sections
MORE

2–ാം ഏകദിനത്തിൽ ‘ദ്രാവിഡിന്റെ കുട്ടികൾ’ക്ക് കൂറ്റൻ ജയം; ഫിഫ്റ്റിയടിച്ച് രഹാനെ, വിഹാരി, അയ്യർ

vihari-rahane
SHARE

തിരുവനന്തപുരം∙ ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഇടം പിടിക്കാൻ കടുത്ത മൽസരം നേരിടേണ്ടി വരുമെന്ന് ശിഖർ ധവാൻ പറഞ്ഞത് എത്രയോ ശരി! സീനിയർ ടീമിൽ ഇടം പിടിക്കാൻ വെമ്പുന്ന ഒരുപിടി താരങ്ങളുമായി ഇംഗ്ലണ്ട് ലയൺസിനെ നേരിട്ട ഇന്ത്യ എ ടീമിന്, തുടർച്ചയായ രണ്ടാം മൽസരത്തിലും തകർപ്പൻ വിജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 138 റൺസിനാണ് ഇന്ത്യ എ, ഇംഗ്ലണ്ട് ലയൺസിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തപ്പോൾ, ഇംഗ്ലണ്ടിന്റെ മറുപടി 37.4 ഓവറിൽ 165 റൺസിൽ ഒതുങ്ങി. ഈ വിജയത്തോടെ, അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മൽസരം 27ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് അർധസെഞ്ചുറികളാണ് കരുത്തായത്. ലോകകപ്പ് ടീമിൽ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (91), ഹനുമ വിഹാരി (92), ശ്രേയസ് അയ്യർ (65) എന്നിവരാണ് ഇന്ത്യ എയെ 300 കടത്തിയത്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ എ 303 റൺസെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റിൽ രഹാനെ–വിഹാരി സഖ്യം കൂട്ടിച്ചേർത്ത 181 റൺസാണ് മികച്ച സ്കോറിലേക്ക് അടിത്തറയായത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. 63 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 48 റൺസ് നേടിയ ഓപ്പണർ അലക്സ് ഡേവിസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ലൂയിസ് ഗ്രിഗറി (46 പന്തിൽ 39), വിൽ ജാക്സ് (30 പന്തിൽ 20), ഡാനി ബ്രിഗ്സ് (19 പന്തിൽ 14), ബെൻ ഡക്കറ്റ് (10 പന്തിൽ 12), സാം ബില്ലിങ്സ് (17 പന്തിൽ 12) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നവർ.

india-a-vs-england-lions-2nd-odi
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ഇന്ത്യ എയ്ക്കായി മായങ്ക് മാർക്കണ്ഡെ 8.4 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ 9 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 13 റൺ‌സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് പിഴുതു. ഹനുമ വിഹാരി, ചാഹർ, സിദ്ധാർഥ് കൗൾ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ഇന്ത്യ എ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് അർഹിച്ച സെഞ്ചുറിയാണ് ഇക്കുറി നഷ്ടമായത്. 117 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് രഹാനെ 91 റൺസെടുത്തത്. വിഹാരിക്കും നഷ്ടമായത് അർഹിച്ച സെഞ്ചുറി തന്നെ. താരതമ്യേന ആക്രമണോത്സുകത കാട്ടിയ വിഹാരി, 83 പന്തിൽ എട്ടു ബൗണ്ടറിയും നാലു സിക്സും സഹിതമാണ് 92 റൺസെടുത്തത്.

ഇരുവരും പുറത്തായശേഷം അവസാന ഓവറുകളിൽ തകർത്തടിച്ചാണ് ശ്രേയസ് അയ്യർ അർധസെഞ്ചുറി നേടിയത്. 47 പന്തുകൾ നേരിട്ട അയ്യർ, അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 65 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. അൻമോൽപ്രീത് സിങ് (14 പന്തിൽ ഏഴ്), അങ്കിത് ബാവ്‌നെ (27 പന്തിൽ 18), ഇഷാൻ കിഷൻ (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. അക്സർ പട്ടേൽ എട്ടു പന്തിൽ എട്ടു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാക് ചാപ്പൽ, ലൂയിസ് ഗ്രിഗറി എന്നിവർ രണ്ടും ജയിംസ് പോർട്ടർ, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA