sections
MORE

ധോണിയൊക്കെ ക്രിക്കറ്റിൽ വല്ലപ്പോഴും സംഭവിക്കുന്ന അദ്ഭുതം; കുറ്റം പറയാതെ ആസ്വദിക്കൂ: ശാസ്ത്രി

shastri-dhoni
SHARE

മെൽബൺ∙ മൂന്നോ നാലോ പതിറ്റാണ്ടു കൂടുമ്പോൾ മാത്രം ലഭിക്കുന്ന തരം അപൂർവ താരങ്ങളിലൊരാളാണ് മഹേന്ദ്രസിങ് ധോണിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ഇത്തരം അദ്ഭുതങ്ങൾ ക്രീസിൽ ഉള്ളിടത്തോളം കാലം പരമാവധി ആസ്വദിക്കുകയാണ് വേണ്ടതെന്നും ശാസ്ത്രി പറഞ്ഞു. മെൽബൺ ഏകദിനത്തിലെ വിജയത്തിനു പിന്നാലെയാണ് ധോണിയെ പുകഴ്ത്തി ശാസ്ത്രിയുടെ രംഗപ്രവേശം.

‘ധോണി ഒരു ഇതിഹാസമാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങൾക്കൊപ്പമാണ് ധോണിയുടെയും സ്ഥാനം. ഇത്രയും ശാന്തനായ ഒരു വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. സച്ചിൻ പലപ്പോഴും ദേഷ്യപ്പെടുന്നതിനു സാക്ഷിയായിട്ടുണ്ട്. എന്നാൽ ധോണി ഒരിക്കൽപ്പോലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. 30–40 വർഷത്തിനിടെ മാത്രമാണ് ഇത്തരമൊരു താരം ടീമിലെത്തുന്നത്. അതാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. അവസാനിക്കുന്നതു വരെ ആസ്വദിക്കുക. ധോണി ടീമിൽ നിന്നു പോയിക്കഴിയുമ്പോൾ ഒരു ശൂന്യതയുണ്ടാവും. അതു നികത്തുന്നത് അത്ര എളുപ്പമല്ല.’

‘വിക്കറ്റിനു പിന്നിൽ ധോണി നൽകുന്ന സംഭാവനകൾ മിക്കപ്പോഴും ടീമിന്റെ വിജയത്തിൽ ഏറ്റവും നിർണായകമാണ്. ഗ്രൗണ്ടിൽ ഏറ്റവും മികച്ച ആംഗിളിൽനിന്ന് കാര്യങ്ങൾ കാണാൻ സാധിക്കുന്നത് അദ്ദേഹത്തിനാണ്. മൈതാനത്തു നടക്കുന്നതെല്ലാം ധോണിക്കു കാണാം. ഈ ടീമിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന താരം ധോണിയാവാം. കാരണം അദ്ദേഹമാണ് ഈ ടീമിനെ രൂപപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശകം ധോണിയാണല്ലോ ടീമിനെ നയിച്ചത്. അതുകൊണ്ടു തന്നെ ഡ്രസിങ് റൂമിലും മറ്റും ധോണിക്കു കിട്ടുന്ന ബഹുമാനം സമാനതകളില്ലാത്തതാണ്.’

‘ഋഷഭ് പന്ത് ധോണിയ്ക്കു പറ്റിയ പകരക്കാരനാവില്ലേയെന്നു പലരും ചോദിക്കുന്നു. അങ്ങനെ കാണാനാണ് എനിക്കിഷ്ടം. മികവുണ്ട്. കണ്ടുവളരാൻ ധോണിയെപ്പോലെ ഒരു താരമുണ്ട്. എല്ലാ ദിവസവും തന്നെ പന്ത് ധോണിയെ ഫോൺ ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാവും പന്ത് ഏറ്റവും കൂടുതൽ തവണ ധോണിയെ വിളിച്ചിട്ടുള്ളത്. കോഹ്‌ലിയും ധോണിയും പരസ്പരം നൽകുന്ന ബഹുമാനം അവിശ്വസനീയമാണ്. അതുകൊണ്ടുതന്നെ എന്റെ ജോലിഭാരം തീർത്തും കുറവാണ്.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA