sections
MORE

സിഡ്നി ഇന്നിങ്സ് നല്ലതോ മോശമോ?; ധോണിക്ക് തല്ലും തലോടലുമായി ആരാധകപ്പോര്

M.S.-Dhoni
SHARE

രക്ഷാപ്രവർത്തനമോ ‘കളി’ കൈവിട്ട കളിയോ? ലോകകപ്പ് വർഷത്തിൽ ഇന്ത്യയുടെ ആദ്യ ഏകദിനത്തിലെ ശ്രദ്ധാകേന്ദ്രം മഹേന്ദ്ര സിങ് ധോണിയാണ്. ‍96 പന്തിൽ 51 റൺസ് – നീണ്ട ഇടവേളയ്ക്കു ശേഷം ധോണിയുടെ ബാറ്റിൽ പിറന്ന അർധശതകം ആഘോഷിക്കണോ വേണ്ടയോ എന്ന സംശയത്തിലാണ് ആരാധകർ. ഇന്നിങ്സിൽ ‘ധോണി ടച്ച്’ ഇല്ലാത്തതു തന്നെ കാരണം. ഓസ്ട്രേലിയയിൽ ഉജ്വല ഫോമിൽ കളിക്കുന്ന ടീം ഇന്ത്യയെ വീഴ്ത്തിയതു മുൻ ക്യാപ്റ്റൻ ‘തുഴഞ്ഞു’ തീർത്ത പന്തുകളാണെന്ന വിമർശനങ്ങളാണു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. വൻ തകർച്ചയിൽ നിന്നു ടീമിനെ രക്ഷിച്ചതു ധോണിയുടെ മികവെന്ന വാദങ്ങളുമായി താരത്തിന്റെ ആരാധകർ തിരിച്ചടിച്ചതോടെ സംഭവം വൈറൽ ആയി മാറി. 

സിഡ്നി ഏകദിനത്തിനു പിന്നാലെ ഫെയ്സ്ബുക്കിലും വാട്‌സാപ്പിലുമായി നടന്ന ആരാധകപ്പോരാട്ടം ഇങ്ങനെ. 

വിമർശകപക്ഷം 

പഴയ ഫോമിന്റെ നിഴൽ മാത്രമായ ധോണിയുടെ മെല്ലെപ്പോക്ക് രോഹിത് ശർമ ഉൾപ്പെടെയുള്ള ബാറ്റ്സ്മാൻമാരിൽ അമിത സമ്മർദത്തിനു കാരണമായി. മെല്ലെ തുടങ്ങിയ രോഹിത് ശർമ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയിട്ടും ധോണിക്ക് അതിനു സാധിച്ചില്ല. സിംഗിളുകളും ഡബിളുകളുമായി സ്കോർ ബോർഡ് ചലിപ്പിക്കുന്ന പഴയ ധോണിയായിരുന്നില്ല ക്രീസിൽ. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ താരം പരാജയപ്പെട്ടു. ഫിനിഷർ റോളിൽ പഴയ പ്രതാപം നഷ്ടമായ ധോണിക്കു സ്ഥാനക്കയറ്റം നൽകി ഇന്നിങ്സിനു നങ്കൂരമിടാനുള്ള പരീക്ഷണവും പരാജയം. ഋഷഭ് പന്തിനെ വിളിക്കാൻ ഇനിയും വൈകരുത്. 

ആരാധകപക്ഷം

3 വിക്കറ്റിന് 4 റൺസ് എന്ന തകർച്ചയുടെ പടുകുഴിയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത് മുൻ ക്യാപ്റ്റന്റെ ‘സെൻസിബിൾ ഇന്നിങ്സ്’. കോഹ്‌ലി ഉൾപ്പെടെയുള്ള മുൻനിരതാരങ്ങൾക്കു പിഴച്ചിടത്താണു ടീമിനെ താങ്ങിനിർത്തിയ ധോണിയുടെ ചെറുത്തുനിൽപ്പ്.

ധോണിയുടെ പ്രകടനം ഇല്ലാതിരുന്നെങ്കിൽ ഇന്ത്യയുടെ ടോട്ടൽ 150 റൺസിനുള്ളിൽ ഒതുങ്ങുമായിരുന്നു. 33–ാം ഓവറിൽ ക്രീസിലെത്തിയ കാർത്തിക്കും സ്കോറിങ്ങിൽ പരാജയപ്പെട്ടതു ധോണിയുടെ മികവിന്റെ തെളിവാണ്. ധോണിക്കു പകരം നിൽക്കുന്നൊരു താരത്തെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 

അർധസെഞ്ചുറി ഒരു വർഷം കഴിഞ്ഞ്

ഏകദിനത്തിൽ 50 റൺസിനു മേൽ ശരാശരിയും മോശമല്ലാത്ത സ്ട്രൈക്ക് റേറ്റും (87.6 ) ഉള്ള ധോണിയുടെ കരിയർ സ്റ്റാറ്റ്സിനു ചേരുന്നതല്ല സമീപകാല പ്രകടനങ്ങൾ. ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഏകദിനത്തിലെ ധോണിയുടെ അർധസെഞ്ചുറി പ്രകടനം. കൃത്യമായി പറഞ്ഞാൽ 2017 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ 87 പന്തിൽ 65 റൺസ് നേടിയതാണ് ഇതിനു മുൻപത്തെ അർധശതകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA