sections
MORE

‘അയ്യേ, വിജയ് ശങ്കറോ?’; ‘നിദാഹാസ് പ്രകടന’ത്തിന്റെ ഓർമയിൽ ഇന്ത്യൻ ആരാധകർ

vijay--shankar
SHARE

മുംബൈ∙ ‘അയ്യേ, ഇവനോ?’... വിവാദക്കുരുക്കിലകപ്പെട്ട ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവർക്കു പകരം ഓസ്ട്രേലിയ, ന്യൂസീലൻഡ് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിജയ് ശങ്കർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പൊതുവേയുള്ള ആരാധക പ്രതികരണം ഇങ്ങനെയായിരുന്നു. ന്യൂസീലൻഡിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് ഋഷഭ് പന്തും ശ്രേയസ് അയ്യരും ഉൾപ്പെടെയുള്ള താരങ്ങളെ മറികടന്ന് ടീമിലെത്താൻ വിജയ് ശങ്കറിനെ സഹായിച്ചത്.

അവിടെ മൂന്നു മൽസരങ്ങളിൽ 87*, 59, 42 എന്നിങ്ങനെയായിരുന്നു ശങ്കറിന്റെ പ്രകടനം. ഇന്ത്യയ്ക്കായി ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ശങ്കർ തന്നെ. ബോളിങ്ങിലും ആശ്രയിക്കാവുന്ന മീഡിയം പേസർ എന്ന വിലാസം കൂടി ചേർന്നതോടെ ഒരി‍ക്കൽക്കൂടി ശങ്കർ ദേശീയ ടീമിൽ ഇടംപിടിച്ചു. രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും ട്വന്റി20യിൽ അഞ്ചു മൽസരങ്ങൾ കളിച്ചിട്ടുണ്ട്, ശങ്കർ. അതിൽ ബാറ്റിങ്ങിന് അവസരം കിട്ടിയത് ഒരി‍ക്കൽ മാത്രം.

ഇനി, തമിഴ്നാട്ടിൽനിന്നുള്ള ഈ ഓൾറൗണ്ടറെ ടീമിലെടുത്തതിന് ആരാധകർ മൂക്കത്തു വിരൽ വച്ചതെന്തിനാണ്? ഉത്തരം കിട്ടണമെങ്കിൽ 2018 മാർച്ച് 18ന് ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫി ഫൈനൽ വേദിയിലേക്കു പോകണം. അന്ന് ഏറ്റുമുട്ടിയത് ഇന്ത്യയും ബംഗ്ലദേശും. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് സാബിർ റഹ്മാന്റെ അർധസെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ സ്വന്തമാക്കിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ്. ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കർ ഇന്ത്യൻ ബോളർമാരിലെ ഏറ്റവും വലിയ ‘തല്ലുവാങ്ങി’യായി. നാല് ഓവറിൽ വഴങ്ങിയത് 48 റൺസ്!

എന്നാൽ, ഇതിലും വലിയ ‘ആപത്താ’ണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചപ്പോൾ വിജയ് ശങ്കറിനെ കാത്തിരുന്നത്. അദ്ദേഹത്തെ ആരാധകരുടെ കണ്ണിലെ കരടാക്കിയ പ്രകടനം. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയുടെ അർധസെഞ്ചുറിക്കരുത്തിൽ (42 പന്തിൽ 56) ഇന്ത്യ ഭേദപ്പെട്ട നിലയിലായിരുന്നു. 14–ാം ഓവറിന്റെ രണ്ടാം പന്തിൽ രോഹിത് ശർമ പുറത്തായപ്പോഴാണ് വിജയ് ശങ്കർ ബാറ്റിങ്ങിനെത്തിയത്. ഒപ്പമുണ്ടായിരുന്നത് കർണാടകക്കാരൻ മനീഷ് പാണ്ഡെ.

അഞ്ചാം വിക്കറ്റിൽ 28 പന്തുകൾ ക്രീസിൽനിന്ന പാണ്ഡെ–ശങ്കർ സഖ്യം കൂട്ടിച്ചേർത്ത് 35 റൺസായിരുന്നു. ഈ സഖ്യം ക്രീസിൽ നിൽക്കുമ്പോഴാണ് കരിയറിൽ വിജയ് ശങ്കർ ഏറ്റവും മറക്കാൻ ആഗ്രഹിക്കുന്ന ഓവറിന് അരങ്ങൊരുങ്ങിയത്. ഏറ്റവും വിദഗ്ധമായി യോർക്കറുകൾ പ്രയോഗിക്കുന്ന മുസ്താഫിസുർ റഹ്മാനാണ് ബംഗ്ലദേശിനായി 18–ാം ഓവർ എറിയാനെത്തിയത്.

18 പന്തിൽ വിജയത്തിലേക്ക് 34 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഇന്ത്യൻ ആരാധകർ വിജയത്തിനായി അക്ഷമരായി കാത്തിരിക്കെ ഓവർ ആരംഭിച്ചു. ആദ്യ പന്തിൽ ശങ്കർ ബാറ്റു വീശിയെങ്കിലും റൺസൊന്നും നേടാനായില്ല. ഓഫ്കട്ടറായെത്തിയ രണ്ടാം പന്തിലും വിജയ് ശങ്കർ നിരായുധനായി. വൈഡിന്റെ ചുവയുണ്ടായിരുന്ന മൂന്നാം പന്തിനും ശങ്കർ ആഞ്ഞു ബാറ്റുവീശി. ഇക്കുറിയും നിരാശ ഫലം. റണ്ണില്ല. നാലാം പന്തിലും വിജയ് ശങ്കറിനു റണ്ണെടുക്കാനാകാതെ പോയതോടെ ആരാധകരുടെ ക്ഷമ നശിച്ചു. ബംഗ്ലദേശാകട്ടെ, കൈവിട്ടുവെന്നു കരുതിയ മൽസരം തിരിച്ചുപിടിച്ച സന്തോഷത്തിലും. അഞ്ചാം പന്തിൽ ഒരുവിധത്തിൽ പന്തു ബാറ്റിൽ തട്ടിച്ച് സിംഗിൾ തട്ടിക്കൂട്ടി, ശങ്കർ. അതും വിനയായി. സമ്മർദ്ദം സഹിക്കാനാകാതെ അവസാന പന്തിൽ പാണ്ഡെ പുറത്ത്!

ആ ഓവറിൽ പിറന്നത് വെറും ഒരു റൺ മാത്രം. 27 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 28 റൺസെടുത്താണ് പാണ്ഡെ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയത് ശങ്കറിന്റെ നാട്ടുകാരൻ കൂടിയായ ദിനേഷ് കാർത്തിക്. ഇന്ത്യയുടെ വിജയലക്ഷ്യം 12 പന്തിൽ 34 റൺസും. എന്തായാലും അസാധാരണ മികവോടെ ദിനേഷ് കാർത്തിക് നിറഞ്ഞാടിയതോടെ അടുത്ത ഓവറിൽ പിറന്നത് 22 റൺസ്. രണ്ടു സിക്സും രണ്ടു ബൗണ്ടറിയും സഹിതമാണ് കാർത്തിക് ഈ ഓവറിൽ 22 റൺസ് അടിച്ചത്.

ഇതോടെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 12 റൺസ്. ആദ്യ അഞ്ചു പന്തിൽ നാലെണ്ണം നേരിട്ട വിജയ് ശങ്കർ ഒരു ബൗണ്ടറി സഹിതം നേടിയത് അഞ്ചു റൺസ്. അഞ്ചാം പന്തിൽ പുറത്താവുകയും ചെയ്തു. നിർണായക ഘട്ടത്തിൽ ബാറ്റിങ്ങിനെത്തിയ ശങ്കർ 19 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 18 റൺസെടുത്താണ് കൂടാരം കയറിയത്. അവസാന പന്തിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് അഞ്ചു റൺസ് വേണമെന്നിരിക്കെ, വിജയ് ശങ്കർ അക്ഷരാർഥത്തിൽ വില്ലനായി. അവസാന പന്തിൽ അസാമാന്യ മികവോടെ സിക്സ് കണ്ടെത്തിയ ദിനേഷ് കാർത്തിക് മൽസരം ജയിപ്പിച്ചെടുത്തെങ്കിലും വിജയ് ശങ്കർ ഇന്ത്യൻ ആരാധകരുടെ കണ്ണിലെ കരടായി മാറിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA