sections
MORE

തിരിച്ചെത്തുന്നു, ‘ക്രിക്കറ്റിലെ ഫീനിക്സ് പക്ഷി’ (അഥവാ ധോണി)!

dhoni-batting
SHARE

ബോർഡർ– ഗവാസ്കർ ട്രോഫി നേട്ടത്തെക്കാൾ ആഹ്ലാദത്തോടെയാകും വിരാട് കോ‌ഹ്‌ലി ഏകദിന കിരീടം ഏറ്റുവാങ്ങിയിട്ടുണ്ടാകുക. ചരിത്രനേട്ടമെന്ന തിളക്കത്തിനപ്പുറം മഹേന്ദ്ര സിങ് ധോണിയുടെ പ്രഭാവമാകും ക്യാപ്റ്റന്റെ സന്തോഷത്തിനു പിന്നിൽ. വിമർശകർ എഴുതിത്തള്ളിയിടത്തു നിന്നു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചെത്തിയിരിക്കുകയാണ് എംഎസ്ഡി. ബാറ്റിങ് കരുത്തിൽ മാത്രമല്ല, ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പദ്ധതികളിൽതന്നെ ആഴവും ആശയും സമ്മാനിക്കുന്നതാണ് ഈ തിരിച്ചുവരവ്.

ലോകകപ്പിലെ ധോണിയുടെ സ്ഥാനം സംബന്ധിച്ച ചർച്ചകളിൽ തുടങ്ങിയ പരമ്പര അവസാനിക്കുന്നതും ആ വിഷയത്തിലാണ്. തുടക്കത്തിൽ ടീമിലെ സ്ഥാനമായിരുന്നു വിഷയമെങ്കിൽ ഇപ്പോഴതു ബാറ്റിങ് ഓർഡറിൽ എവിടെയെത്തും എന്നതായെന്നു മാത്രം. ലോകകപ്പ് ലക്ഷ്യമാക്കി തനിക്കു നേരെ നീണ്ട വിമർശനങ്ങളെ 3 ഇന്നിങ്സുകൾ കൊണ്ടു മുൻനായകൻ വഴിമാറ്റിയെന്നതു മാത്രമല്ല ഈ പരമ്പരയിലെ ധോണി പ്രഭാവം. തുടരെ 3 അർധശതകം ഉൾപ്പെടെ 193 റൺസ് വാരിയ പ്രകടനം ആ ബാറ്റിൽ വീണ്ടും റൺസ് ചേരുന്നതിന്റെ തെളിവായപ്പോൾ ക്രീസിൽ നിലയുറപ്പിച്ചു കളിച്ച ആ പ്രകടനം ലോകകപ്പിനുള്ള ശുഭസൂചന കൂടിയാണ്.

ഇനിയും ഉറയ്ക്കാത്ത മധ്യനിരയിലായിരുന്നു ലോകകപ്പിനു വിരലിൽ എണ്ണാവുന്നത്ര മൽസരം ബാക്കിനിൽക്കേ ടീം ഇന്ത്യയുടെ മുഖ്യപ്രതിസന്ധി. നാട്ടിലെ പരമ്പരകളിൽ അമ്പാട്ടി റായുഡുവിനെ നാലാം നമ്പറിൽ ഇറക്കിയതു വിജയിച്ചെങ്കിലും ഇംഗ്ലിഷ് സാഹചര്യങ്ങളിൽ സംശയം ബാക്കിയായിരുന്നു. സിഡ്നിയിലും അഡ്‌ലെയ്ഡിലും റായുഡു പരാജയപ്പെട്ടതോടെ അതു ബലപ്പെടുകയും ചെയ്തു. മെല്ലെപ്പോക്കിന്റെ പേരിൽ പഴി കേട്ടെങ്കിലും സിഡ്നിയിൽ ധോണി കളിച്ച ഇന്നിങ്സാണ് ഇവിടെ ടീം മാനേജ്മെന്റിനു ബലമായത്. രണ്ടാം ഏകദിനത്തിൽ നാലാം നമ്പറിലേയ്ക്കു സ്ഥാനക്കയറ്റം കിട്ടിയ ധോണി പ്രകടനം ആവർത്തിക്കുക കൂടി ചെയ്തതോടെ മധ്യനിരയിലെ പാതി പ്രശ്നം പരിഹരിച്ചുകഴിഞ്ഞു. 2018 ൽ 20 മൽസരങ്ങളിൽ നിന്നു 25 റൺസ് ശരാശരിയോടെ 275 റൺസ് മാത്രം കുറിച്ച ധോണി ബാറ്റിങ് ഫോം വീണ്ടെടുത്തതോടെ മധ്യനിരയിലൊരു നായകനെക്കൂടിയാണ് ടീം പ്രതീക്ഷിക്കുന്നത്.

∙ നങ്കൂരമിടാൻ ധോണി?

നാലാം നമ്പറിൽ ഇന്നിങ്സിനു നങ്കൂരമിടാൻ കെൽപ്പുള്ള വിശ്വസ്തൻ ആകാൻ ധോണിയോളം ചേർന്നൊരു താരം നിലവിൽ ഇന്ത്യക്ക് ഇല്ല. സിഡ്നിയിലേതുപോലെ ടോപ് ഓർഡർ പരാജയപ്പെടുന്ന ഘട്ടത്തിൽ ടീമിനെ താങ്ങിനിർത്താൻ ധോണിക്കു കഴിയും. ആറോ ഏഴോ സ്ഥാനങ്ങളില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നവരെപോലെ അതിവേഗം സ്കോറിങ് വേണ്ട സാഹചര്യം ഇല്ലാത്തതും ധോണിയിലെ സമ്മർദം ഒഴിവാക്കി. സ്വന്തം ഇന്നിങ്സ് സ്റ്റെഡി ആകാൻ വേണ്ടത്ര സമയവും ലഭിക്കും. അ‍ഡ്‌ലെയ്ഡിലെയും മെൽബണിലെയും പ്രകടനം ഇതിനു തെളിവാണ്.

സമീപകാലത്ത് സ്ട്രൈക്ക് റേറ്റിൽ വന്ന ഇടിവ് ടീമിനെ കാര്യമായ ബാധിക്കുമെന്ന ആശങ്കയ്ക്കും ഇവിടെ സ്ഥാനമില്ല. തുടക്കത്തിലുള്ള 'മെല്ലെപ്പോക്ക്' നിലയുറപ്പിക്കുന്നതോടെ മറികടക്കാൻ ധോണിക്കു കഴിയും. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ മികവും വിക്കറ്റിനിടയിലെ ഓട്ടവുമെല്ലാം നാലാം നമ്പറിൽ തിളങ്ങാൻ ഈ 37 കാരനെ തുണയ്ക്കും. ഇനി ഇന്നിങ്സ് കരുപ്പിടിപ്പിച്ച് ടീമിനെ വിജയത്തിലേയ്ക്കു നയിക്കേണ്ട സാഹചര്യം വന്നാലും സംശയത്തിന് തെല്ലും ഇടമില്ല.

∙ ഫ്ലോട്ടിങ് ധോണി?

ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാൻ ഒരുക്കമാണെന്ന ധോണിയുടെ വാക്കുകളിൽ തന്നെയുണ്ട് ടീമിനു മുന്നിലുള്ള സാധ്യതകൾ. മൽസരത്തിന്റെയും പിച്ചിന്റെയും സാഹചര്യമനുസരിച്ച് ധോണിയെ ഉപയോഗിക്കാനും ടീം മാനേജ്മെന്റ് തയാറെടുക്കുന്നുണ്ടാകും. രോഹിതും ധവാനും കോഹ്‍ലിയും ഉൾപ്പെടുന്ന മുൻനിര തിളങ്ങുന്ന മൽസരങ്ങളിൽ ജാദവും റായിഡുവും പോലെ സ്കോറിങ് വേഗമുള്ളവര്‍ക്കു പിന്നാലെയാകും ധോണിയെത്തുക.

ബാറ്റിങ്ങിൽ പിന്നോട്ടിറങ്ങിയുള്ള ധോണിയിലെ ‘ഫിനിഷർ’ അവതാരവും തീർന്നിട്ടില്ലെന്നു ചുരുക്കം. റൺസിന്റെ വൻമല മുന്നിലുള്ള അവസരങ്ങളിലോ ആദ്യ ബാറ്റിങ് ഇന്നിങ്സുകളിലോ പിന്നോട്ടിറങ്ങി ബാറ്റ് ചെയ്യുന്ന ധോണിയെയാകും കാണാനാകുക. ചെറു സ്കോറുകൾ പിറക്കുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളിൽ നാലാമനായി തന്നെ ധോണി 'കൂളായി ' ക്രീസിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA