sections
MORE

കയ്യടിക്കാം, കേരളത്തെ അട്ടിമറി വീരൻമാരാക്കി വളർത്തിയ വാട്മോറിനും സക്സേനയ്ക്കും!

whatmore-saxena
SHARE

കൊച്ചി∙ താരങ്ങൾക്കായി ശതകോടികൾ വാരിയെറിഞ്ഞാണ് ഐപിഎൽ ക്രിക്കറ്റിൽ ഓരോ ടീമും കരുത്തു സമ്പാദിക്കുക. പണവും തന്ത്രങ്ങളും ചേരുന്നൊരു കളിയാണ് ഈ താരലേലം. ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ ഏതാനും വർഷം മുൻപു വരെ ദുർബലരായിരുന്ന കേരള ടീമിനെ ഇന്നു രാജ്യത്ത് ആരും ഭയക്കുന്ന ടീമാക്കി മാറ്റിയതിനു പിന്നിലും കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പണമെറിഞ്ഞുള്ള ഇത്തരമൊരു തന്ത്രപരമായ നീക്കമായിരുന്നു.

ടീമിനെ ജയിപ്പിക്കാൻ പഠിപ്പിച്ച വിഖ്യാതനായ ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്മോറും ഓൾറൗണ്ട് മികവു കൊണ്ടു വിജയങ്ങളിലെ മുഖ്യഘടകമായ മധ്യപ്രദേശുകാരൻ ജലജ് സക്സേനയും; തുടർച്ചയായി രണ്ടാം വർഷവും കേരളത്തെ അട്ടിമറി വീരൻമാരാക്കി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിലെത്തിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് ഇവരാണ്. ഇപ്പോഴിതാ ചരിത്രം കുറിച്ച് കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലിലും കടന്നിരിക്കുന്നു.

ആ മുന്നേറ്റത്തിനു കേരളം നടത്തിയ നിക്ഷേപം 1.25 കോടി രൂപ. രണ്ടു വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന വാട്മോറിന് 35 ലക്ഷമാണു വാർഷിക പ്രതിഫലം. ജലജ് കഴിഞ്ഞ മൂന്നു സീസണായി കേരളത്തിനൊപ്പമുണ്ട്. 15 ലക്ഷം രൂപയായിരുന്നു 2016-17 സീസണിൽ പ്രതിഫലമെങ്കിൽ കഴിഞ്ഞ രണ്ടു സീസണായി ഇത് 20 ലക്ഷം രൂപ വീതം. കഴിഞ്ഞ രണ്ടു സീസണായി കേരളത്തിനു വേണ്ടി കളിക്കുന്ന മറ്റൊരു ഇതര സംസ്ഥാന താരമായ അരുൺ കാർത്തിക്കിനു വേണ്ട വിധം തിളങ്ങാനാവുന്നില്ലെങ്കിലും ആ കുറവു കൂടി നികത്തുന്നതാണു ജലജിന്റെ ഓൾറൗണ്ട് മികവ്. പ്രതിഫലത്തിന്റെ കാര്യത്തിലും അരുൺ ജലജിനെക്കാൾ ഏറെ പിന്നിലാണ്.

ശ്രീലങ്കയെ ലോക ചാംപ്യൻമാരാക്കുകയും ബംഗ്ലാദേശിനെ കരുത്തരാക്കി വളർത്തുകയും ചെയ്ത വാട്മോറിനെ പോലൊരു രാജ്യാന്തര പരിശീലകൻ ഇന്ത്യയിൽ മറ്റൊരു രഞ്ജി ടീമിനും അവകാശപ്പെടാനില്ലാത്തതാണ്. അപ്രതീക്ഷിതമായാണ് ആ ഭാഗ്യം കേരളത്തെ തേടിയെത്തുന്നത്.

ചെന്നൈ ശ്രീരാമ കൃഷ്ണ മെഡിക്കൽ കോളജിൽ ട്രൂകോച്ച് പദ്ധതിയുടെ ഭാഗമായാണു വാട്മോർ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് സീസൺ നടക്കുന്ന 6 മാസത്തോളം അദ്ദേഹത്തിനു കോളജിൽ പരിശീലനമില്ലാത്ത സമയമാണ്. അവിടെ ക്രിക്കറ്റ് പ്രോജക്ട് തലവനായിരുന്ന കേരളത്തിന്റെ മുൻ രഞ്ജി ടീം ക്യാപ്റ്റൻ എസ്.രമേശ് ആണു വാട്മോറിന് ഒഴിവുള്ള ഈ 6 മാസക്കാലം കേരളത്തിനായി ഉപയോഗപ്പെടുത്താനാവുമോ എന്ന ആശയം കെസിഎയുമായി പങ്കുവയ്ക്കുന്നത്. കെസിഎ ഭാരവാഹികൾ ചെന്നൈയിലെത്തി ചർച്ച നടത്തിയപ്പോൾ ദുർബലരെ കരുത്തരാക്കുന്നതിൽ ഹരം കാണുന്ന വാട്മോർ ആ വെല്ലുവിളി സന്തോഷത്തോടെ  ഏറ്റെടുക്കുകയായിരുന്നു.

ഇതര സംസ്ഥാന കളിക്കാരെ കേരളം മുൻപും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജലജ് സക്സേനയെ പോലെ ഇത്രയേറെ മികവു പുലർത്തിയ നിർണായക താരത്തെ ലഭിക്കുന്നതും ഇതാദ്യം. കേരള ക്രിക്കറ്റിനു പരിചയ സമ്പന്നനായ ഒരു ഓൾറൗണ്ടറെ വേണമെന്ന മുൻകാല താരങ്ങളുടെ അഭിപ്രായം പരിഗണിച്ചു നടത്തിയ അന്വേഷണമാണ് ഇന്ത്യ എ ടീമിൽ ഇടം പിടിച്ചിട്ടുള്ള ജലജിലെത്തിയത്.

ജലജ് ഉൾപ്പെട്ട ഇന്ത്യ എ ടീം ന്യൂസീലൻഡിൽ പര്യടനം നടത്തിയപ്പോൾ ടീമിന്റെ മാനേജരായിരുന്നു കെസിഎ പ്രസിഡന്റായിരുന്ന ജയേഷ് ജോർജ്. പിന്നീടു ജലജ് മധ്യപ്രദേശ് ടീം വിടാൻ പദ്ധതിയിടുന്നതായി അറിഞ്ഞപ്പോൾ മുൻ ഇന്ത്യൻ താരമായ ടിനു യോഹന്നാൻ വഴി ചർച്ച നടത്തിയാണു ജലജിനെ കേരള നിരയിലെത്തിച്ചത്.

ബാറ്റ്സ്മാനെന്ന നിലയിലും ഓഫ് സ്പിന്നറെന്ന നിലയിലും ജലജ് കഴിഞ്ഞ മൂന്നു സീസണിലും കേരളത്തിനു മുതൽക്കൂട്ടാണ്. കഴിഞ്ഞ സീസണിൽ രഞ്ജിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബോളറായി. ഈ സീസണിൽ ആറ് മൽസരങ്ങളിൽ നിന്ന് 479 റൺസാണ് അടിച്ചു കൂട്ടിയത്. തുടക്കത്തിൽ ഓപ്പണറായിരുന്നു ജലജ് പിന്നെ മധ്യ നിരയിലേക്കു മാറുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനവും  ജലജിന്റേതാണ്. ആന്ധ്രക്കെതിരെയുള്ള 45 റൺസ് വഴങ്ങിയുള്ള 8 വിക്കറ്റ് പ്രകടനം.

പിൻകുറിപ്പ്: രഞ്ജി ട്രോഫിയിലെ നിർണായക മൽസരത്തിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം ക്വാർട്ടർ‌ ഉറപ്പാക്കുമ്പോൾ ജലജ് സക്സേന ടീമിലുണ്ടായിരുന്നില്ല. പരുക്കുമൂലം പുറത്തായിരുന്നു. എന്നിട്ടും കേരളം ജയിച്ചുകയറിയെന്നതിലാണ് ഇവർ പകർന്ന ആത്മവിശ്വാസത്തിന്റെ കരുത്ത്. ജയിക്കാൻ അറിയാവുന്നവരുടെ ടീമായി കേരളം മാറിയിരിക്കുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA