sections
MORE

സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കണ്ണിലേക്ക്; ഇന്ത്യ–കിവീസ് മൽസരം തടസ്സപ്പെട്ടു

india-newzealand-match-stopped
SHARE

നേപ്പിയർ∙ വെളിച്ചക്കുറവു മൂലം കളി നിർത്തിവയ്ക്കുന്നത് ക്രിക്കറ്റിൽ പതിവു കാഴ്ചയാണ്. മഴമൂലവും കളി നിർത്തിവയ്ക്കാറുണ്ട്. എന്നാൽ, ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിൽ വില്ലനായിരിക്കുന്നത് സൂര്യനാണ്. അസ്തമയ സൂര്യൻ ബാറ്റ്സ്മാന് അഭിമുഖമായി എത്തിയതോടെ പതിവില്ലാത്ത വിധം ഇന്ത്യ–ന്യൂസീലൻഡ് മൽസരം അംപയർമാർ നിർത്തിവച്ചു. സൂര്യപ്രകാശം മൂലം പന്ത് കാണാനാകുന്നില്ലെന്ന് ഇന്ത്യൻ താരം ശിഖർ ധവാൻ പരാതിപ്പെട്ട സാഹചര്യത്തിലാണ് അംപയർമാർ മൽസരം നിർത്തിവച്ചത്. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍‌ലയും ഫീൽഡ് അംപയർ ഷോൺ ഹെയ്ഗും അഭിപ്രായപ്പെട്ടു. 30 മിനിറ്റോളം തടസ്സപ്പെട്ട മൽസരം പിന്നീടു പുനഃരാരംഭിച്ചു.

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ഇന്ത്യയ്ക്ക് മുന്നിൽ 158 റൺസ് വിജയലക്ഷ്യമാണുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എടുത്തുനിൽക്കെയാണ് സൂര്യൻ വില്ലനായത്. ഡിന്നർ ബ്രേക്കിനു ശേഷം തിരിച്ചെത്തിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ രോഹിത് ശർമയുടെ (11) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ, തൊട്ടടുത്ത ഓവറിൽ സൂര്യപ്രകാശം മൂലം കളിക്കാനാകുന്നില്ലെന്ന് ശിഖർ ധവാൻ അംപയറെ അറിയിക്കുകയായിരുന്നു. ഇതോടെ, ഫീൽഡ് അംപയർമാർ പരിശോധന നടത്തി കളി തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയായിരുന്നു.

സാധാരണഗതിയിൽ സ്റ്റേഡിയങ്ങൾ നിർമിക്കുമ്പോൾ വടക്കു–തെക്ക് ദിശയിലാകും അതിന്റെ സ്ഥാനം. സൂര്യൻ ബാറ്റ്സ്മാന് അഭിമുഖമായി വരുന്നത് ഒഴിവാക്കുന്നതിനാണിത്. എന്നാൽ, ഭുമിയുടെ കിഴക്കേ അറ്റത്തുള്ള ടെസ്റ്റ് വേദിയെന്നു വിശേഷണമുള്ള മക്‌ലീൻ പാർക്കിന്റെ നിർമാണം കിഴക്കു–പടിഞ്ഞാറു ദിശയിലാണ്. ഇതോടെയാണ് സൂര്യപ്രകാശം കളി മുടക്കിയത്.

അംപയർ എന്ന നിലയിലുള്ള തന്റെ 14 വർഷത്തെ അനുഭവത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കളി തടസ്സപ്പെടുന്നതെന്ന് ഫീൽഡ് അംപയർ ഷോൺ ഹെയ്ഗ് പുറഞ്ഞു. ‘അസ്തമയ സൂര്യൻ നേരെ ബാറ്റ്സ്മാന് അഭിമുഖമായിട്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ കളിക്കാരുടെയും അപംയർമാരുടെയും സുരക്ഷ പരിഗണിച്ചേ തീരൂ. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ കളി നിർത്തിവയ്ക്കാനാണ് തീരുമാനം. എന്റെ 14 വർഷത്തെ അനുഭവത്തിൽ ആദ്യമായാണ് ഇങ്ങനെ കളി തടസ്സപ്പെടുന്നത്’ – ഹെയ്ഗ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA