sections
MORE

അർധസെഞ്ചുറിയില്ലാതെ 2018, ഈ വർഷം 3 മൽസരത്തിലും ഫിഫ്റ്റി; ദാ വരുന്നു, ധോണി!

dhoni-fifty
SHARE

മെൽബൺ∙ കഴിഞ്ഞ വർഷം (2018) മഹേന്ദ്രസിങ് ധോണി കളിച്ചത് 20 ഏകദിന മൽസരങ്ങൾ. ബാറ്റിങ്ങിന് ഇറങ്ങിയത് 13 ഇന്നിങ്സിൽ. എന്നിട്ടും ഒരിക്കൽപ്പോലും അർധസെഞ്ചുറി പിന്നിടാനായിരുന്നില്ല, ധോണിക്ക്! ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 42 റൺസ്. ഇനി 2019ലേക്ക്. ഈ വർഷം ഇതുവരെ ധോണി കളിച്ചത് മൂന്ന് ഏകദിനങ്ങൾ. സ്കോറുകൾ ഇങ്ങനെ: 51, 55*, 87* !

ഏകദിന ലോകകപ്പ് അരങ്ങേറുന്ന നിർണായക വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ, ധോണിയിൽനിന്നുണ്ടായ ഈ പ്രകടനം എത്രയോ വിലമതിക്കാനാകാത്തതാണ്! ഈ വർഷം ഇന്ത്യ കളിച്ച ആദ്യ ഏകദിന പരമ്പരയിൽത്തന്നെ ‘മാൻ ഓഫ് ദ് സീരീസ്’ പുരസ്കാരം നേടിയതും മറ്റാരുമല്ല. മധ്യനിരയെക്കുറിച്ചുള്ള ആശങ്കകളുമായാണ് ലോകകപ്പ് വർഷത്തിന് തുടക്കമായതെങ്കിൽ, ആദ്യ പരമ്പരയോടെ അതിനുള്ള പകുതി ഉത്തരം ലഭിച്ചിരിക്കുന്നു.

ധോണി 50 കടക്കാത്ത 2018

2018ൽ 20 ഏകദിനങ്ങളിലായി 13 ഇന്നിങ്സുകളിൽ ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ധോണിക്ക് ഒരിക്കൽപ്പോലും അർധസെഞ്ചുറി കടക്കാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ വർഷമാദ്യം ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ 43 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിന്ന പ്രകടനമൊഴിച്ചാൽ കൊള്ളാവുന്ന ഇന്നിങ്സുകൾ തീരെ വിരളമായിരുന്നു. കഴിഞ്ഞ വർഷം കളത്തിലിറങ്ങിയ 13 ഇന്നിങ്സുകളിൽ ധോണിയുെട പ്രകടനമിങ്ങനെ:

4*, 10, 42*, 13, 37, 42, 0, 33, 8, 36, 20, 7, 23.

2017 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഇതിനു മുൻപ് ധോണി അവസാനമായി അർധസെഞ്ചുറി പിന്നിട്ടത്. ഹിമാചൽപ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 87 പന്തിൽ 65 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. അന്നും 16 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ കൂട്ടത്തകർച്ചയെ നേരിടുമ്പോഴായിരുന്നു ധോണിയുടെ രക്ഷാ പ്രവർത്തനം. മൽസരം ഇന്ത്യ ഏഴു വിക്കറ്റിനു തോറ്റു. അതേസമയം, ഏകദിനത്തിൽ ധോണി സെഞ്ചുറി നേടിയിട്ട് രണ്ടു വർഷം പിന്നിട്ടുവെന്നതും ഇതിനോടു ചേർത്തു വായിക്കണം.

ഫിഫ്റ്റിയിൽ ട്രിപ്പിൾ തികച്ച് പുതുവർഷം

എന്നാൽ, പുതിയ വർഷത്തിൽ കഥ മാറി. ഈ വർഷം ഇന്ത്യ കളിച്ച ആദ്യ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം ധോണിയാണ്. പരമ്പരയിലെ മൂന്നു മൽസരങ്ങളിലും അർധസെഞ്ചുറി നേടിയ ധോണി, 193 റൺസാണ് ആകെ നേടിയത്. ഉയർന്ന സ്കോർ മെൽബണിൽ പുറത്താകാതെ നേടിയ 87 റൺസ്. രണ്ടു ടീമിലെയും താരങ്ങളെയും പരിഗണിച്ചാൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ധോണി. ഒന്നാമത് ഓസീസ് താരം ഷോൺ മാർഷ്. മൂന്നു മൽസരങ്ങളിൽനിന്ന് സമ്പാദ്യം 224 റൺസ്. ഉയർന്ന സ്കോർ അഡ്‌ലെയ്ഡിൽ നേടിയ 131 റൺസ്. മൂന്നാമത് രോഹിത് ശർമയാണ്. 185 റൺസ്. കോഹ്‌ലി 153 റൺസുമായി നാലാമതാണ്.

അതേസമയം, റൺ ശരാശരി നോക്കിയാൽ ധോണിയുടെ അടുത്തു പോലുമില്ല ആരും. രണ്ട് ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ധോണിയുടെ ശരാശരി 193.00 ആണ്. നൂറിൽ കൂടുതൽ റൺസ് സ്കോർ ചെയ്ത താരങ്ങളിൽ നൂറിനു മുകളിൽ ശരാശരിയുള്ള മറ്റൊരു താരം പീറ്റർ ഹാൻഡ്സ്കോംബു മാത്രം. ശരാശരി 103.42!

നിർലോഭം, ‘ധോണി സ്തുതികൾ’

∙ ‘ഇന്ത്യൻ ക്രിക്കറ്റിനോട് മഹേന്ദ്ര സിങ് ധോണിയോളം പ്രതിബദ്ധതയുള്ള മറ്റൊരു കളിക്കാരനില്ല. ബാറ്റിങ്ങിൽ അഞ്ചാമനായി ഇറങ്ങുന്നതാണ് അദ്ദേഹത്തിന് ഏറ്റവും യോജ്യം. ധോണി മികച്ച ഫോമിലേക്കു മടങ്ങിയെത്തിയതിൽ ടീം ഏറെ സന്തോഷിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽ അധികം മൽസരം കളിക്കാത്ത സാഹചര്യത്തിൽ താളവും ആത്മവിശ്വാസവും വീണ്ടെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിമർശകർ പലതും പറയും. എങ്കിലും വ്യക്തിയെന്ന നിലയിൽ ധോണിയോളം ഇന്ത്യൻ ക്രിക്കറ്റിനോടു പ്രതിബദ്ധത പുലർത്തുന്ന വേറൊരു താരമില്ലെന്ന് ഉറപ്പിച്ചു പറയാം. ഏറെ ബുദ്ധിമാനായ ക്രിക്കറ്റ് കളിക്കാരനാണദ്ദേഹം. ടീം തന്നിൽ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്ന് നന്നായറിയാവുന്നയാൾ. അദ്ദേഹത്തിന് ടീമിന്റെ മുഴുവൻ പൂർണ പിന്തുണയുമുണ്ട്.’ – വിരാട് കോഹ്‍ലി (ഇന്ത്യൻ ക്യാപ്റ്റൻ)

∙ ‘ധോണി ഒരു ഇതിഹാസമാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങൾക്കൊപ്പമാണ് ധോണിയുടെയും സ്ഥാനം. ഇത്രയും ശാന്തനായ ഒരു വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. സച്ചിൻ പലപ്പോഴും ദേഷ്യപ്പെടുന്നതിനു സാക്ഷിയായിട്ടുണ്ട്. എന്നാൽ ധോണി ഒരിക്കൽപ്പോലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. 30–40 വർഷത്തിനിടെ മാത്രമാണ് ഇത്തരമൊരു താരം ടീമിലെത്തുന്നത്. അതാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. അവസാനിക്കുന്നതു വരെ ആസ്വദിക്കുക. ധോണി ടീമിൽ നിന്നു പോയിക്കഴിയുമ്പോൾ ഒരു ശൂന്യതയുണ്ടാവും. അതു നികത്തുന്നത് അത്ര എളുപ്പമല്ല.’ – രവി ശാസ്ത്രി (ഇന്ത്യൻ പരിശീലകൻ)

∙ ‘എത്രയോ നാളുകൾക്കു ശേഷമാണ് ധോണിയിൽനിന്ന് ഇത്തരമൊരു പ്രകടനം കാണാൻ കഴിഞ്ഞത്. അഡ്‌ലെയ്ഡിലെ അദ്ദേഹത്തിന്റെ ഇന്നിങ്സ് വേഗത കുറഞ്ഞതായിരുന്നെങ്കിലും അത് സമ്മാനിച്ചിരിക്കാനുള്ള ആത്മവിശ്വാസത്തെക്കുറിച്ച് മുൻപു പറഞ്ഞിരുന്നു. മെൽബണിൽ കണ്ടതും അതുതന്നെ.’ – സൗരവ് ഗാംഗുലി (മുൻ ക്യാപ്റ്റൻ)

∙ ‘ധോണി പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഉജ്വലമായി. 50 ഓവർ വിക്കറ്റിനു പിന്നിൽ കണ്ണിമ ചിമ്മാതെ നിന്നതിനു ശേഷമാണ് ബാറ്റുമായി വീണ്ടും കളത്തിലെത്തുന്നത് എന്നോർക്കണം. അദ്ദേഹത്തിന്റെ കായികക്ഷമതയും ഇന്ത്യൻ ക്രിക്കറ്റിനോടുള്ള  പ്രതിബദ്ധതയും സമ്മതിച്ചേ തീരൂ.’ – സുനിൽ ഗാവസ്കർ (മുൻ ക്യാപ്റ്റൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA