sections
MORE

ഷമിക്ക് 100 വിക്കറ്റ്, ധവാന് 5000 റൺസ്, ടീമിനു വിജയത്തുടക്കം; ഇന്ത്യ ട്രാക്കിൽത്തന്നെ!

dhawan-rayudu
SHARE

നേപ്പിയർ∙ പേസും സ്പിന്നും സമാസമം ചാലിച്ച് നേപ്പിയറിൽ ഇന്ത്യ പുറത്തെടുത്ത ഉജ്വല ബോളിങ് പ്രകടനത്തോടെ തലവേദന കൂടാൻ പോകുന്നത് ടീം മാനേജ്മെന്റിനും സിലക്ടർമാർക്കുമാണ്. ഏകദിനത്തിൽ ലോക ഒന്നാം നമ്പർ ബോളർ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഓസ്ട്രേലിയയിൽ ഭുവനേശ്വർ കുമാറും ഇപ്പോൾ നേപ്പിയറിൽ മുഹമ്മദ് ഷമിയും തകർപ്പൻ പ്രകടനങ്ങളുമായി വരവറിയിക്കുമ്പോൾ, ടീം തിരഞ്ഞെടുപ്പ് സുഖമുള്ളൊരു തലവേദന സമ്മാനിക്കുമെന്ന് നൂറുവട്ടം. ഒപ്പം, ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും പേസ് ആക്രമണത്തിലെ വൈവിധ്യം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. ഇവർക്കൊപ്പം ബുമ്ര കൂടിയെത്തുമ്പോഴോ?

പേസ് ആക്രമണത്തിനു പുറമെയാണ് കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും അവതാരം. ഓസ്ട്രേലിയയിലെ അവസാന ഏകദിനത്തിൽ മാത്രം ലഭിച്ച അവസരം ലോക റെക്കോർഡ് പ്രകടനത്തിനുള്ള വേദിയാക്കിയ ചാഹലും, ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടത്തിലൂടെ കുൽദീപും ഇന്ത്യൻ ബോളിങ് ആക്രമണത്തിനു പകരുന്ന വൈവിധ്യം ചെറുതല്ല. ഇതിനെല്ലാം പുറമെയാണ് ബാറ്റിങ്ങിലെ സമാനതകളില്ലാത്ത മേധാവിത്തം. ഇന്ത്യൻ നിരയിൽ അവസരം കിട്ടിയവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചതിനു പുറമെ, ഓസീസ് പര്യടനത്തോടെ ഫോമിലേക്കു മടങ്ങിയെത്തിയ മഹേന്ദ്രസിങ് ധോണി കൂടി ചേരുമ്പോൾ കോഹ്‍ലിപ്പടയുടെ മികവ് വീണ്ടുമുയരുന്നു. ഹാർദിക് പാണ്ഡ്യയെപ്പോലെ ഒരു താരത്തിന്റെ അസാന്നിധ്യത്തിലാണ് ഈ പ്രകടനങ്ങൾ എന്നും ഓർക്കണം.

ആദ്യ ഏകദിനത്തിലെ എട്ടു വിക്കറ്റ് ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തിക്കഴിഞ്ഞു. 2014ൽ ന്യൂസീലൻഡിലെത്തിയപ്പോൾ 4–0ന് (ഒരു മൽസരം ടൈയിൽ അവസാനിച്ചു) തകർത്തുവിട്ട ആതിഥേയർക്കെതിരെ മധുരപ്രതികാരമുള്ള തുടക്കം. അതിനിടെ, സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കാഴ്ച മറച്ചതിനെ തുടർന്ന് കളി തടസ്സപ്പെടുന്ന അപൂർവ കാഴ്ചയ്ക്കും ഒക്‌ലീൻ പാർക്ക് സാക്ഷ്യം വഹിച്ചു. മൽസരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എന്നാൽ, ഇതൊന്നും കളിയെ സ്വാധീനിച്ചില്ലെന്നു മാത്രം. ഇത്തരം ഒരുപിടി സന്തോഷങ്ങൾ ബാക്കിവച്ച് നേപ്പിയർ ഏകദിനത്തിന് തിരശീല വീഴുമ്പോൾ, ലോകകപ്പ് ഒരുക്കം ശരിയായ ട്രാക്കിലാണെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.

∙ ഇതിൽ കൂടുതലെന്തു ചോദിക്കും!

‘ഈ ബോളർമാരോട് ഇതിൽ കൂടുതൽ എന്ത് ആവശ്യപ്പെടാനാണ്!’ നേപ്പിയറിലെ വിജയത്തിനുശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോൾ കോഹ്‍ലി നടത്തിയ ഈ പരാമർശത്തിലുണ്ട്, നേപ്പിയർ ഏകദിനത്തിലെ ഇന്ത്യൻ ബോളിങ് പ്രകടനത്തിന്റെ രത്നച്ചുരുക്കം. സ്വന്തം നാട്, പരിചിതമായ സാഹചര്യങ്ങൾ, ചെറിയ ബൗണ്ടറി, ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം, പിഞ്ച് ഹിറ്റർമാരുടെ സാന്നിധ്യം, ‘ക്ലാസ് ക്രിക്കറ്റി’ന്റെ വക്താക്കളായ വില്യംസനും റോസ് ടെയ്‌ലറും... ന്യൂസീലൻഡിന് ‘ഷൈൻ’ ചെയ്യാൻ വേണ്ട എല്ലാ ചേരുവുകളുമുണ്ടായിരുന്നു, നേപ്പിയർ ഏകദിനത്തിൽ. എന്നാൽ, കളത്തിലെ ക്ലാസ് പ്രകടനത്തോടെ ഇന്ത്യൻ ബോളർമാർ ഇവയെല്ലാം നിഷ്പ്രഭമാക്കിയെന്നതാണ് സത്യം! ആകെ പിടിച്ചുനിൽക്കാൻ സാധിച്ചത് അർധസെഞ്ചുറി കുറിച്ച കെയ്ൻ വില്യംസനു മാത്രം. അതും അത്ര ആധികാരികമൊന്നുമായിരുന്നില്ല താനും. ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും പടുത്തുയർത്താൻ കിവീസ് താരങ്ങൾക്കായില്ല. ഈ വർഷം ഇതുവരെ കളിച്ച മൂന്ന് ഏകദിനങ്ങളിലും 300 കടന്ന ടീമിനെയാണ് ഇന്ത്യ നാലാം മൽസരത്തിൽ 157ൽ ഒതുക്കിയത്.

ഓപ്പണർമാരെ മടക്കി മുഹമ്മദ് ഷമി തുടങ്ങിവച്ച ആക്രമണം പിന്നീട് ഏറ്റെടുത്തത് യുസ്‍വേന്ദ്ര ചാഹലാണ്. ഓപ്പണർമാരുടെ കുറ്റി തെറിപ്പിച്ചാണ് ഷമി തുടക്കമിട്ടതെങ്കിൽ, മധ്യനിരയിലെ കരുത്തൻമാരായ റോസ് ടെയ്‌ലർ, ടോം ലാഥം എന്നിവരെ സ്വന്തം ബോളിങ്ങിൽ പിടികൂടിയാണ് ചാഹൽ ആതിഥേയരുടെ നടുവൊടിച്ചത്. ഹെൻറി നിക്കോൾസിനെ മടക്കി കേദാർ ജാദവ് ‘പാർട്ട് ടൈം ജോബ്’ ഭംഗിയാക്കി. രണ്ടാം വരവിൽ മിച്ചൽ സാന്റ്നറിനെക്കൂടി ഷമി മടക്കിയതോടെ കുൽദീപ് യാദവിനുള്ള വഴി തെളിഞ്ഞു. വെറും 11 റൺസിന്റെ ഇടവേളയിൽ നാലു വിക്കറ്റ് വീഴ്ത്തി കുൽദീപ് കിവീസ് ഇന്നിങ്സിന് തിരശീലയിട്ടു. ഇതിനിടയിൽ 38–ാം ഓവറിൽ ടിം സൗത്തി നേടിയ സിക്സ് കൂടിയില്ലായിരുന്നെങ്കിലോ?

നിലയുറപ്പിച്ചുവന്ന കെയ്ൻ വില്യംസനായിരുന്നു കുൽദീപിന്റെ ആദ്യ ഇര. കുൽദീപിന്റെ പന്തിൽ വിജയ് ശങ്കറിനു ക്യാച്ച് സമ്മാനിച്ച് വില്യംസൻ മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 146 റൺസ് മാത്രം. ഇതേ ഓവറിൽ ഡഗ് ബ്രേസ്‍വെലിനെയും കുൽദീപ് മടക്കി. തന്റെ അടുത്ത രണ്ട് ഓവറുകളിലായി ലോക്കി ഫെർഗൂസൻ, ട്രെന്റ് ബൗൾട്ട് എന്നിവരെയും പുറത്താക്കി കുൽദീപ്, ‘കിൽ’ദീപായി!

81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസാണ് മൽസരത്തിൽ വില്യംസന്റെ സമ്പാദ്യം. മാർട്ടിൻ ഗപ്റ്റിൽ (ഒൻപതു പന്തിൽ അഞ്ച്), കോളിൻ മൺറോ (ഒൻപതു പന്തിൽ എട്ട്), റോസ് ടെയ്‌ലർ (41 പന്തിൽ 24),ടോം ലാഥം (10 പന്തിൽ 11), ഹെൻറി നിക്കോൾസ് (17 പന്തിൽ 12), മിച്ചൽ സാന്റ്നർ (21 പന്തിൽ 14), ഡഗ് ബ്രേസ്‌വെൽ (15 പന്തിൽ ഏഴ്), ലോക്കി ഫെർഗൂസൻ (മൂന്നു പന്തിൽ പൂജ്യം), ട്രെന്റ് ബൗൾട്ട് (10 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ടിം സൗത്തി ഒൻപതു റൺസോടെ പുറത്താകാത നിന്നു.

ആറ് ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 19 റൺസ് മാത്രം വഴങ്ങി ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. വാലറ്റം തുടച്ചുനീക്കിയ കുൽദീപ്, 10 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 39 റൺസ് വഴങ്ങി നാലു വിക്കറ്റ് പോക്കറ്റിലാക്കി. ചാഹൽ 10 ഓവറിൽ 43 റൺസ് വഴങ്ങി രണ്ടും കേദാർ ജാവദ് മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് കിട്ടിയില്ലെങ്കിലും അഞ്ച് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ കുമാറും നാല് ഓവറിൽ 19 റൺസ് വഴങ്ങിയ വിജയ് ശങ്കറും ശ്രദ്ധനേടി.

∙ അവസരോചിതം, ശാന്തം

അവസരോചിതം, ശാന്തം! നേപ്പിയർ ഏകദിനത്തിലെ ഇന്ത്യൻ ബാറ്റിങ് പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സ്കോർ ബോർഡിൽ 300 റൺസ് കണ്ടാൽപ്പോലും ഭയപ്പെടേണ്ടതില്ലെന്ന് മൽസരത്തലേന്ന് ഉറക്കെ പ്രഖ്യാപിച്ച നായകനുള്ളപ്പോൾ അല്ലെങ്കിലും എന്തു പേടിക്കാൻ. ബോളർമാരുടെ ഉജ്വല പ്രകടനത്തിൽ എതിരാളികൾ വെറും 157 റൺസിൽ ഒതുങ്ങിയപ്പോൾ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചതാണ്. എന്നിട്ടും അതീവ ശ്രദ്ധയോടെയാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 2, 3, 1, 5, 1... ആദ്യ അഞ്ച് ഓവറിൽ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ. സ്കോർ ബോർഡിൽ എത്തിയത് 12 റൺസ് മാത്രം. സാക്ഷാൽ ശിഖർ ധവാനും രോഹിത് ശർമയും ക്രീസിൽ നിൽക്കുമ്പോഴായിരുന്നു ഇത് എന്നോർക്കണം.

ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷരമായ കാര്യവും ഓപ്പണിങ്ങിൽ തുടങ്ങുന്ന ഈ ശ്രദ്ധയും കരുതലും തന്നെ. നിലയുറപ്പിച്ച് ആഞ്ഞടിക്കുന്ന ഈ രീതി ഇന്ത്യ മുൻപും വളരെ വിജയകരമായി നടപ്പാക്കിയതാണ്. 6, 8, 10, 5 എന്നിങ്ങനെയായിരുന്നു ആറു മുതൽ ഒൻപതു വരെയുള്ള ഓവറുകളിൽ ഇന്ത്യയുടെ സമ്പാദ്യം. രോഹിത് ശർമ പുറത്തായ 10–ാം ഓവറിൽ ഇതു വീണ്ടും രണ്ടായി കുറഞ്ഞു.

രോഹിതിനു ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‍ലിയും നിലയുറപ്പിച്ച് കളിച്ചതോടെ ഇന്ത്യ വിജയത്തോട് അനായാസം അടുത്തു. 19.2 ഓവറുകളാണ് കോഹ്‍ലി–ധവാൻ സഖ്യം ക്രീസിൽ നിന്നത്. ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിടേണ്ട ചുമതല വിജയകരമായി നിർവഹിച്ച സഖ്യം 116 പന്തിൽ കൂട്ടിച്ചേർത്തത് 92 റൺസ്. സ്കോർ 132ൽ നിൽക്കെ കോഹ്‍ലി വിക്കറ്റ് വലിച്ചെറിഞ്ഞെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ധവാനും റായുഡുവും ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൽസരം 49 ഓവറാക്കി ചുരുക്കിയിട്ടുപോലും ഇന്ത്യൻ ഇന്നിങ്സിൽ അപ്പോഴും 85 പന്തുകൾ ബാക്കിയായിരുന്നു. എട്ടു വിക്കറ്റുകളും! 59 പന്തിൽ മൂന്നു ബൗണ്ടറികൾ സഹിതം 45 റണ്‍സായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. 103 പന്തുകൾ നേരിട്ട ധവാൻ ആറു ബൗണ്ടറികൾ സഹിതം 75 റൺസോടെ പുറത്താകാതെ നിന്നു. റായുഡു 23 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13 റൺസെടുത്തു കൂട്ടുനിന്നു. കേദാർ ജാദവ്, മഹേന്ദ്രസിങ് ധോണി, വിജയ് ശങ്കർ തുടങ്ങിയവർക്ക് ബാറ്റിങ്ങിന് അവസരം കിട്ടിയുമില്ല.

∙ റെക്കോർഡ് ബുക്കിൽ ഷമി, പിന്നാലെ ധവാനും

ബാറ്റിങ്ങിലും ബോളിങ്ങിലും രണ്ട് ഇന്ത്യൻ താരങ്ങൾ റെക്കോർഡ് ബുക്കിലും പേരെഴുതിയതാണ് നേപ്പിയർ ഏകദിനം സമ്മാനിക്കുന്ന മറ്റൊരു സന്തോഷം. ശിഖർ ധവാൻ ഏകദിനത്തിൽ 5,000 റൺസ് പിന്നിട്ടതാണ് അതിൽ ആദ്യത്തേത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ധവാൻ.

118 ഇന്നിങ്സുകളിൽനിന്ന് 5,000 കടന്ന ധവാൻ ഇക്കാര്യത്തിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ‌ ലാറയ്ക്കൊപ്പമെത്തി. 101 ഇന്നിങ്സുകളിൽനിന്ന് 5,000 പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാമത്. 114 ഇന്നിങ്സുകളിൽനിന്ന് ഇതേ നേട്ടം കരസ്ഥമാക്കിയ വിവിയൻ റിച്ചാർഡ്സ്, വിരാട് കോഹ്‍ലി എന്നിവർ രണ്ടാമതുണ്ട്. 119 ഇന്നിങ്സുകളിൽനിന്ന് 5,000 കടന്ന ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസനെ സാക്ഷിനിർത്തിയാണ് ഒരു ഇന്നിങ്സ് കുറച്ച് ധവാൻ റെക്കോർഡിലെത്തിയതെന്നതും ശ്രദ്ധേയം.

മൽസരത്തിലാകെ മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ പേസ് ബോളർ എന്ന നേട്ടം സ്വന്തമാക്കി. 56–ാം മൽസരം കളിച്ച ഷമി, ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ പുറത്താക്കിയാണ് ഈ നേട്ടം കൈവരിച്ചത്. 59 മൽസരങ്ങളിൽനിന്ന് 100–ാം വിക്കറ്റ് സ്വന്തമാക്കിയ ഇർഫാൻ പഠാന്റെ റെക്കോർഡാണ് ഷമി തകർത്തത്. സഹീർ ഖാൻ (65), അജിത് അഗാർക്കർ (67), ജവഗൽ ശ്രീനാഥ് (68) എന്നിവരെല്ലാം ഇനി ഷമിക്കു പിന്നിൽ.

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ പേസ് ബോളറാണ് ഷമി. മിച്ചൽ സ്റ്റാർക്ക് (52), ഷെയ്ൻ ബോണ്ട് (54), ബ്രെറ്റ് ലീ (55) എന്നിവർ മാത്രം മുന്നിൽ.

പിൻകുറിപ്പ്: ഇടയ്ക്ക് ധോണി നടത്തിയ ആ സ്റ്റംപിങ്ങും കാണാതെ പോകരുത്! ഒരു മൽസരത്തിൽ കുറഞ്ഞത് ഒരു സ്റ്റംപിങ് എന്നത് ധോണി പതിവാക്കിയിരിക്കുന്നു! തുടർച്ചയായ മൂന്നാം മൽസരത്തിലാണ് ധോണി സ്റ്റംപിങ്ങിലൂടെ സാന്നിധ്യമറിയിക്കുന്നത്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA