sections
MORE

‘ബാറ്റോ പന്തോ കയ്യിലുള്ളവർ ഇവരെ സൂക്ഷിക്കുക’: ന്യൂസീലൻഡ് പൊലീസ്

india-celebration
SHARE

മൗണ്ട് മോൻഗനൂയി∙ ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ദയനീയ തോൽവി വഴങ്ങി പരമ്പരയിൽ പിന്നിലായ ആതിഥേയ ടീമിനെ ‘ട്രോളി’ ന്യൂസീലൻഡ് പൊലീസ്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സരസമായ രീതിയിൽ ഇന്ത്യൻ ടീമിനെതിരെ ‘മുന്നറിയിപ്പു’ നൽകിക്കൊണ്ടുള്ള ന്യൂസീലൻഡിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് പൊലീസിന്റെ തകർപ്പൻ ട്രോൾ. മൗണ്ട് മോൻഗനൂയിയിൽ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കെതിരെ ആതിഥേയ ടീം പൊരുതാതെ കീഴടങ്ങിയതോടെയാണ് ഫെയ്സ്ബുക് പേജിൽ ട്രോൾ പ്രത്യക്ഷപ്പെട്ടത്.

ഈസ്റ്റേൺ ഡിസ്ട്രിക്ട് പൊലീസിന്റെ പേജിൽ വന്ന ‘മുന്നറിയിപ്പ്’ ഇങ്ങനെ:

‘നിലവിൽ ഇവിടെ പര്യടനം നടത്തുന്ന ഒരു സംഘം വിദേശികൾക്കെതിരെ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് ഒരു മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച ഒരു സംഘം പാവംപിടിച്ച ന്യൂസീലന്‍ഡുകാരെ നേപ്പിയറിലും മൗണ്ട് മോൻഗനൂയിയിലും ഈ വിദേശസംഘം അപമാനിച്ചതായി സാക്ഷിമൊഴിയുണ്ട്. ക്രിക്കറ്റ് ബാറ്റ്, പന്ത്, അതിനോടു സാമ്യമുള്ള മറ്റു വസ്തുക്കൾ എന്നിവ കൊണ്ടുനടക്കുന്നവർ ഈ സംഘത്തെ സൂക്ഷിക്കുക.’

എന്തായാലും ന്യൂസീലൻഡ് പൊലീസിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നൂറുകണക്കിനു പേരാണ് ഇതുവരെ ഈ പോസ്റ്റ് ഷെയർ ചെയ്തത്. രണ്ടായിരത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്.

പരമ്പരയിലെ മൂന്നാം മൽസരം തിങ്കളാഴ്ച മൗണ്ട് മോൻഗനൂയിയിലെ ബേ ഓവലിൽത്തന്നെയാണ് നടക്കുന്നത്. ഈ മൽസരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ പടയൊരുക്കം നടത്തുമ്പോൾ, തോൽവി ഒഴിവാക്കി പരമ്പരയിൽ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണ് ന്യൂസീലൻഡ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA