sections
MORE

ഈ ബോളർമാരോട് ഇതിൽക്കൂടുതൽ എന്തു ചോദിക്കും?: വിജയത്തിനു പിന്നാലെ കോഹ‍‌്‌ലി

chahal-celebration
SHARE

നേപ്പിയർ∙ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് നേപ്പിയർ മക്‌ലീൻ പാർക്കിലെ ഒന്നാം ഏകദിനത്തിൽ കണ്ടതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഈ മൽസരത്തിൽ തന്നതിൽ കൂടുതൽ ഇന്ത്യൻ ബോളർമാരിൽനിന്ന് എന്ത് ആവശ്യപ്പെടാനാണെന്നും കോഹ്‍ലി ചോദിച്ചു. നേപ്പിയർ ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയശേഷം സംസാരിക്കുകയായിരുന്നു കോഹ്‍ലി.

‘ടോസ് നഷ്ടമായപ്പോൾ, ന്യൂസീലൻഡ് ഉറപ്പായും 300 കടക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ ബോളർമാരുടെ മികവ് എന്റെ എല്ലാ കണക്കുകൂട്ടലുകളും തകർത്തു. ഈ മൈതാനത്ത് ആതിഥയേരെ 150 റൺസിനടുത്ത് ഒതുക്കുകയെന്നത് നിസ്സാരമല്ല. മുഹമ്മദ് ഷമിയുടെ കഴിവുകളിൽ വിശ്വസിച്ചാൽ അദ്ദേഹം അത് ഇരട്ടിയായി തിരിച്ചുതരും എന്നതാണ് അനുഭവം. ഏതു ടീമിനെയും എവിടെയും പുറത്താക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുള്ള ബോളിങ് യൂണിറ്റാണ് നമുക്കുള്ളത്’ – കോഹ്‍ലി പറഞ്ഞു.

ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ച സ്പിന്നർമാരെയും കോഹ്‍ലി അഭിനന്ദിച്ചു. രണ്ടാമത്തെ പകുതിയിൽ മാത്രമാണ് പിച്ച് അൽപം മെല്ലെയായത്. എന്നിട്ടും മികച്ച ലൈനിലും ലെങ്തിലും ബോൾ ചെയ്യാൻ നമ്മുടെ സ്പിന്നർമാർക്കു കഴിഞ്ഞു. ശിഖർ ധവാന്റെ പ്രകടനവും വളരെ നിർണായകമായി. താളം കണ്ടെത്താൻ ഇത്തരമൊരു പ്രകടനം അദ്ദേഹത്തിന് വളരെ ആവശ്യമായിരുന്നു. താളം കണ്ടെത്തിക്കഴിഞ്ഞാൽ ഇത്രയും അപകടകാരിയായ വേറെ ബാറ്റ്സ്മാനില്ല’ – കോഹ്‍ലി പറഞ്ഞു.

സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കണ്ണിലേക്ക് അടിക്കുന്നതു നിമിത്തം കളി നിർത്തിവയ്ക്കുന്നത് ആദ്യത്തെ അനുഭമാണെന്നും ഒരു ചോദ്യത്തിന് ഉത്തരമായി കോഹ്‍ലി പറഞ്ഞു. 2014ൽ ഇതേ സ്റ്റേഡിയത്തിൽ സമാനമായ പ്രശ്നം താനും നേരിട്ടിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു. അന്ന് ഇത്തരമൊരു നിയമം ഇല്ലാതിരുന്നതിനാൽ പന്തു കാണാതെ പുറത്താവുകയും ചെയ്തെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA