sections
MORE

പന്തടിച്ച് ധോണി വീഴുമോ; ഏകദിന ലോകകപ്പ് ടീം രൂപീകരണം വീണ്ടും ചർച്ചയിൽ

pant-dhoni
SHARE

സിഡ്‌നി ഏകദിനത്തിൽ മഹേന്ദ്രസിങ് ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ലോകകപ്പിനു മുന്‍പ് ഓസ്‌ട്രേലിയയുമായുള്ള രണ്ട് ഏകദിനങ്ങളും ന്യൂസീലന്‍ഡിനെതിരായ 5 ഏകദിനങ്ങളുമാണ് ഇന്ത്യയ്ക്കിനി വിദേശത്തുള്ളത്. ശേഷം ഓസ്‌ട്രേലിയ ഇന്ത്യയില്‍വന്ന് 5 ഏകദിനങ്ങള്‍ കളിക്കും. ഇത്രയും മല്‍സരങ്ങള്‍ക്കിടയില്‍ ധോണിക്കു ബാറ്റിങ് മെച്ചപ്പെടുത്താനായില്ലെങ്കില്‍ ടീം ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ല.

ടീമിലെ ഓരോ സ്ഥാനത്തിനും കടുത്ത മല്‍സരം നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ലോകകപ്പ് വരെ ധോണി, അതുകഴിഞ്ഞ് പിന്നെ ആലോചിക്കാം എന്നുള്ള പറച്ചിലൊന്നും ഇപ്പോള്‍ കേള്‍ക്കുന്നുമില്ല. 2018ല്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാകാതെ പോയ ധോണി, സിഡ്‌നിയില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും സ്‌കോറിങ് വേഗം കുറഞ്ഞതിന് ഏറെ പഴി കേട്ടു. 4 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍നിന്ന് രോഹിത് ശര്‍മയുമായി ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതൊന്നും മല്‍സരഫലം എതിരായപ്പോള്‍ ധോണിക്ക് അനുകൂലമായില്ല.

∙ പന്തുണ്ടാവില്ലേ...?

ഋഷഭ് പന്തിന്റെ കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് ആവർത്തിച്ചു വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയില്‍ 4 ടെസ്റ്റും 3 ട്വന്റി20 യും കളിച്ച പന്തിനു വിശ്രമം അത്യാവശ്യമായതിനാലാണ് ടീമില്‍നിന്നു വിടുതല്‍ നല്‍കിയതെന്നും പ്രസാദ് പറയുന്നു. പന്തിന് ഗുണകരമാണ് നിലവിലെ സാഹചര്യങ്ങള്‍. ഇംഗ്ലണ്ടില്‍ അടുത്തിടെ കളിച്ചത് പ്രധാന നേട്ടം. പിച്ചിനെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഇപ്പോള്‍ ധാരണയായിട്ടുണ്ട്.

കീപ്പിങ് പാളിയെങ്കിലും അവസാന ടെസ്റ്റില്‍ ഏകദിന ശൈലിയില്‍ സെഞ്ചുറി നേടി കരുത്തു തെളിയിച്ചു. ഓസ്‌ട്രേലിയയിലും പന്ത് ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കി. ഒരു ബോളറെയും ഭയക്കാതെയുള്ള ബാറ്റിങ് ശൈലിയും അതിവേഗം സ്‌കോര്‍ ചെയ്യുന്നതും പന്തിനു പ്ലസാണ്. തന്നെയുമല്ല, മുന്‍ ഇന്ത്യൻ കളിക്കാരും മൈക്കൽ ക്ലാർക്ക് ഉൾപ്പെടെയുള്ള വിദേശ താരങ്ങളും പന്തിനെ കളിപ്പിക്കാത്തതിനെയാണ് ചോദ്യം ചെയ്യുന്നത്. ഫോമിലുള്ള പന്തിന് 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പാണ്.

സസ്‌പെന്‍ഷന്‍ കഴിഞ്ഞു തിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ ടീമിലുണ്ടാകുമോ? ഇനിയും സമവാക്യങ്ങള്‍ മാറുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം വരും മല്‍സരങ്ങള്‍ ഉത്തരം നല്‍കും.

∙ എന്തുകൊണ്ട് ധോണി‌?

ധോണിയുടെ പരിചയസമ്പത്തു തന്നെയാണ് ടീം മാനേജ്‌മെന്റ് വിലമതിക്കുന്നത്. ഒട്ടേറെ ഇന്നിങ്‌സുകളില്‍ ഫിനിഷറായ ആ പഴയ കൂള്‍ ധോണിയെ, വിക്കറ്റിനു പിന്നില്‍ അര അവസരം പോലും നേട്ടമാക്കി മാറ്റുന്ന മഹിയിലെ വിക്കറ്റ് കീപ്പറെ... ഇതൊക്കെയാണ് ടീമിന് ആവശ്യം. ഇംഗ്ലണ്ടിലെ പേസ് പിച്ചുകളില്‍ ഒരറ്റം കാത്ത് ടീമിനെ രക്ഷിക്കാന്‍ ധോണിയുണ്ടായിരുന്നെങ്കിലെന്ന് ആരും കുറ്റം പറയരുതെന്നും സിലക്ടര്‍മാര്‍ക്കുണ്ടാകും.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിക്കറ്റ് കീപ്പിങ് ഒഴികെയുള്ള മേഖലകളില്‍ മിസ്റ്റര്‍ കൂള്‍ പരാജയപ്പെടുകയാണ്. വിക്കറ്റിനിടയിലൂടെ ശരവേഗത്തില്‍ പായാന്‍ ഇപ്പോഴും സാധിക്കുന്നുണ്ടെങ്കിലും ബൗണ്ടറികള്‍ കണ്ടെത്താനാകാതെ ഉഴറുകയാണ്. ഒരറ്റത്തു പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുവെന്നതു നേര്. പക്ഷേ ആ നില്‍പ് വിജയത്തിലേക്കെത്തിക്കാനും ഈയിടെയായി കഴിയുന്നില്ല. ബാറ്റിങ് വഴിക്കു വന്നില്ലെങ്കില്‍ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയാലും കളത്തിലിറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA