sections
MORE

ഞങ്ങൾ കുപ്പി നിൽക്കുന്നിടത്തിടും, അദ്ദേഹം പെറുക്കി മാലിന്യവീപ്പയിലാക്കും: സച്ചിൻ ബേബി

sanju-samson
SHARE

ചരിത്രത്തിലാദ്യമായി കേരളം രഞ്ജിട്രോഫി ക്രിക്കറ്റ് സെമി ഫൈനലിലെത്തുമ്പോൾ ആ നേട്ടത്തിനു പിന്നിലെ മുഖ്യ പ്രേരക ശക്തി ഡേവ് വാട്മോർ എന്ന വിഖ്യാത പരിശീലകനാണ്. അദ്ദേഹം ചുമതലയേറ്റ കഴിഞ്ഞ സീസണിൽത്തന്നെ ടീം ആദ്യമായി ക്വാർട്ടറിലെത്തിയെങ്കിൽ ഇത്തവണ അതിലും മുന്നേറിയിരിക്കുന്നു. എങ്ങനെയാണ് അദ്ദേഹം ഈ ടീമിനെ മാറ്റിയെടുത്തത്. എന്തായിരുന്നു വാട്മോർ ഇംപാക്ട്? കേരള ടീം നായകൻ സച്ചിൻ ബേബി എഴുതുന്നു.


വിഖ്യാതനായ ഡേവ് വാട്മോർ കേരള ടീമിനെ പരിശീലിപ്പിക്കാൻ വരുന്നു എന്നറിഞ്ഞപ്പോൾ അതിശയത്തെക്കാളുപരി ആശങ്കകളായിരുന്നു. ഐപിഎൽ ടീമിലൊക്കെ കണ്ടിട്ടുള്ള വിദേശ കോച്ചുമാരിൽ പലരും കളിക്കാരോട് അത്രയ്ക്കു തുറന്ന് ഇടപെടുന്നവരല്ല . ഭാഷയുടെ പ്രശ്നവുമുള്ളതിനാൽ ടീമിലെ കൂടുതൽ കളിക്കാർക്കും അദ്ദേഹവുമായുള്ള ആശയ വിനിമയം ബുദ്ധിമുട്ടാവുമോ എന്ന സംശയവുമുണ്ടായിരുന്നു. പക്ഷേ ആ ആശങ്കകളുടെയെല്ലാം നേർ വിപരീതമായിരുന്നു അദ്ദേഹത്തിന്റെ സമീപനവും രീതികളും. അവിടെ തുടങ്ങുന്നു കേരള ക്രിക്കറ്റിലെ ‘വാട്മോർ ഇംപാക്ട്’.

കഴിഞ്ഞ സീസണു മുന്നോടിയായുള്ള ക്യാംപ് നടന്ന ചെന്നൈയിലെ എസ്ആർഎംസി ഗ്രൗണ്ടിൽ അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ച തന്നെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അങ്ങോട്ട് പരിചയപ്പെടും മുൻപ് അദ്ദേഹം ഓരോ കളിക്കാരുടെയും അടുത്തെത്തി സ്വന്തം പേരു പറഞ്ഞു പരിചയപ്പെട്ടു; ക്ഷമാപൂർവം കേട്ടു, ഞങ്ങളിലൊരാളായി. തുടക്കം മുതൽ കളിക്കപ്പുറമുള്ള ചില നല്ലപാഠങ്ങളും കൂടി നിശബ്ദമായി പഠിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഒരുദാഹരണം പറയാം; പരിശീലനത്തിനിടെ വെള്ളം കുടിച്ചിട്ട് കുപ്പി അടുത്തു തന്നെ ഉപേക്ഷിക്കുന്ന ഒരു രീതിയുണ്ടായിരുന്നു കളിക്കാർക്ക്. അദ്ദേഹം ഒന്നും പറയാതെ ആ കുപ്പിയെല്ലാം എടുത്ത് മാലിന്യ വീപ്പയിൽ കൊണ്ടിടും. അതു കണ്ടതോടെ കളിക്കാരും കുറ്റബോധത്തോടെ ആ നല്ല ശീലത്തിലേക്കു വഴിമാറി.

ടീമിന്റെ അതുവരെയുള്ള കളിരീതികളോ പരിശീലനമോ പെട്ടെന്നു മാറ്റിമറിക്കാൻ ശ്രമിച്ചൊരു പരിശീലകനല്ല വാട്മോർ. ഒരു കളിക്കാരന്റെയും ടെക്നിക്കോ രീതികളോ മാറ്റാൻ അദ്ദേഹം പ്രേരിപ്പിച്ചിട്ടില്ല. സാങ്കേതികതയിൽ ഊന്നിയുള്ള പരിശീലന രീതികളുമല്ല. ഓരോ കളിക്കാരനും സ്വാഭാവമായി കളിക്കാനാണ് അദ്ദേഹം പ്രേരിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും. അതിനായി കഠിനാധ്വാനം ചെയ്യിക്കുന്നു എന്നതാണ് രീതി. പരിശീലന സെഷനുകളിൽ കളിക്കാർ അധ്വാനിക്കുന്നതിലേറെ അവർക്കായി അധ്വാനിക്കാൻ അദ്ദേഹം തയ്യാറാണ്.

Dav-Whatmore-Caricature
ഡേവ് വാട്മോർ

മൽസരങ്ങൾക്കായി ഒരുങ്ങുമ്പോൾ പക്ഷേ അദ്ദേഹം എതിർ ടീമിനെക്കുറിച്ചു വിശദമായി പഠിച്ചാവും ടീം മീറ്റിങിനെത്തുക. എതിരാളികളിൽ സൂക്ഷിക്കേണ്ടിവർ ആരെല്ലാം, അവരുടെ മുൻ കളികളിലെ പെർഫോമൻസ് എന്ത്, ടെക്നിക്കുകൾ എന്തെല്ലാം എന്നെല്ലാം വിലയിരുത്തലുകളും കണക്കുകളും അദ്ദേഹം കൃത്യമായി അവതരിപ്പിക്കും. ചിലപ്പോൾ വീഡിയോയും കാണിക്കും. അതിനെ നേരിടാനുള്ള ആശയങ്ങളും പങ്കുവയ്ക്കും. ടീം തിരഞ്ഞെടുപ്പിലും ബാറ്റിങ് ഓർഡർ തീരുമാനിക്കുന്നതിലുമെല്ലാം ടീം അംഗങ്ങൾക്ക് അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്യവും തരുന്നുണ്ട്. ശരിയെന്നു തോന്നിയാൽ കടുംപിടിത്തമില്ലാതെ തന്റെ നിലപാട് മാറ്റിവയ്ക്കാനും തയ്യാറാവും. പുതിയ കളിക്കാരെ ഉത്തരവാദിത്തമേറിയ പൊസിഷനിൽ കളിപ്പിക്കാനുള്ള തീരുമാനവും അതുപോലെയാണ്. വിനൂപ് മനോഹരനെ ഓപ്പണറാക്കിയതടക്കമുള്ള അത്തരം പല നീക്കങ്ങളും ക്ലിക്ക് ആവുകയും ചെയ്തു.

ക്യാപ്റ്റനെന്ന നിലയിൽ എന്റെ തീരുമാനം പാളിയാലും ഇന്നുവരെ അദ്ദേഹം പഴിചാരിയിട്ടില്ല. മോശം പ്രകടനത്തിന്റെ പേരിൽ ഒരു കളിക്കാരനെയും കുറ്റം പറഞ്ഞും കണ്ടിട്ടില്ല. കളി കഴിഞ്ഞുള്ള യോഗങ്ങളിൽ അത്തരം പോസ്റ്റ്മോർട്ടവുമില്ല. തോറ്റാലും ആ പിഴവ് അവിടെ ഉപേക്ഷിച്ച് അടുത്ത കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പറയുക.  ടീമിനുള്ളിലെ ചില പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സീസൺ തുടങ്ങുന്നത്. ടീമിനൊപ്പം ചേർന്ന അദ്ദേഹം ആദ്യം പറഞ്ഞത്, കഴിഞ്ഞതെല്ലാം മറന്ന് ഒരു മനസോടെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു. സീസണു തുടക്കം കുറിച്ചുള്ള വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ഹൈദരാബാദിനോടും ഡൽഹിയോടും തുടർച്ചയായി തോറ്റപ്പോൾ അദ്ദേഹം പ്രത്യേക ടീം മീറ്റിങ് വിളിച്ചതും മറക്കാനാവാത്ത അനുഭവമാണ്. ആ കൂടിക്കാഴ്ചയുടെ ഫലം പിന്നീട് ടീമിൽ പ്രതിഫലിച്ചു. ടീം ഇപ്പോൾ ഒരേ മനസോടെ മുന്നേറുന്നതിൽ കെസിഎയുടെ ഉറച്ച നിലപാടുകൾക്കൊപ്പം ഈ വാട്മോർ ഇഫക്ടിനും വലിയ പങ്കുണ്ട്.

ശ്രീലങ്കയിൽ ജനിച്ചു, ഓസ്ട്രേലിയയിലെത്തി

ശ്രീലങ്കയിൽ ജനിച്ച ഡേവ്‌നൽ ഫ്രെഡറിക് വാട്ട്മോർ എന്ന ഡേവ് വാട്മോറിന്റെ കുടുംബം പിന്നീട് ഓസ്ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഏഴു ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമാണ് അദ്ദേഹം കളിച്ചത്. പിന്നീട് പരിശീലകനായ അദ്ദേഹം 1996 ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ അതിന്റെ സൂത്രധാരനായി. ബംഗ്ലദേശ്, പാക്കിസ്ഥാൻ, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു. 2008ൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ–19 ലോകകപ്പ് നേടിയപ്പോൾ വാട്മോറായിരുന്നു പരിശീലകൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA