sections
MORE

‘കിഴക്കേയറ്റത്തും’ വിജയവഴി വിടാതെ ഇന്ത്യ; 8 വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ

india-wicket-celebration
SHARE

ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റുചെയ്ത ന്യൂസീലൻഡ്  157 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാൻ (75 നോട്ടൗട്ട്), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (45) എന്നിവർ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് (64) കീവീസിന്റെ ടോപ് സ്കോറർ. മുഹമ്മദ് ഷമിയാണു മാൻ ഓഫ് ദ് മാച്ച്. സ്കോർ ന്യൂസീലൻഡ് 38 ഓവറിൽ 157നു പുറത്ത്; ഇന്ത്യ 34.5 ഓവറിൽ 2 വിക്കറ്റിന് 156. അഞ്ചു മൽസര പരമ്പരയിലെ രണ്ടാം ഏകദിനം 26നു നടക്കും. 

നേപ്പിയർ∙ ന്യൂസീലൻഡ് ഉയർ‌ത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ കണ്ണു മഞ്ഞളിച്ചു! ട്രെന്റ് ബോൾട്ടിന്റെയോ ടിം സൗത്തിയുടെയോ പന്തുകൾക്കു മുന്നിലല്ല,  കണ്ണിലേക്കു തുളഞ്ഞിറങ്ങിയ സൂര്യപ്രകാശത്തിനു മുന്നിലാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ തലകുനിച്ചത്. ഏകദിന ക്രിക്കറ്റിൽ ആദ്യമായി സൂര്യപ്രകാശം കളി തടസപ്പെടുത്തിയ മൽസരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 8 വിക്കറ്റിന് ജയിച്ചു. കളി തടസപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ ലക്ഷ്യം 49 ഓവറിൽ 156 റൺസായി പുനർനിർണയിച്ചിരുന്നു. 

ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന വിക്കറ്റിൽ ഷമിയുടെയും കുൽദീപിന്റെയും മാരക പന്തുകൾക്കു മുന്നിൽ തകർന്നടിഞ്ഞ കിവീസ് 157 റൺസിനു പുറത്തായതോടെതന്നെ മൽസരത്തിന്റെ വിധി എഴുതപ്പെട്ടിരുന്നു. ഓപ്പണർ ശിഖർ ധവാൻകൂടി (75 നോട്ടൗട്ട്) ഫോമിലേക്കുയർന്നതോടെ ഇന്ത്യൻ വിജയത്തിന് ഇരട്ടി മധുരം. 45 റൺസിനു ക്യാപ്റ്റൻ കോഹ്‌ലി വീണതോടെ ക്രീസിലെത്തിയ അമ്പാട്ടി റായുഡുവാണ് (13 നോട്ടൗട്ട്) വിജയറൺ നേടിയത്.

ഷമി, ചാഹൽ

മുഹമ്മദ് ഷമി സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യയ്ക്കു സമ്മാനിച്ചത്. ആദ്യ ഓവറിലെ തകർപ്പൻ ഇൻസ്വിങ്ങറിലൂടെ പിഞ്ച് ഹിറ്റർ മാർട്ടിൻ ഗപ്ടിലിന്റെ (5) വിക്കറ്റ് തെറിപ്പിച്ച ഷമി രണ്ടാം ഓവറിൽ കൊളിൻ മൺറോയുടെ വിക്കറ്റും തെറിപ്പിച്ചതോടെ കിവീസിന്റെ തുടക്കം പാളി. മികച്ച ഫോമിലുള്ള റോസ് ടെയ്‌ലർ മൂന്നാം വിക്കറ്റിൽ വില്യംസനൊപ്പം ചേർന്നതോടെ കിവീസ് കളി പിടിച്ചു തുടങ്ങിയിടത്ത് ഇരട്ട പ്രഹരവുമായി ചാഹൽ അവതരിച്ചു. ചാഹൽ വായുവിൽ ഉയർത്തിയെറിഞ്ഞ പന്തിന്റെ ഫ്ലൈറ്റ് ടെയ്‌ലറുടെ ഷോട്ട് തെറ്റിച്ചു, ചാഹലിനു റിട്ടേൺ ക്യാച്ച്. പിന്നീടെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതം മടങ്ങിയതും ചാഹലിനു റിട്ടേൺ ക്യാച്ച് സമ്മാനിച്ചുതന്നെ. കിവീസ് 4 വിക്കറ്റിന് 76 എന്ന നിലയിൽ.

കറക്കിവീഴ്ത്തി കുൽദീപ്

കിവീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടുന്നതിനൊപ്പം നായകൻ കെയ്ൻ വില്യംസന്റെ (64) വിക്കറ്റും തെറിപ്പിച്ച കുൽദീപ് യാദവും കളം നിറഞ്ഞതോടെ 38 ഓവറിനുള്ളിൽ കിവീസ് ഓൾഔട്ടായി. ഏഴാമനായി വില്യംസൻ മടങ്ങിയതിനുശേഷം അവസാന 3 വിക്കറ്റും കുൽദീപ് തെറിപ്പിച്ചത് 10 റൺസിനിടെ.

സൂര്യപ്രകാശം കളി തടസ്സപ്പെടുത്തിയതെങ്ങനെ?

മൽസരത്തിനിടെ താരങ്ങളുടെ കണ്ണിലേക്കു സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കാനായി തെക്കു– വടക്കായാണു സാധാരണഗതിയിൽ ക്രിക്കറ്റ് പിച്ചുകൾ തയാറാക്കുക. എന്നാൽ മക്‌ലീൻ പാർക്കിലെ പിച്ചിന്റെ ദർശനം കിഴക്കു– പടിഞ്ഞാറായാണ്. പകലും രാത്രിയുമായി നടന്ന കളിയിൽ രണ്ടാം ബാറ്റിങ്ങിനിടെ സൂര്യപ്രകാശം ബാറ്റ്സ്മാന്റെയും വിക്കറ്റ് കീപ്പറുടെയും കണ്ണിലേക്ക് നേരിട്ട് അടിക്കുന്നതായി അംപയർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ബാറ്റ്സ്മാനു പന്തു കാണാനാകുന്നില്ല എന്നതും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് അര മണിക്കൂറോളം കളി നിർത്തിവച്ചു. വേദിയിൽ മുൻപു നടന്ന പല ആഭ്യന്തര മൽസരങ്ങളും ഇതേ കാരണത്താൽ തടസ്സപ്പെട്ടിട്ടുണ്ട്. 

∙ 'ഏതു ബാറ്റിങ് ലൈനപ്പിനെയും എറിഞ്ഞിടാനാകുമെന്നാണ് ഇന്ത്യൻ ബോളിങ് നിരയുടെ വിശ്വാസം. കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്നെസ് ലെവലിലാണു മുഹമ്മദ് ഷമി കളിക്കുന്നത്. ടെസ്റ്റിലെ ഉജ്വല ഫോം ഏകദിന ക്രിക്കറ്റിലേക്കു വ്യാപിപ്പിക്കാൻ ഷമിക്കു സാധിച്ചു.' - വിരാട് കോഹ്‌ലി (ഇന്ത്യൻ നായകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA