sections
MORE

വിരലിലെ പൊട്ടൽ അവഗണിച്ച് ഒറ്റക്കയ്യിൽ ബാറ്റുമായി സഞ്ജു കളത്തിൽ; ഇതാണ് സമർപ്പണം!

sanju-broken-finger
SHARE

കൃഷ്ണഗിരി (വയനാട്)∙ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മൽസരത്തിനിടെ, പരുക്കേറ്റിട്ടും വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി. ബോളർമാരെ കൈവിട്ടു സഹായിക്കുന്ന കൃഷ്ണഗിരിയിൽ, കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എന്ന നിലയിൽ തകർന്നതോടെയാണ് സഞ്ജു പതിനൊന്നാമനായി ക്രീസിലെത്തിയത്. കൈവിരലിലെ പൊട്ടൽ അവഗണിച്ച് ഒറ്റക്കൈ കൊണ്ടായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് സക്സേന എട്ടു റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ സഞ്ജു പുറത്താവുകയും ചെയ്തു. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ ഹിമാചൽ പ്രദേശിനെതിരെ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടി കേരളത്തെ ക്വാർട്ടറിലേക്കു നയിച്ചതിനു പിന്നാലെയാണ് ക്വാർട്ടർ പോരിനിടെ പരുക്ക് വില്ലനായെത്തിയത്.

ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ഗുജറാത്ത് ബോളർ കലേരിയയുടെ പന്തുകൊണ്ട് സഞ്ജുവിന്റെ വലതുകയ്യിലെ മോതിരവിരലിനാണ് പരുക്കേറ്റത്. ഗ്ലൗ ധരിച്ചിരുന്നെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതോടെയാണു കളി നിർത്താൻ തീരുമാനിച്ചത്. എക്സറേയിൽ എല്ലിന് പൊട്ടലുണ്ടെന്നു തെളിഞ്ഞു. പ്ലാസ്റ്റർ ഇട്ടു. വിരൽ അനക്കരുതെന്നും മൂന്നാഴ്ചത്തെ പൂർണവിശ്രമം വേണമെന്നുമാണ് ഡോക്ടർ നിർദേശിച്ചത്. ഇതോടെ ഒന്നാം ഇന്നിങ്സിൽത്തന്നെ പാതിവഴിയിൽ കേരളത്തിന് സഞ്ജുവിന്റെ സേവനം നഷ്ടമായിരുന്നു.

എങ്കിലും നിർണായക കളി ആയിരുന്നതിനാൽ രണ്ടാം ഇന്നിങ്സിൽ ആവശ്യമെങ്കിൽ പതിനൊന്നാമനായി ഇറങ്ങാമെന്ന് സഞ്ജു ടീമിനെ അറിയിക്കുകയായിരുന്നു. സിജോമോനും സക്സേനയും ചേർന്ന് ആറാം വിക്കറ്റിൽ സ്കോറിങ് വേഗത കൂട്ടുന്നതിനിടയിലാണു കൂട്ടുകെട്ടിന്റെ അന്തകനായി കലേറിയയെത്തിയത്. സിജോമോൻ പുറത്തായി അടുത്ത പന്തിൽ ബേസിൽ തമ്പി (0) യും തൊട്ടടുത്ത ഓവറിൽ സന്ദീപ് വാരിയരും (0) ഔട്ട്.

കേരളം 9–163 എന്ന നിലയിലായെങ്കിലും ജലജ് സക്സേന ഒരറ്റത്ത് ചെറുത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് സഞ്ജു ക്രീസിലിറങ്ങാൻ തീരുമാനിച്ചത്. വലതുഗ്ലൗവിൽ പ്ലാസ്റ്റർ ഇട്ട വിരൽ കയറ്റാൻ ഗ്ലൗവിലെ ആ ഭാഗം മുറിച്ചുകളഞ്ഞിരുന്നു. ഇടത്തേകൈ കൊണ്ട് ബാറ്റുവീശി 9 പന്തുകൾ നേരിട്ട സഞ്ജുവിനെ അക്സർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുടുക്കി. അപ്പോഴേക്കും കേരള ഇന്നിങ്സിലേക്ക് വിലപ്പെട്ട എട്ടു റൺസ് കൂടി സക്സേന കൂട്ടിച്ചേർത്തിരുന്നു.

