sections
MORE

അമ്പാട്ടി റായുഡുവിന്റെ ബോളിങ് ആക്ഷൻ സംശയനിഴലിൽ; ഐസിസി പരിശോധിക്കും

ambati-rayudu-3
SHARE

മുംബൈ∙ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡുവിന്റെ ബോളിങ് ആക്ഷൻ സംശയനിഴലിൽ. സിഡ്നി ഏകദിനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് മാച്ച് ഒഫീഷ്യൽസ് ഐസിസിക്കു റിപ്പോർട്ടു നൽകിയത്. നടപടിക്രമമനുസരിച്ച് ഇനി 14 ദിവസത്തിനുള്ളിൽ റായുഡു ബോളിങ് ആക്ഷന്റെ കാര്യത്തിൽ പരിശോധനയ്ക്കു വിധേയനാകണം. പരിശോധനാ ഫലം വരുന്നതുവരെ  റായുഡുവിനു ബോളിങ് തുടരാം.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ ബാറ്റിങ്ങിലും ഫീൽഡിങ്ങിലും അമ്പേ പരാജയപ്പെട്ട റായുഡുവിന് കനത്ത തിരിച്ചടിയാണ് ബോളിങ് ആക്ഷന്റെ പേരിലുള്ള നടപടി. മൽസരത്തിൽ 289 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ നിരയിൽ പൂജ്യത്തിനു പുറത്തായ താരമാണ് റായുഡു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ നാലു റൺസെന്ന നിലയിലേക്കു പതിച്ച ഇന്ത്യയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയാണ് റായുഡുവും നേരിട്ട രണ്ടാം പന്തിൽത്തന്നെ ‘സംപൂജ്യ’നായി മടങ്ങിയത്.

ജേ റിച്ചാർഡ്സന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയ റായുഡു, ഇന്ത്യയുടെ ഏക റിവ്യൂ അവസരം അനാവശ്യമായി വിനിയോഗിച്ച് നഷ്ടമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പിന്നീട് ധോണിയെ ഇല്ലാത്ത ഔട്ടിലൂടെ പുറത്താക്കിയപ്പോള്‍ ഫീൽഡ് അംപയറുടെ തീരുമാനം ഇന്ത്യയ്ക്കു പുനഃപരിശോധിക്കാനുമായില്ല.

അതിനു മുൻപ് ഇന്ത്യ ഫീൽഡ് ചെയ്യുന്ന അവസരത്തിൽ ബൗണ്ടറിക്കരികെ ഒരു ക്യാച്ചും റായുഡു നഷ്ടമാക്കിയിരുന്നു. ഭുവനേശ്വർ കുമാറിന്റെ പന്തിൽ പീറ്റർ ഹാൻഡ്സ്കോംബ് നൽകിയ അൽപം ബുദ്ധിമുട്ടേറിയ ക്യാച്ച് അവസരമാണ് റായുഡു പാഴാക്കിയത്. സിഡ്നി ഏകദിനത്തിൽ പാർട് ടൈം സ്പിന്നറായ റായുഡു രണ്ട് ഓവറുകളാണ് ബോൾ ചെയ്തത്. 13 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. ഇതുവരെ 46 ഏകദിനങ്ങളിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് റായുഡുവിന്റെ സമ്പാദ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA