sections
MORE

ശുഭ്മാൻ ഗില്ലിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ വയ്ക്കാം; കാരണം, ദ്രാവിഡ് ‘പഠിപ്പിച്ച കുട്ടിയാണ്‘ !

Rahul-Dravid
SHARE

ന്യൂഡൽഹി∙ രാഹുൽ ദ്രാവിഡ് എന്ന ‘വൻമതിൽത്തണലി’ൽനിന്ന് ടീം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് ഇതാ ഒരു പുത്തൻ താരം ഉദിച്ചുയരുന്നു. മൊഹീന്ദർ അമർനാഥിൽ തുടങ്ങി നവ്ജ്യോത് സിദ്ദുവിലൂടെ യുവരാജ് സിങ്ങിലെത്തിയ പഞ്ചാബിക്കരുത്തിന്റെ അടയാളങ്ങളുള്ള പുത്തൻ താരോദയത്തിന്റെ പേര് ശുഭ്മാൻ ഗിൽ. ഗില്ലിനെക്കുറിച്ച് ഏറെ പറഞ്ഞുകഴിഞ്ഞെങ്കിലും അധികമൊന്നും പറയാതെ തന്നെ ഈ താരത്തെ ഇന്ത്യൻ ക്രിക്കറ്റിൽ അടയാളപ്പെടുത്താനുതകുന്ന നാമമാണ്, രാഹുൽ ദ്രാവിഡ്. ടീമിലേക്കുള്ള വിളി വന്നതിനു പിന്നാലെ നൽകിയ അഭിമുഖങ്ങളിലെല്ലാം ഗിൽ എടുത്തു പറഞ്ഞതും ആ നാമമാണ്.

‘ക്രിക്കറ്റ് താരമെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത് രാഹുൽ സാറാണ് (രാഹുൽ ദ്രാവിഡ്). അദ്ദേഹമാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതും. കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം എന്നോടൊപ്പമുണ്ട്. അണ്ടർ 19 ടീമിലുണ്ടായിരുന്ന കാലത്തും ഇന്ത്യ എ ടീമിനൊപ്പമുള്ള പര്യടനങ്ങളിലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടായിരുന്നു. എന്റെ ബാറ്റിങ് ശൈലി ഏറ്റവുമധികം മനസ്സിലാക്കിയും അതു മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകി കൂടെനിന്നും രാഹുൽ സാർ തന്നെ’ – ഗിൽ പറഞ്ഞു.

ഇതോടെ രാഹുൽ ദ്രാവിഡ് എന്ന വൻമതിൽത്തണലിൽനിന്ന് ടീം ഇന്ത്യയിലേക്ക് കാലെടുത്തുവയ്ക്കുന്ന പുത്തൻ താരോദയവുമാകുന്നു, ഗിൽ. മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി തുടങ്ങി ദ്രാവിഡ് ഒരുക്കിയ കരുതൽ ശേഖരത്തിൽനിന്ന് ദേശീയ ടീമിലേക്ക് സിലക്ടർമാർ തിരഞ്ഞെടുത്ത പൊന്‍പതക്കങ്ങൾ ഒട്ടേറെ. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിക്കുറിച്ച് ആരെയും കൂസാത്തൊരു യുവതലമുറ വരവറിയിക്കുമ്പോൾ, അതിൽ ദ്രാവിഡ് വഹിച്ച, വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല. ദ്രാവിഡുമായി കൂടിയാലോചിച്ചാണ് ഗില്ലിനെ ടീമിലേ‍ക്കു വിളിച്ചതെന്ന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദു തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇനി ദ്രാവിഡിനെക്കുറിച്ച്. ഇദ്ദേഹത്തിൽനിന്നു നിന്നു പാഠങ്ങൾ ഉൾക്കൊണ്ട താരങ്ങൾ തന്നെയാണു പരിശീലകന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ. ഐപിഎല്ലിൽ മുംബൈയുടെ കാമിയോ റോളുകളിലൂടെ കടന്നുവന്ന ഹാർദിക് പാണ്ഡ്യയും ഹനുമ വിഹാരിയുമെല്ലാം ദ്രാവിഡിന്റെ സ്വാധീനം തുറന്നു സമ്മതിച്ചവരാണ്.  ഇവർ മാത്രമല്ല, നമ്മുടെ സഞ്ജു മുതൽ കെവിൻ പീറ്റേഴ്സൺ വരെയുണ്ട് ‘വൻമതിലിന്റെ തണലിൽ’ സ്വന്തം മികവിന്റെ അളവുകോൽ ഉയർത്തിയവരിൽ.

ഇന്ത്യൻ ക്രിക്കറ്റിന് ഒരു കാലത്തും പ്രതിഭാദാരിദ്ര്യം അനുഭവിക്കേണ്ടിവന്നിട്ടില്ല. പക്ഷേ, പ്രതിഭകളെന്നു വിശേഷണം കേട്ടവർ പിന്നീടു നിരാശപ്പെടുത്തുന്ന കാഴ്ചകൾ പലതുമുണ്ടായിട്ടുണ്ട്. തുടക്കത്തിലെ കൈവന്ന താരത്തിളക്കത്തോടും പ്രതീക്ഷകളോടും പൊരുത്തപ്പെടാനാവാതെയാണു പലരും രാജ്യാന്തര ക്രിക്കറ്റിന്റെ വിലാസമാവാതെ പോയത്. അമോൽ മജുംദാറും അമയ് ഖുറാസിയയും മുതൽ അംബാട്ടി റായുഡു വരെയുള്ളവർ ഇതിനുദാഹരണം. ഋഷഭ് പന്തും പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും പോലുള്ളവർക്ക് അക്കാര്യത്തിൽ ഇനി പേടി വേണ്ട. കാരണം കളത്തിലും ജീവിതത്തിലും ഒരുപോലെ തുണയ്ക്കുന്ന മാർഗനിർദേശങ്ങളുമായി ഒരു വൻമതിൽ അവർക്കൊപ്പമുണ്ടല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA