്കി എല്ലാവരും ചേർന്ന് – 107; തോറ്റതിൽ എന്ത് അദ്ഭുതം?

rohit-dhoni
SHARE

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഓപ്പണർ രോഹിത് ശർമയുടെ ‘വൺമാൻ ഷോ’ കൂടി ഇല്ലായിരുന്നെങ്കിലോ? ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ പകിട്ടിൽ ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യയ്ക്ക് മുഖത്തു കിട്ടിയ അടിയാണ് സിഡ്നി ഏകദിനത്തിലെ തോൽവി. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ മൽസരത്തിനിറങ്ങിയ ഇന്ത്യ ലോകകപ്പ് വർഷത്തിൽ തോൽവിയോടെ തുടക്കം കുറിച്ചപ്പോൾ, പരാജയ പരമ്പരയിൽ തളർന്നിരുന്ന ഓസീസിന്റെ ആത്മവിശ്വാസമേറ്റുന്നതാണ് ഈ വിജയം. ജസ്പ്രീത് ബുമ്രയില്ലാത്ത ഇന്ത്യൻ ബോളിങ് യൂണിറ്റിനെക്കുറിച്ചും ബാറ്റിങ്ങിൽ മധ്യനിരയുടെ അസ്ഥിരതയെക്കുറിച്ചും ആശങ്കയേറ്റുന്ന ചോദ്യങ്ങൾ സമ്മാനിച്ചാണ് മൽസരത്തിനു തിരശ്ശീല വീഴുന്നത്.

ഓസ്ട്രേലിയ ഉയർത്തിയ 289 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻ‌പതു വിക്കറ്റു നഷ്ടത്തിൽ നേടിയത് 254 റൺസാണ്. ഇന്ത്യൻ നിരയിൽ ഖലീൽ അഹമ്മദ് ഒഴികെ എല്ലാവർക്കും കിട്ടി, ബാറ്റിങ്ങിന് അവസരം. എന്നാൽ, 129 പന്തിൽ രോഹിത് ശർമ നേടിയ 133 റൺസ് മാറ്റിനിർത്തിയാൽ 171 പന്തുകളിൽനിന്ന് ബാക്കി എല്ലാവരും ചേർന്ന് നേടിയത് 107 റൺസ് മാത്രമാണ്. 14 റൺസ് ഓസീസ് ബോളർമാർ കയ്യയച്ചു നൽകിയ എക്സ്ട്രാ റൺസും. ഈയൊരു പ്രകടനവുമായി ടീം തോറ്റില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.

91 പന്തിൽനിന്ന് 51 റൺസ് നേടിയ മഹേന്ദ്രസിങ് ധോണിയെക്കൂടി മാറ്റിനിർത്തിയാൽ ദയനീയമാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. 289 റൺസ് വിജയലക്ഷ്യം മുന്നിലിരിക്കെ നാലു റൺസിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമാക്കിയപ്പോൾത്തന്നെ ഇന്ത്യ മൽസരം കൈവിട്ടിരുന്നു. അസാമാന്യ ചെറുത്തുനിൽപ്പിലൂടെ രോഹിത്–ധോണി സഖ്യം മൽസരം രക്ഷിച്ചെടുക്കാൻ ആവതു ശ്രമിച്ചെങ്കിലും അതിനും അദ്ഭുതങ്ങൾ സംഭവിക്കണമായിരുന്നു. 10 റൺസിനുള്ളിൽ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായ ശേഷം ഇതിലും മികച്ച കൂട്ടുകെട്ട് ഏകദിന ചരിത്രത്തിൽ ഒരിക്കലേ സംഭവിച്ചിട്ടുള്ളൂ. 1984ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയയുടെ അലൻ ബോർഡർ–കിം ഹ്യൂസ് സഖ്യം കൂട്ടിച്ചേർത്തത് 150 റൺസാണ്. ഇതിനു തൊട്ടുപിന്നിലുണ്ട് ധോണി–രോഹിത് സഖ്യത്തിന്റെ 137 റൺസ്. ഒടുവിൽ അംപയറിന്റെ തെറ്റായ തീരുമാനത്തിൽ ധോണി കൂടാരം കയറുകകൂടി ചെയ്തതോടെ ഇത് ഇന്ത്യയുടെ ദിനമല്ലെന്ന് ഉറപ്പായി.

റിവ്യൂ ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ കൂടുതൽ അച്ചടക്കം പാലിക്കണമെന്ന ഓർമപ്പടുത്തലോടെയാണ് മൽസരം ക്രീസൊഴിയുന്നത്. ജൈ റിച്ചാർഡ്സന്റെ പന്തിൽ കൃത്യമായി എൽബിയിൽ കുരുങ്ങിയെന്നു വ്യക്തമായിട്ടും റിവ്യൂവിനു പോകാനുള്ള അമ്പാട്ടി റായുഡുവിന്റെ തീരുമാനവും ഇന്ത്യയെ തിരിച്ചടിച്ചെന്നു പറയാതെ വയ്യ. ആ റിവ്യൂ ബാക്കിയുണ്ടായിരുന്നെങ്കിൽ ധോണിക്കു ക്രീസിൽ തുടരാമായിരുന്നു എന്ന വാദത്തിൽ വലിയ കഴമ്പില്ലെങ്കിലും ഡിആർഎസ് ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി ‘തല’ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങ് യൂണിറ്റ് എവിടെ നിൽക്കുന്നു എന്ന ചോദ്യവുമുണ്ട്. ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറായ ബുമ്രയുടെ അഭാവത്തിൽ ഓസീസിനെ 288 റൺസിൽ പിടിച്ചുകെട്ടിയത് വലിയ കാര്യം തന്നെ. പകരമെത്തിയ മുഹമ്മദ് ഷമി മികച്ച ബോളിങ് കെട്ടഴിക്കുകയും ചെയ്തു. എങ്കിലും അവസാന 10 ഓവറിൽ ഇന്ത്യ 90 റൺസിലധികം വിട്ടുകൊടുത്തത് കാണാതിരിക്കാൻ വയ്യ. ഡെത്ത് ഓവറുകളിൽ തകർത്തെറിയുന്ന ബുമ്രയുടെ അഭാവം ഇന്ത്യയെ ബാധിച്ചത് നേരിട്ട് മാത്രമല്ല. ഒരു വശത്തു ബുമ്ര ചെലുത്തുന്ന സമ്മർദ്ദം കൃത്യമായി ഉപയോഗപ്പെടുത്തി മറുവശത്തു നേട്ടം കൊയ്യുന്ന ഭുവനേശ്വർ കുമാർ സിഡ്നിയിൽ പതിവിലേറെ ‘തല്ലു വാങ്ങി’യത് കാണാതെ പോകാമോ?

ഇനി, ആദ്യത്തെ കൺമണിയുടെ പിറവിക്കുശേഷം ക്രീസിലെത്തിയ ആദ്യ മൽസരത്തിൽ ഉജ്വലമായ സെഞ്ചുറിയുമായി വരവറിയിച്ച രോഹിത് ശർമയ്ക്കു കയ്യടിക്കാതെ പോകുന്നതെങ്ങനെ? 129 പന്തിൽ 10 ബൗണ്ടറിയും ആറു പടുകൂറ്റൻ സിക്സും സഹിതം 133 റൺസ് നേടിയ രോഹിത് പുറത്തേക്കു നടക്കുമ്പോൾ, സിഡ്നി ക്രിക്കറ്റ് മൈതാനത്തുനിന്ന് പുറത്തേക്കു പോയത് ഇന്ത്യയുടെ വിജയസാധ്യതകൾ കൂടിയായിരുന്നു. കരിയറിലെ 22–ാം സെഞ്ചുറി പൂർത്തിയാക്കിയ അവസരത്തിൽ രോഹിത് കാര്യമായ ആഘോഷത്തിനു മുതിരാതിരുന്നതും ശ്രദ്ധേയമായി. വ്യക്തിഗത നേട്ടത്തിൽ ഇതൊരു നാഴികക്കല്ലാണെങ്കിലും ടീമിനായി താൻ നിർവഹിക്കേണ്ട ദൗത്യം അവസാനിച്ചിട്ടില്ലെന്ന് രോഹിത്തിനു ബോധ്യമുണ്ടായിരുന്നിരിക്കണം. മറുവശത്തുനിന്ന് കാര്യമായ പിന്തുണ കിട്ടാതെ പോയതോടെ കടമ്പയ്ക്കരികെ രോഹിത് വീഴുകയും ചെയ്തു. ഒപ്പം ഇന്ത്യയും.

അർധസെഞ്ചുറികൾ പൂർണമായും അകന്നുനിന്ന ഒരു കലണ്ടർ വർഷത്തിനുശേഷം ലോകകപ്പ് വർഷത്തിലേക്കു കടക്കുമ്പോൾ അവസരോചിതമായൊരു അർധസെഞ്ചുറി പ്രകടനവുമായി ധോണി വരവറിയിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്. ഏറെ നാളായി കടുത്ത വിമർശനത്തിനു വിധേയമാകുന്ന ആ ‘സ്പീഡ്’ അതേപടി ‘നിലനിർത്തി’യായിരുന്നു ധോണിയുടെ ഇന്നിങ്സെങ്കിലും, ഇക്കുറി അത് അവസരോചിതമായിരുന്നു എന്ന പ്രത്യേകതയുണ്ട്. നാല് ഓവറിൽ നാലു റൺസ് ചേർക്കുന്നതിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യയ്ക്കായി, നിലയുറപ്പിച്ചു കളിക്കുക എന്നതായിരുന്നു ധോണിക്കു ചെയ്യാനുണ്ടായിരുന്നത്. അത് അദ്ദേഹം സുന്ദരമായി നിർവഹിച്ചു. പതുക്കെപ്പതുക്കെ റൺനിരക്ക് ഉയർത്തി വരവെ അംപയറിന്റെ തെറ്റായ തീരുമാനത്തിൽ പുറത്തായതു പക്ഷേ, തീർത്തും നിർഭാഗ്യകരമായിപ്പോയി.

2018ൽ 20 ഏകദിനങ്ങളിലായി 13 ഇന്നിങ്സുകളിൽ ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ധോണിക്ക് ഒരിക്കൽപ്പോലും അർധസെഞ്ചുറി കടക്കാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ വർഷമാദ്യം ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ 43 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിന്ന പ്രകടനമൊഴിച്ചാൽ കൊള്ളാവുന്ന ഇന്നിങ്സുകൾ തീരെ വിരളമായിരുന്നു. 2017 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഇതിനു മുൻപ് ധോണി അവസാനമായി അർധസെഞ്ചുറി പിന്നിട്ടത്. ഏകദിനത്തിൽ ധോണി സെഞ്ചുറി നേടിയിട്ട് രണ്ടു വർഷം പിന്നിട്ടുവെന്നതും ഇതിനോടു ചേർത്തു വായിക്കണം.

ലോകകപ്പ് വർഷത്തിലേക്കു കടക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നെങ്കിലും, ഈ തോൽവി ഇന്ത്യയ്ക്ക് ഉണർത്തുപാട്ടാകട്ടെയെന്നാണ് ആരാധകരുടെ പ്രാർഥന. താരതമ്യേന ദുർബലമായ ഓസീസ് സൈഡായിരുന്നിട്ടുകൂടി തോൽവി വഴങ്ങേണ്ടി വന്നത് ഇന്ത്യയ്ക്ക് നല്ലൊരു പാഠമാണ്. തെറ്റുകളിൽനിന്ന് പാഠം പഠിക്കാനും തിരുത്താനുമുള്ള അവസരമാണ് ഈ തോൽവിയെന്ന് മൽസരശേഷം ക്യാപ്റ്റൻ‌ വിരാട് കോഹ്‍ലി ഏറ്റുപറഞ്ഞത് വിശ്വസിക്കാമെങ്കിൽ, 15ന് അഡ്‌ലെയ്ഡിൽ ഇന്ത്യ തിരിച്ചുവരും. ഇനി അതിനാണ് കാത്തിരിപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CRICKET
SHOW MORE
FROM ONMANORAMA