∙ ‘ജലജ് നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായതിനാൽ അദ്ദേഹത്തിനു പിന്തുണ നൽകാനാണ് ഇറങ്ങിയത്. അദ്ദേഹം നേടുന്ന ഓരോ റണ്ണും നിർണായകമായിരുന്നു. എന്നാൽ, കളിയല്ലേ, എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കില്ലല്ലോ. തുടർച്ചയായി പന്തുകളെ അഭിമുഖീകരിക്കേണ്ടിവന്നു.’ – സഞ്ജു സാംസൺ

∙ ‘വലിയ ധീരതയാണു സഞ്ജു കാണിച്ചത്. നാലാഴ്ചയെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നിട്ടും ടീമിന്റെ ആവശ്യം മനസ്സിലാക്കി അവസരത്തിനൊത്തുയരാൻ സഞ്ജുവിനു കഴിഞ്ഞു.’ – സച്ചിൻ ബേബി, കേരള ക്യാപ്റ്റൻ

പരുക്കിലും തളരാതെ

∙ പരുക്കു പറ്റിയിട്ടും ടീമിനായി അർപ്പണ ബോധത്തോടെ കളത്തിലിറങ്ങിയ താരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2002ലെ ആന്റിഗ്വ ടെസ്റ്റിനിടെ താടിയെല്ലിനു പൊട്ടലേറ്റിട്ടും പ്ലാസ്റ്റർ ചുറ്റി ബോൾ ചെയ്യാനെത്തിയ അനിൽ കുംബ്ലെയെ മറക്കുന്നതെങ്ങനെ? പേസ് ബോളർ മെൽവിൻ ഡില്ലന്റെ പന്തു താടിയിലിടിച്ചാണു കുംബ്ലെയ്ക്കു പരുക്കേറ്റത്. എന്നിട്ടും വിൻഡീസിന്റെ ആദ്യ ഇന്നിങ്ങ്സ് തുടങ്ങിയപ്പോൾ താടിയിൽ ബാൻഡേജിട്ട് ഗ്രൗണ്ടിലേക്കു മടങ്ങിയെത്തി. വേദന കടിച്ചമർത്തി കുംബ്ലെ എറിഞ്ഞത് 14 ഓവറുകൾ.

∙ 2004ൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ചെന്നൈ ക്രിക്കറ്റ് ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ലീഡിന് ഇന്ത്യൻ ക്രിക്കറ്റ് ടീം കടപ്പെട്ടിരിക്കുന്നത് പരുക്ക് വകവയ്ക്കാതെ ബാറ്റു ചെയ്ത കൈഫിനോടാണ്. പൊള്ളുന്ന ചൂടിൽ, പാർഥിവ് പട്ടേലിനൊപ്പം 102 റൺസിന്റെ ഏഴാംവിക്കറ്റ് കൂട്ടുകെട്ട് കുറിച്ച് ഇന്ത്യക്കു മികച്ച ലീഡ് നേടാൻ അവസരമൊരുക്കിയ കൈഫ് അവസാന ബാറ്റ്‌സ്‌മാനായാണ് പുറത്തായത്. 60 റൺസിലെത്തി നിൽക്കെ ക്ഷീണിതനായി പുറത്തുപോയ കൈഫ് ഒൻപതാംവിക്കറ്റ് വീണശേഷം വീണ്ടും ക്രീസിലെത്തുകയായിരുന്നു. വോണിനെ അതിർത്തി കടത്തി 64 റൺസിലെത്തിയ കൈഫ് അടുത്ത പന്തിൽ റണ്ണൗട്ടായി. തിരികെ ടീം ഫിസിയോ ആൻഡ്രൂ ലീപ്പസിന്റെയും സഹകളിക്കാരൻ മുരളി കാർത്തിക്കിന്റെയും തോളിൽ തൂങ്ങിയാണ് കൈഫ് പവലിയനിലേക്ക് തിരിച്ചു നടന്നത്.

∙ 1986ലും ഇത്തരമൊരു പോരാട്ടത്തിന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ ഡീൻ ജോൺസ് കടുത്ത ഛർദ്ദിയെ അവഗണിച്ച്, മിന്നുന്ന പോരാട്ടം കാഴ്‌ചവച്ചു. ജോൺസിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഓസ്‌ട്രേലിയ ചെന്നൈ ടെസ്‌റ്റ് ടൈയിൽ അവസാനിപ്പിച്ചത്.

∙ 1960–61ലെ ഇന്ത്യ–പാക്ക് ടെസ്‌റ്റ് പരമ്പരയിലെ അഞ്ചാമത്തെതും അവസാനത്തേതുമായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി, അഞ്ചര മണിക്കൂർ ബാറ്റ് ചെയ്‌ത് ഇന്ത്യയെ ശക്‌തമായ നിലയിലേക്ക് നയിക്കുമ്പോഴാണ് ഓപ്പണർ നരി കോൺട്രാക്‌ടറെ തേടി അപകടം പാഞ്ഞെത്തിയത്. 89 റൺസ് നേടി നിൽക്കുമ്പോൾ പാക്ക് ഫാസ്‌റ്റ് ബൗളർ മഹ്‌മൂദ് ഹുസൈന്റെ ബൗൺസർ മൂക്കിന്റെ പാലത്തിനുമുകളിൽ പതിച്ചു. ഉടൻതന്നെ കോൺട്രാക്‌ടറെ ആശുപത്രിയിൽ എത്തിച്ചു. അഞ്ച് കുത്തിക്കെട്ടുമായി തിരികെ സ്‌റ്റേഡിയത്തിലെത്തി. അപകടം നടന്ന് രണ്ടുമണിക്കൂറിനുശേഷം കോൺട്രാക്‌ടർ ബാറ്റിങ് പുനരാരംഭിച്ചു. കണ്ണിന്റെ ഒരു ഭാഗത്ത് തടിച്ചിരുന്നതിനാൽ കാഴ്‌ചയ്‌ക്ക് ചെറിയ പ്രശ്‌നമുണ്ടായി. മൂന്നു റൺസുകൂടി കൂട്ടിച്ചേർക്കാൻ മാത്രമേ അദ്ദേഹത്തിനായുള്ളെങ്കിലും ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും പ്രതീകമായി ചരിത്രത്തിൽ ഇടംനേടാൻ കോൺട്രാക്‌ടർക്ക് സാധിച്ചു.

∙ പരുക്കേറ്റ താരങ്ങൾ വിശ്രമം ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് വീണ്ടും കളിക്കിറങ്ങിയ സംഭവങ്ങൾ ഇനിയുമുണ്ട്. കഴിഞ്ഞവർഷം ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലദേശ് ഓപ്പണർ ഇക്ബാൽ തമീം, 2004ലെ ലഹോർ ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയുടെ ഗാരി കിർസ്റ്റൻ, 2009 സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2010 ബ്രിസ്റ്റോൾ ഏകദിനത്തിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന്റെ ഇയാൻ ബെൽ തുടങ്ങിയവരും പരുക്കേറ്റ് മടങ്ങിയിട്ടും തിരിച്ചെത്തി. വഖാർ യൂനിസിന്റെ പന്ത് കൊണ്ട് മുഖത്തു പരുക്കേറ്റിട്ടും ബാറ്റു ചെയ്ത സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും ഈ പട്ടികയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA