sections
MORE

ആവേശപ്പോരിൽ ലയൺസിനെ വീഴ്ത്തി; ലോകകപ്പ് ടീമിലേക്ക് കണ്ണയച്ച് ‘ദ്രാവിഡിന്റെ കുട്ടികൾ’

iyer-rahane
SHARE

ഇംഗ്ലണ്ട് ലയൺസിനെതിരായ ഏകദിനപരമ്പരയിലെ ആദ്യമൽസരത്തിൽ ഇന്ത്യ എ ടീമിന് 3 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയൺസ് 7 വിക്കറ്റിന് 285 റൺസെടുത്തപ്പോൾ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യത്തിലെത്തി. 48 പന്തിൽ 57 റൺസെടുത്ത ഇഷൻ കിഷനാണ് ഇന്ത്യയുടെ വിജയനായകൻ. പരമ്പരയിലെ രണ്ടാം മൽസരം നാളെ തിരുവനന്തപുരം സ്പോർട്സ് ഹബിൽ തന്നെ നടക്കും. പ്രവേശനം സൗജന്യം.

തിരുവനന്തപുരം∙ വിക്കറ്റ് കീപ്പർ എന്ന നിലയിൽ മാത്രമല്ല, ഫിനിഷർ എന്ന നിലയിലും എം.എസ്.ധോണിയുടെ കരുത്തരായ പിൻഗാമികളിലൊരാളാണു താനെന്ന് ഇഷൻ കിഷൻ തെളിയിച്ചു. അവസാനഘട്ടത്തിൽ തോൽവിയിലേക്കു നീങ്ങിയ ഇന്ത്യ എ ടീമിനെ ഇഷൻ കിഷൻ മിന്നൽപ്രകടനത്തിലൂടെ (48 പന്തിൽ പുറത്താകാതെ 57 റൺസ്) രക്ഷപ്പെടുത്തി. അഞ്ചു മൽസര പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. 

അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ 12 പന്തുകളിൽ ജയിക്കാൻ 19 റൺസ് എന്ന നിലയിലായി ഇന്ത്യ. 3 വിക്കറ്റുകൾ മാത്രം ബാക്കി. ഇഷൻ കിഷനൊപ്പം ബോളർ ഷാർദുൽ ഠാക്കൂർ ആയിരുന്നു ക്രീസിൽ. 3 വിക്കറ്റ് വീഴ്ത്തിയ സാക് ചാപ്പൽ ബോളർ. 49–ാം ഓവറിൽ ഇഷനും ഷാർദുലും ചാപ്പലിനെ അടിച്ചു പറത്തി 17 റൺസ് നേടിയതോടെ വിജയം ഇന്ത്യക്കൊപ്പമായി. ഇഷൻ തന്നെ മാൻ ഓഫ് ദ് മാച്ച്. 

ക്യാപ്റ്റൻ അജിൻക്യ രഹാനെ (59) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ (45), അൻമോൾ പ്രീത് സിങ് (33) ക്രുനാൽ പാണ്ഡ്യ (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. 

നേരത്തെ നായകന്റെ ഉത്തരവാദിത്തത്തോടു കൂടി ബാറ്റ് ചെയ്ത സാം ബില്ലിങ്സ് (108) ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർ അലക്സ് ഡേവിസ് അർധസെഞ്ചുറി നേടി (54). മൂന്നു വിക്കറ്റെടുത്ത പേസർ സിദ്ധാർഥ് കൗൾ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മായാങ്ക് മാർക്കണ്ഡെ, അക്സർ പട്ടേൽ എന്നിവർ ഇന്ത്യയ്ക്കു വേണ്ടി ബോളിങ്ങിൽ തിളങ്ങി. ദേശീയ ക്രിക്കറ്റ് ടീം സിലക്ടർ ജതിൻ പരാഞ്ച്പെ, ഇംഗ്ലണ്ട് ടീം സിലക്ടർ ജയിംസ് ടെയ്‌ലർ എന്നിവർ താരങ്ങളുടെ പ്രകടനം വിലയിരുത്താനെത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA