sections
MORE

കേരളത്തിന് ഇന്നിങ്സ് തോൽവി; രഞ്ജിയിലെ ചരിത്രക്കുതിപ്പിന് സെമിയിൽ വിരാമം

umesh-yadav-man-of-the-match
SHARE

കൃഷ്ണഗിരി (വയനാട് )∙ ഉമേഷ് യാദവ് പന്തെറിയുന്നതിലും വേഗത്തിലായിരുന്നു കേരള ബാറ്റ്സ്മാന്മാരുടെ പവലിയനിലേക്കുള്ള തിരിച്ചുപോക്ക്. ചരിത്രത്തിലെ ആദ്യ രഞ്ജി ഫൈനൽ എന്ന കേരളത്തിന്റെ സ്വപ്നം കൃഷ്ണഗിരിയിൽ പൊലിഞ്ഞു. നിലവിലെ ചാംപ്യന്മാരായ വിദർഭ ടീം തുടർച്ചയായ രണ്ടാം വട്ടവും രഞ്ജി ട്രോഫി ഫൈനലിലേക്ക്. കളി തുടങ്ങി ഒന്നര ദിവസത്തിനുള്ളിലാണ് ഇന്നിങ്സിനും 11 റൺസിനും കേരളത്തെ വിദർഭ കെട്ടുകെട്ടിച്ചത്. സ്കോർ: കേരളം 105, 91. വിദർഭ: 208 

വിദർഭ–കേരളം മൽസരത്തിന്റെ വിശേഷങ്ങൾ ഇംഗ്ലിഷിൽ വായിക്കാം

പതറാതെ ബോളർമാർ 

ആദ്യദിനം 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസിന് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച വിദർഭയ്ക്ക് സന്ദീപ് വാരിയരുടെയും ബേസിൽ തമ്പിയുടെയും ബോളിങ് മികവിനു മുൻപിൽ ഇന്നലെ 37 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. രാവിലെ കളി തുടങ്ങി 7.8 ഓവറിനുള്ളിൽ, അവശേഷിച്ച വിക്കറ്റുകളെല്ലാം സന്ദീപും (5) ബേസിലും(3) പിഴുതു. 

va-jagadeesh-with-fans
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ച വി.എ. ജഗദീഷ് ആരാധകർക്കൊപ്പം. ചിത്രം: റസൽ ഷാഹുൽ

വിദർഭയുടെ വിശ്വരൂപം 

ബാറ്റിങ് ഓർഡറിൽ അഴിച്ചുപണി നടത്തിയ കേരളം അരുൺ കാർത്തികിനെയും ജലജ് സക്സേനയെയുമാണ് രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരായി ഇറക്കിയത്. ആദ്യത്തെ ഓവറിൽത്തന്നെ രജനീഷ് ഗുർബാനിയെ 2 തവണ അതിർത്തി കടത്തിയ അരുൺ കാർത്തിക് ഏകദിന ശൈലിയിൽ ബാറ്റുവീശി (33 പന്തിൽ 36). നിന്നുകളിക്കാൻ ശ്രമിച്ച ജലജ് സക്സേന (7) യെ അഞ്ചാം ഓവറിൽ ഉമേഷ് യാദവ് പുറത്താക്കിയെങ്കിലും വൺ ഡൗണായെത്തിയ വിഷ്ണു വിനോദ് (15) അരുൺ കാർത്തികിനൊപ്പം നിലയുറപ്പിച്ചു. ഇരുവരുടെയും കൂട്ടുകെട്ടിൽ കേരളം ഒരു വിക്കറ്റിന് 59 എന്ന നിലയിൽ വരെയെത്തി. 

ലോങ് മാർച്ച് 

12 ാം ഓവറിൽ വിഷ്ണു വിനോദിനെ ഉമേഷ് പുറത്താക്കി. പിന്നീടങ്ങോട്ട് 7 റൺസിനുള്ളിൽ കേരളത്തിനു നഷ്ടമായത് 6 വിക്കറ്റുകൾ! അരുൺ കാർത്തിക്കിനെ വിക്കറ്റിനു മുൻപിൽ കുരുക്കിയ താക്കൂർ കേരളത്തിന്റെ അടിത്തറയിളക്കി. സച്ചിൻ ബേബി (0) റണ്ണൗട്ടായി. മുഹമ്മദ് അസ്ഹറുദ്ദീന്റെ (1) വിക്കറ്റ് ഉമേഷും വിനൂപ് മനോഹരൻ (5), പി. രാഹുൽ (0) എന്നിവരുടെ വിക്കറ്റ് താക്കൂറും ഒന്നിനു പുറകെ ഒന്നായി എടുത്തു. കേരളത്തിന്റെ സ്കോർ  17.1 ഓവറിൽ 7ന് 66. ശേഷിച്ച 4 ബാറ്റ്സ്മാന്മാരിൽ രണ്ടക്കം തികച്ച സിജോമോൻ ജോസഫിനെ(17) യും താക്കൂർ പുറത്താക്കി. ബേസിൽ തമ്പി (2), എം.ഡി. നിധീഷ് (3) എന്നിവരെക്കൂടി പറഞ്ഞയച്ച് ഉമേഷ് യാദവ് വിക്കറ്റ് ദാഹം ശമിപ്പിച്ചു. 4 റൺസെടുത്ത് പുറത്താകാതെനിന്ന സന്ദീപ് വാരിയർ ഒരറ്റത്ത് കൂട്ടത്തകർച്ചയ്ക്കു സാക്ഷിയായി.

ജഗദീഷ് വിരമിച്ചു

ചരിത്രസെമിയിലെ ഫലമറിഞ്ഞതിനു പിന്നാലെ കേരളതാരം വി.എ. ജഗദീഷിന്റെ വിരമിക്കൽ പ്രഖ്യാപനവുമെത്തി. ആരാധകർ ജഗ്ഗു എന്ന ഓമനപ്പേരിൽ വിളിക്കുന്ന കൊട്ടാരക്കര സ്വദേശി ജഗദീഷ് ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലില്ല. 2004 മുതൽ കേരളടീമിന്റെ ഭാഗമായിരുന്നു.  ഇന്ത്യ എ ടീമിലും കളിച്ചിട്ടുണ്ട്. ''ഇതാണു ശരിയായ സമയം. പുതിയ ധാരാളമാളുകൾ ക്രിക്കറ്റിലേക്കു വരുന്നു. കേരളം രാജ്യത്തെ മികച്ച ടീമുകളിലൊന്നായി വളർന്നുകഴിഞ്ഞു. വലിയ ഭാവിയുള്ള ടീമാണ് ഇപ്പോൾ കേരളത്തിന്റേത്. ചരിത്രമൽസരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു മാത്രമേ വിരമിക്കുന്നുള്ളൂ. ഇനിയും പറ്റാവുന്നിടത്തോളം കാലം കളിക്കും.’’ മൽസരത്തിനു ശേഷം ജഗദീഷ് മാധ്യമങ്ങളോടു പറഞ്ഞു.

കരിയറിൽ 72 ഫസ്റ്റ് ക്ലാസ് മൽസരങ്ങൾ കളിച്ച താരം 33.79 ശരാശരിയിൽ 3548 റൺസ് നേടിയിട്ടുണ്ട്. 8 സെഞ്ചുറിയും 18 അർധസെഞ്ചുറിയും അക്കൗണ്ടിൽ. ഈ രഞ്ജി സീസണിൽ ഹൈദരാബാദിനെതിരെ പുറത്താകാതെ നേടിയ 113 ഉൾപ്പെടെ 221റൺസ് സ്വന്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA