sections
MORE

രഹാനെ എ ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് ടീമിൽ; ആദ്യ ഏകദിനം 23ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ

pant-rahane
SHARE

ന്യൂഡൽഹി∙ ഇംഗ്ലണ്ട് ലയൺസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. ഓസ്ട്രേലിയൻ പര്യടനത്തിൽ തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ടീമിലുണ്ട്. തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ 23, 25, 27, 29, 31 തീയതികളിലാണ് അഞ്ച് ഏകദിന മത്സരങ്ങൾ നടക്കുക. അവസാന രണ്ട് ഏകദിനങ്ങളിലാണ് പന്ത് കളിക്കുക. ശേഷം ഫെബ്രുവരി ആറിനു തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ ട്വന്റി20 മൽസരങ്ങൾക്കായി പന്തും ക്രുനാൽ പാണ്ഡ്യയും ന്യൂസീലൻഡിലേക്കു പോകും. 

ആദ്യ മൂന്നു ഏകദിനങ്ങളിലാണ് രഹാനെ ടീമിനെ നയിക്കുക. മഹാരാഷ്ട്ര താരം അങ്കിത് ബാവ്‌നെയാകും അവസാന രണ്ട് ഏകദിനങ്ങളിൽ നായകൻ. സീനിയർ ടീമിൽ കളിച്ചിട്ടുള്ള ഹനുമ വിഹാരി, ശ്രേയസ്സ് അയ്യർ, ഷാർദൂൽ ഠാക്കൂർ എന്നിവരും ടീമിലുണ്ട്. 

രഞ്ജി ട്രോഫി സെമിഫൈനലിൽ കടന്ന കേരളം, കർണാടക, സൗരാഷ്ട്ര, വിദർഭ ടീമിലുള്ളവരെ മൽസരങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), അൻമോൽ‌പ്രീത് സിങ്, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ്സ് അയ്യർ, ഹനുമ വിഹാരി, അങ്കിത് ബാവ്‌നെ, ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), ക്രുനാൽ പാണ്ഡ്യ, അക്സർ പട്ടേൽ, മായങ്ക് മാർക്കണ്ഡെ, ജയന്ത് യാദവ്, സിദ്ധാർഥ് കൗൾ, ഷാർദൂൽ ഠാക്കൂർ, ദീപക് ചാഹർ, നവ്‌ദീപ് സെയ്നി. 

ഇന്ത്യൻ ടീം ഇന്ന് തിരുവനന്തപുരത്ത് 

തിരുവനന്തപുരം∙ 23ന് തുടങ്ങുന്ന ഏകദിന മത്സരങ്ങൾക്കായി ഇന്ത്യ എ ടീം ഇന്ന് തിരുവനന്തപുരത്തെത്തും. 21ന് സെന്റ് സേവ്യേഴ്‌സിലും 22ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലും പരിശീലനം നടത്തും. മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം. മത്സരം കാണാനെത്തുന്നവർ ഒന്നാം നമ്പർ ഗേറ്റിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണം. രാവിലെ ഒൻപതു മുതലാണ് മൽസരങ്ങൾ. ഇംഗ്ലണ്ട് ലയൺസും ബോർഡ് പ്രസിഡൻസ് ഇലവനും തമ്മിലുള്ള രണ്ടാം സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരം കെസിഎ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച നടന്ന ഒന്നാം സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡൻസ് ഇലവൻ നാലു വിക്കറ്റ് വിജയം നേടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA