sections
MORE

ധോണി വീണ്ടും ‘നായക വേഷ’ത്തിൽ, ക്ലാസ് തെളിയിച്ച് കോഹ്‍ലി, ഭുവി; ഇന്ത്യ വീണ്ടും ‘ടീമായി’

dhoni-australian-players
SHARE

അഡ്‌ലെയ്ഡ് ∙ റൺ ചേസിങ്ങിലെ രാജകുമാരൻ എന്ന പേര് അന്വർഥമാക്കി 39–ാം ഏകദിന സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി, മെല്ലെപ്പോക്കിനു പഴി പറഞ്ഞവരുടെ വായടപ്പിച്ച് ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ‘ഫിനിഷർ’ റോളിൽ മടങ്ങിയെത്തിയ മഹേന്ദ്രസിങ് ധോണി, ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലും മികച്ച സ്പെല്ലുകളുമായി ഓസീസിനെ 300നു ചുവടെ ഒതുക്കിയ ഭുവനേശ്വർ കുമാർ, ചടുലമായ ഫീൽഡിങ്ങിലൂടെ ഇന്ത്യൻ ആത്മവിശ്വാസം വാനോളമുയർത്തിയ രവീന്ദ്ര ജഡേജ... ആത്മവിശ്വാസമുയർത്തിയ ഇത്തരം വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം കരുത്താർന്ന കൂട്ടുകെട്ടുകളും ഒത്തുചേർന്നതോടെ അഡ്‌ലെയ്ഡിൽ ഇന്ത്യ നേടിയത് ‘ജീവൻ നിലനിർത്തിയ’ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 50 ഓവറിൽ ഒൻപതു വിക്കറ്റിൽ 298 റണ്‍സ് നേടിയപ്പോൾ, ഇന്ത്യ നാലു പന്തു ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.

സിഡ്നിയിലെ അപ്രതീക്ഷിത പരാജയം ഇന്ത്യൻ ടീമിന് അക്ഷരാർഥത്തിൽ ഉണർത്തു പാട്ടായി എന്നു വേണം പറയാൻ. ടെസ്റ്റ് പരമ്പരയിലെ ചരിത്രനേട്ടത്തിന്റെ പകിട്ടിൽ അൽപം കണ്ണു മഞ്ഞളിച്ചുപോയതിനു കിട്ടിയ ശിക്ഷയായിരുന്നു സിഡ്നി ഏകദിനത്തിലെ തോൽവി. തീർത്തും നിരുത്തരവാദിത്തപരമായ കളിയിലൂടെ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ബാറ്റ്സ്മാൻമാരും, ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ ബോളർമാരും ചേർന്ന് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു അവിടെ. ഇക്കുറി കഥ മാറി. അരങ്ങേറ്റക്കാരന്റെ പകപ്പോടെ കളിച്ച മുഹമ്മദ് സിറാജിനെ മാറ്റിനിർത്തിയാൽ ഇന്ത്യൻ പ്രകടനം മികച്ചതായിരുന്നു. ഫലം, രണ്ടാം ഏകദിനത്തിൽ ഓർമിക്കാനൊരു വിജയം. ഒപ്പം പരമ്പരയിൽ ഓസ്ട്രേലിയയ്ക്കൊപ്പവും!

∙ ക്ലാസ് തെളിയിച്ച് കോഹ്‍ലി, ഭുവി

ബാറ്റിങ്ങിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ബോളിങ്ങിൽ ഭുവനേശ്വർ കുമാർ. ഇന്ത്യൻ വിജയത്തിൽ ‘ക്ലാസ് പ്രകടനങ്ങളു’മായി പേരു ചാർത്തിയ താരങ്ങൾ. ആദ്യ ഏകദിനത്തിൽ സമ്പൂർണ നിരാശ സമ്മാനിച്ച ഇരുവരും തെറ്റുകളിൽനിന്നു പാഠം പഠിച്ചു നടത്തിയ തിരിച്ചടിയാണ് അഡ്‌ലെയ്ഡിൽ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയതും വിജയം സമ്മാനിച്ചതും.

പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ശിഖർ ധവാനെ (28 പന്തിൽ 32) ബഹ്റെൻഡ്രോഫ് മടക്കിയതോടെ എട്ടാം ഓവറിൽ ക്രീസിലെത്തിയ കോഹ്‌ലിയെ 44–ാം ഓവറിലാണ് ഓസീസിനു പുറത്താക്കാനായത്. എന്നാൽ അതിനോടകം ഏകദിനത്തിലെ 39–ാം സെഞ്ചുറിയോടെ ഓസീസിന്റെ പതനത്തിനു കോഹ്‌ലി വഴിമരുന്നിട്ടിരുന്നു. 112 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 104 റൺസ് നേടിയ കോഹ്‌ലി മൂന്ന് അർധ സെഞ്ചുറി കൂട്ടുകെട്ടുകളിലും പങ്കാളിയായി. നാലാം വിക്കറ്റിൽ ധോണിക്കൊപ്പം 82, മൂന്നാം വിക്കറ്റിൽ റായുഡുവിനൊപ്പം 59, രണ്ടാം വിക്കറ്റിൽ രോഹിതിനൊപ്പം 54. കളിയിലെ താരവും ഉജ്വല സെഞ്ചുറിയോടെ ടീമിനെ മൂന്നിൽനിന്നു നയിച്ച കോഹ‌്‍ലി തന്നെ.

കോഹ്‍ലിയുടെ ഭാഗ്യവേദിയായി അറിയപ്പെടുന്ന അഡ്‌ലെയ്ഡിൽ നേടിയ ഈ സെഞ്ചുറിയോടെ, ഏകദിനത്തിൽ ഓസീസ് മണ്ണിൽ കോഹ്‍ലിയുടെ സെഞ്ചുറി നേട്ടം അഞ്ചായി. കുമാർ സംഗക്കാര, രോഹിത് ശർമ എന്നിവർക്കൊപ്പം ഓസീസ് മണ്ണിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടുന്ന സന്ദർശക ടീം താരമെന്ന നേട്ടം ഇനി കോഹ്‍ലിക്കും സ്വന്തം. സ്കോർ പിന്തുടരുമ്പോൾ കോഹ്‍ലിയുടെ 24–ാം സെഞ്ചുറി കൂടിയാണ് ഇത്. 17 സെഞ്ചുറി നേടിയിട്ടുള്ള സച്ചിനാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു പിന്നിലുള്ളത്. 11 സെഞ്ചുറി വീതം നേടിയ ക്രിസ് ഗെയ്‍ൽ, ദിൽഷൻ എന്നിവർ മൂന്നാമതുണ്ട്. റൺസ് പിന്തുടരുമ്പോൾ നേടിയ 24 സെഞ്ചുറികളിൽ 21ലും ഇന്ത്യ ജയിച്ചു. വിദേശത്ത് 22–ാം സെഞ്ചുറി, ഓസ്ട്രേലിയയ്ക്കെതിരെ ആറാം സെഞ്ചുറി, ക്യാപ്റ്റനെന്ന നിലയിൽ 17–ാം െസഞ്ചുറി തുടങ്ങിയ നേട്ടങ്ങളുമുണ്ട്.

സിഡ്നി ഏകദിനത്തിൽ ഓസീസ് ബാറ്റ്സ്മാൻമാർ അടിച്ചു പഞ്ചറാക്കിവിട്ടതിന് ഉഗ്രൻ മറുമരുന്നുമായാണ് ഭുവനേശ്വർ കുമാർ കളിക്കിറങ്ങിയത്. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ഏകദിനം കളിച്ചതിന്റെ പ്രശ്നങ്ങവാണ് ആദ്യ മൽസരത്തിൽ കണ്ടതെന്ന് പറഞ്ഞ ഭുവി, രണ്ടാം ഏകദിനത്തിൽ തിരിച്ചെത്തുമെന്ന് ആരാധകർക്കു നൽകിയ വാക്കു പാലിച്ചു. ആദ്യ 5 ഓവറിൽ ഭുവി വിട്ടു നൽകിയത് 9 റൺസ് മാത്രം. ഇതോടൊപ്പം കിടിലൻ ഇൻ സ്വിങ്ങറിലൂടെ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റും ഭുവി തെറിപ്പിച്ചു. മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ളവർ റൺ വഴങ്ങുന്നതിൽ ധാരാളിത്തം കാട്ടിയപ്പോൾ ഭുവിയുടെ സ്പെല്ലുകളാണ് ഓസീസ് സ്കോർ 300 കടക്കാതെ കാത്തത്. 10 ഓവറിൽ 45 റൺസ് വഴങ്ങിയ ഭുവനേശ്വർ നാലു വിക്കറ്റും വീഴ്ത്തി. ഷോൺ മാർഷ്, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ പുറത്തായ, മൽസരത്തിൽ വഴിത്തിരിവായ ഓവറും അതിൽപ്പെടും.

∙ ബാറ്റിങ്ങിൽ ഒത്തുപിടിച്ചു നേടിയ ജയം

ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെ ഇന്ത്യൻ വിജയത്തിലെ മുഖ്യശിൽപി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങിയെങ്കിലും ധോണിയും കാർത്തിക്കും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഏകദിനത്തിലെ 69–ാം അർധസെഞ്ചുറി കുറിച്ച ധോണി 55 പന്തിൽ രണ്ടു സിക്സുകൾ ഉൾപ്പെടെ 55 റൺസുമായി പുറത്താകാതെ നിന്നു. കാർത്തിക് 14 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 25 റൺസെടുത്തു.

വ്യക്തിഗത നേട്ടങ്ങളേക്കാൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ബാറ്റ്സ്മാൻമാരുടെ ഒത്തൊരുമിട്ടുള്ള ശ്രമമാണ്. ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നത് ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ശുഭ വാർത്തയാണ്. അർധസെഞ്ചുറിക്കു മൂന്നു റൺസ് അകലെ പിരിഞ്ഞ ഓപ്പണിങ് വിക്കറ്റിലൊഴികെ മറ്റു കൂട്ടുകെട്ടുകളെല്ലാം അർധസെഞ്ചുറി പിന്നിട്ടുവെന്നത് ശ്രദ്ധേയം.

ഓരോ വിക്കറ്റിലും ഇന്ത്യൻ പ്രകടനമിങ്ങനെ: 

1-ാം വിക്കറ്റ് (ശിഖർ ധവാൻ – രോഹിത് ശർമ) – 47

2–ാം വിക്കറ്റ് (രോഹിത് ശർമ – വിരാട് കോഹ്‍ലി) – 54

3–ാം വിക്കറ്റ് (വിരാട് കോഹ്‍ലി–അമ്പാട്ടി റായുഡു) – 59

4–ാം വിക്കറ്റ് (വിരാട് കോഹ്‍ലി – എം.എസ്. ധോണി) – 82

5–ാം വിക്കറ്റ് (എം.എസ്. ധോണി – ദിനേഷ് കാർത്തിക്) – 57*

∙ ഫിനിഷർ ധോണിയുടെ തിരിച്ചുവരവ്

ധോണി അവസാന ഓവറിൽ സിക്സ് നേടുന്ന, ടീമിനെ വിജയത്തിലെത്തിക്കുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റിന് അന്യമായിട്ട് എത്ര കാലമായിക്കാണും? ഈ നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗധേയം പോലും നിർണയിച്ച കേളീശൈലിക്കുടമയായ ധോണിയെ, വഴിയെ പോകുന്നവർ പോലും വിമർശിക്കുന്ന പതിവിനിടെയാണ് താരത്തിന്റെ തിരിച്ചുവരവെന്നത് ശ്രദ്ധേയം.

ഉജ്വല ഇന്നിങ്സോടെ ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചതിനു തൊട്ടുപിന്നാലെ വീരേന്ദർ സേവാഗ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ, ‘പിക്ചർ‌ അഭി ഭി ബാക്കി ഹെ മേരേ ദോസ്ത്! ഓം ശാന്തി ഓം ഇന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രത്തിൽ ഷാറൂഖ് ഖാൻ, വില്ലനായ അർജുൻ രാം പാലിനോടു പറയുന്ന പഞ്ച് ഡയലോഗാണിത്. ‘എന്റെ കളി നിങ്ങൾ ഇനി കാണാനിരിക്കുന്നതേയുള്ളു’ എന്ന അർഥംവച്ചുള്ള പ്രയോഗം. മുപ്പത്തിയേഴുകാരനായ ധോണിയുടെ ബാറ്റിങ് ഫോമിനെ വിമർശിക്കുന്നവരെ ഉന്നം വച്ചുള്ളതാണു സേവാഗിന്റെ ട്വീറ്റ്.

ടീം കൂട്ടത്തകർച്ചയെ നേരിടുന്ന ഘട്ടത്തിൽ ബാക്​ഫുടിലേക്കു വലിഞ്ഞു നിലയുറപ്പിക്കുന്ന ധോണി മൽസരം പുരോഗമിക്കുന്നതിന് അനുസരിച്ച സ്കോറിങ് വേഗം കൂട്ടി ടീമിനെ രക്ഷകനാകുന്ന കാഴ്ച ഇന്ത്യൻ ആരാധകർ പലവട്ടം കണ്ടിട്ടുണ്ട്. ഈ ഫിനിഷിങ് മികവിന് കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിക്കാൻ ഇന്നത്തെ ഇന്നിങ്സിലൂടെ ധോണിക്കായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA