sections
MORE

ആരാധകരെ ‘പറന്നു പിടിച്ച്’ പാണ്ഡ്യ, ഇന്ത്യ കിരീടവഴിയിൽ

pandya-kohli-celebration
SHARE

‘ഒരു കാര്യം തുറന്നു സമ്മതിച്ചേ തീരൂ. ഇന്ത്യ–ന്യൂസീലൻഡ് പരമ്പര ആവേശം വാനോളമുയർത്തുന്നൊരു നേർക്കുനേർ പോരാട്ടമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. തെറ്റിപ്പോയി. തീർത്തും വ്യത്യസ്തമായ തലത്തിലാണ് ഇന്ത്യയുടെ കളി. ഇതുവരെയുള്ള ബോളിങ് പ്രകടനം അത്യുജ്വലമെന്നേ പറയാനുള്ളൂ.’ – ന്യൂസീലൻഡില്‍ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ പരമ്പര നേടിയതിനു പിന്നാലെ പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഭ ഭോഗ്‌ലെ നടത്തിയ ഈ നിരീക്ഷണത്തിലുണ്ട്, ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ഏകദിനത്തിന്റെ രത്നച്ചുരുക്കം. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഏതു ടീമിനെയും വെല്ലുന്ന പ്രകടനത്തോടെയാണ് ഇന്ത്യ പരമ്പര ഉറപ്പാക്കിയത്. 2014ൽ 4–0ന് തകർത്തവർക്ക് അതേ നാണയത്തിൽത്തന്നെ മറുപടി.

ഏകദിനത്തിലെ ലോക ഒന്നാം നമ്പർ താരം ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ടീമിൽ ലഭിച്ച സ്ഥിരാംഗത്വം, മൂന്നു മൽസരങ്ങൾക്കിടെ രണ്ട് മാൻ ഓഫ് ദി മാച്ച് പ്രകടനവുമായി നീതികരിച്ച മുഹമ്മദ് ഷമി, ധോണിക്കു പരുക്കേറ്റതുകൊണ്ടു മാത്രം ലഭിച്ച അവസരത്തിൽ അമ്പാട്ടി റായുഡുവിനൊപ്പം ഉറച്ചുനിന്ന് ടീമിനെ വിജയത്തിലെത്തിച്ച ദിനേഷ് കാർത്തിക്, സ്ത്രീവിരുദ്ധ പരാമ‍ർശങ്ങളുടെ പേരിൽ രാജ്യത്തുണ്ടായ കോലാഹലവും നാലു മാസത്തോളം നീണ്ട ഇടവേളയും കഴിഞ്ഞ് മാച്ച് വിന്നിങ് പ്രകടനവുമായി ടീമിലേക്കു തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യ, ഈ പ്രായത്തിൽ താനൊന്നും ഇവരുടെ 10 ശതമാനം പോലുമുണ്ടായിരുന്നില്ലെന്ന് ഉറക്കെപ്പറഞ്ഞ് യുവതാരങ്ങളുടെ ആത്മവിശ്വാസമേറ്റുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍‌ലി... മൗണ്ട് മോൻഗനൂയിയിലെ ബേ ഓവലിൽ തുടർച്ചയായ രണ്ടാം ഏകദിനത്തിനുശേഷവും മുഴങ്ങിക്കേൾക്കുന്നത് ടീം ഇന്ത്യയുടെ ആത്മവിശ്വാസമേറ്റുന്ന വാർത്തകൾ മാത്രം!

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ഒരു ഓവർ ബാക്കിനിൽക്കെ 243 റൺസിന് എല്ലാവരും പുറത്തായി. ബാറ്റെടുത്തവരെല്ലാം ഒരിക്കൽക്കൂടി ഇന്ത്യൻ ഇന്നിങ്സിൽ മികച്ച സംഭാവനകൾ ഉറപ്പാക്കിയപ്പോൾ, 42 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ രോഹിത് ശർമ (77 പന്തിൽ 62), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (74 പന്തിൽ 60) എന്നിവരാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ഒൻപത് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി കളിയിലെ കേമനായി. ഇതോടെ, ഒടുവിൽ കളിച്ച 13 ദ്വിരാഷ്ട്ര പരമ്പരകളിൽ പന്ത്രണ്ടിലും കിരീടം ചൂടിയെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തം. 2018ൽ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഇതിനിടെ പരമ്പര നഷ്ടമാക്കിയത്. ഏറ്റവും ഒടുവിൽ വിദേശത്തു കളിച്ച ഏഴ് ദ്വിരാഷ്ട്ര പരമ്പരകളിൽ ആറിലും കിരീടം ചൂടിയെന്ന നേട്ടം വേറെ.

∙ പാണ്ഡ്യയുടെ വരവും പേസർമാരുടെ തിരിച്ചുവരവും

ആദ്യ രണ്ടു മൽസരങ്ങളിലും ഒരുപരിധി വരെയെങ്കിലും കൈക്കുഴ സ്പിൻ ദ്വയത്തിന്റെ പ്രഭാവലയത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെ തഴയപ്പെട്ടു പോയ ഇന്ത്യൻ പേസ് യൂണിറ്റിന്റെ തിരിച്ചുവരവാണ് മൂന്നാം ഏകദിനം ബാക്കിവയ്ക്കുന്ന ഓർമച്ചിത്രങ്ങളിലൊന്ന്. ആദ്യ രണ്ടു മൽസരങ്ങളിലും കുൽദീപ് യാദവ് – യുസ്‌വേന്ദ്ര ചാഹൽ – കേദാർ ജാദവ് സഖ്യം ഏഴു വീതം (ആകെ 14) ഇരകളുമായി വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയപ്പോൾ, ആറു വിക്കറ്റുകളായിരുന്നു മുഹമ്മദ് ഷമി – ഭുവനേശ്വർ കുമാർ – വിജയ് ശങ്കർ ത്രയത്തിന്റെ സമ്പാദ്യം (ഒന്നാം ഏകദിനത്തിൽ ഷമിയുടെ മൂന്നു വിക്കറ്റ് പ്രകടനം മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിക്കൊടുത്തത് മറക്കുന്നില്ല).

shami

എന്നാൽ, വിലക്കു പിൻവലിക്കപ്പെട്ടതോടെ ടീമിലേക്കു തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ പേസ് ബാറ്ററിയുടെ ചാർജ് കൂട്ടി. ഫലം, മൂന്നാം ഏകദിനത്തിൽ വീണ 10 കിവീസ് വിക്കറ്റുകളിൽ എട്ടും പേസ് ബോളർമാർ സ്വന്തമാക്കി. ഷമി ഒരിക്കൽക്കൂടി മൂന്നു വിക്കറ്റ് നേട്ടവുമായി കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയപ്പോൾ, രണ്ടു വീതം വിക്കറ്റുകളുമായി പാണ്ഡ്യയും ഭുവനേശ്വർ കുമാറും ഉറച്ച പിന്തുണ നൽകി. സ്പിൻ വിഭാഗത്തിന്റെ വിക്കറ്റ് നേട്ടം ചാഹലിന്റെ രണ്ടു വിക്കറ്റുകളിലൊതുങ്ങി. ആദ്യ രണ്ടു മൽസരങ്ങളിലും നാലു വിക്കറ്റ് വീതം പിഴുത് ഇന്ത്യൻ ബോളിങ് ആക്രമണത്തിന്റെ കുന്തമുനയായിരുന്ന കുൽദീപ് യാദവിന് ഇക്കുറി വിക്കറ്റൊന്നും ലഭിച്ചില്ല.

രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ മുഹമ്മദ് ഷമി, 2008ലെ ത്രിരാഷ്ട്ര പരമ്പരയിൽ പ്രവീൺ കുമാറിന്റെ മിന്നും പ്രകടനത്തിനുശേഷം ഒരു പരമ്പരയിൽ രണ്ടു മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറായി.

∙ വീണിതല്ലോ കിടക്കുന്നു, കിവീസ്!

ന്യൂസീലൻഡിന്റെ കാര്യമാണ് കഷ്ടം. ഇന്ത്യ ഇവിടേക്കു വരും മുൻപ് ശ്രീലങ്കയെ മൂന്ന് ഏകദിനങ്ങളിലും തകർത്തെറിഞ്ഞ് പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലായിരുന്നു ആതിഥേയർ. ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയമായ പ്രകടനങ്ങളോടെയായിരുന്നു കിവീസിന്റെ പരമ്പര നേട്ടം. ഓസ്ട്രേലിയൻ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിനു ശേഷം എത്തുന്ന ഇന്ത്യയ്ക്ക്, ആതിഥേയർ കനത്ത വെല്ലുവിളിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആദ്യ മൂന്ന് മൽസരങ്ങൾ പിന്നിടുമ്പോഴും എല്ലാം പ്രതീക്ഷയായിത്തന്നെ അവശേഷിക്കുകയാണ്.

ആദ്യ രണ്ടു മൽസരങ്ങളിലും ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ കളി മറന്ന ന്യൂസീലൻഡ്, ഇക്കുറി സ്പിന്നിനെ നേരിടാനുള്ള ആയുധങ്ങളുമായാണെത്തിയത്. ഒന്ന്, രണ്ട് ഏകദിനങ്ങളിൽ ഏറ്റവുമധികം നാശം വിതച്ച കുൽദീപിനെ അവർ ഫലപ്രദമായി നേരിടുകയും ചെയ്തു. എട്ട് ഓവർ‌ ബോൾ ചെയ്ത കുൽദീപിന് ഇക്കുറി വിക്കറ്റൊന്നും കിട്ടിയില്ല എന്നതു തന്നെ അതിന്റെ തെളിവ്. ചാഹലാകട്ടെ, രണ്ടു വിക്കറ്റ് പിഴുതെങ്കിലും ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ ‘തല്ലുകൊള്ളി’യായി.

india-wicket-celebration

എന്നാൽ, ഇന്ത്യൻ പേസ് ബോളർമാർ പാണ്ഡ്യയുടെ വരവോടെ കരുത്താർജിച്ചത് ഇക്കുറി അവരെ വലച്ചു. തുടർച്ചയായ മൂന്നാം മൽസരത്തിലും ഓപ്പണിങ് കൂട്ടുകെട്ട് തുടക്കത്തിലേ പൊളിഞ്ഞതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായി. 59 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി പതിവുപോലെ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ന്യൂസീലൻഡിന് നാലാം വിക്കറ്റിൽ റോസ് ടെയ്‌ലർ – ടോം ലാഥം കൂട്ടുകെട്ട് പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 119 റൺസാണ് നേടിയത്.

21–ാം ഏകദിന സെഞ്ചുറിക്ക് ഏഴു റൺസ് അകലെ പുറത്തായ റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ് സ്കോറർ. ടെയ്‍ലർ 106 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 93 റൺസെടുത്തു. ലാഥം 64 പന്തിൽ ഒന്നു വീതം സിക്സും ബൗണ്ടറിയും സഹിതം 51 റൺസെടുത്ത് പുറത്തായി. 2010നു ശേഷം ഇതാദ്യമായാണ് ന്യൂസീലൻഡ് സ്വന്തം നാട്ടിൽ ഒരു പരമ്പരയിലെ മൂന്നു മൽസരങ്ങളിൽ ഓൾഔട്ടാകുന്നത്. ഗപ്റ്റിൽ (15 പന്തിൽ 13), കോളിൻ മൺറോ (ഒൻപതു പന്തിൽ ഏഴ്), കെയ്ൻ വില്യംസൺ (48 പന്തിൽ 28), ഹെൻറി നിക്കോൾസ് (എട്ടു പന്തിൽ ആറ്), മിച്ചൽ സാന്റ്നർ (ഒൻപതു പന്തിൽ മൂന്ന്), (ഡഗ് ബ്രേസ്‌വെൽ (15), ഇഷ് സോധി (12), ട്രെന്റ് ബൗൾട്ട് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലോക്കി ഫെർഗൂസൺ  രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

∙ ഇടറാതെ, പതറാതെ ഇന്ത്യ

ബാറ്റെടുത്തവരെല്ലാം ഒരിക്കൽക്കൂടി മികച്ച സംഭാവനകളുമായി കളം നിറഞ്ഞതോടെയാണ് ബേ ഓവലിൽ ഒരിക്കൽക്കൂടി ഇന്ത്യ ആതിഥേയരെ നിഷ്പ്രഭരാക്കിക്കളഞ്ഞത്. മികച്ച സ്ട്രോക്ക് പ്ലേയുമായി കളം നിറഞ്ഞ ധവാൻ പെട്ടെന്നു പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യയുടെ ആത്മവിശ്വാസമേറ്റുന്ന തുടക്കം ടീമിനു ലഭിച്ചിരുന്നു. 27 പന്തിൽ ആറു ബൗണ്ടറികൾ സഹിതം 28 റൺസെടുത്ത ധവാനെ ട്രന്റ് ബൗൾട്ടിന്റെ പന്തിൽ സ്ലിപ്പിൽ റോസ് ടെയ്‌ലറാണു ക്യാച്ചെടുത്തു പുറത്താക്കിയത്.

പതിവുപോലെ വിരാട് കോഹ്‍ലി ഒരിക്കൽക്കൂടി ഇന്ത്യൻ ഇന്നിങ്സിന്റെ ഭാഗധേയം നിർണയിച്ച മറ്റൊരു കൂട്ടുകെട്ടിൽ പങ്കാളിയായി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ – വിരാട് കോഹ്‍ലി സഖ്യം കൂട്ടിച്ചേർത്ത 113 റൺസ് കൂട്ടുകെട്ടാണ് വിജയത്തിലേക്ക് ഇന്ത്യയ്ക്കു കരുത്തായത്. കാണാൻ അത്ര അഴകൊത്ത ഇന്നിങ്സുകളല്ലെങ്കിലും അന്തിമ ഫലത്തിൽ ടീമിനെ വിക്ടറി സ്റ്റാൻഡിൽ നിർത്തിയത് ഇവരുടെ പ്രകടനം കൂടിയാണ്. 20.3 ഓവർ ക്രീസിൽ നിന്നാണ് ഈ സഖ്യം 113 റൺസ് നേടിയത്. പിന്നീട് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞെങ്കിലും ഫലത്തിൽ അത് അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക്കുമാർക്ക് ഉപകാരമായി. 199 ഏകദിനങ്ങൾക്കിടെ രണ്ടാമത്തേത് മാത്രം എന്ന പ്രത്യേകതയോടെ രോഹിത്തിനെ വിക്കറ്റ് കീപ്പർ ടോം ലാഥം സ്റ്റംപു ചെയ്തു മടക്കിയപ്പോൾ, കോഹ്‍ലി ഈ പരമ്പരയിൽ രണ്ടാം തവണയും ട്രെന്റ് ബൗൾട്ടിനു കീഴടങ്ങി.

karthik-rayudu

39–ാം ഏകദിന അർധസെഞ്ചുറി കുറിച്ച രോഹിത് 77 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 62 റൺസെടുത്താണ് മടങ്ങിയത്. 49–ാം ഏകദിന അർധസെഞ്ചുറി കുറിച്ച കോഹ്‍ലിയാകട്ടെ, 74 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 60 റൺസുമെടുത്തു. ഇവർക്കു പിന്നാലെ അന്തിമ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ പരസ്പരം ‘മൽസരിക്കുന്ന’ അമ്പാട്ടി റായുഡുവും ദിനേഷ് കാർത്തിക്കും കളം പിടിച്ചതോടെ എല്ലാം പൂർണം. 71 പന്തിനുള്ളിൽ ഇവരുടെ സഖ്യം കളിക്കു തീരുമാനമാക്കി. പിരിയാത്ത നാലാം വിക്കറ്റിൽ 77 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. റായുഡു 42 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 40 റൺസോടെയും കാർത്തിക് 38 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസോടെയും പുറത്താകാതെ നിന്നു.

∙ തിരിച്ചുവരവിന്റെ ‘പാണ്ഡ്യക്കരുത്ത്’

മൂന്നാം ഏകദിനം ബാക്കിവയ്ക്കുന്ന ഏറ്റവും സുന്ദരമായ കളി നിമിഷം കെയ്ൻ വില്യംസനെ പുറത്താക്കാൻ ഹാർദിക് പാണ്ഡ്യ എടുത്ത ക്യാച്ചു തന്നെയാകണം. നാലു മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഹാർദിക്കിന്റെ രണ്ടാം വരവിന്റെ ‘മാസ് എൻട്രി’യായി ഈ മിന്നൽ ക്യാച്ച്.‌

യുസ്‌വേന്ദ്ര ചാഹൽ എറിഞ്ഞ 17–ാം ഓവറിലാണ് ആരാധകരെ രോമാഞ്ചം കൊള്ളിച്ച ക്യാച്ചുമായി പാണ്ഡ്യ അവതരിച്ചത്. 47 പന്തിൽ നാലു ബൗണ്ടറി സഹിതം 28 റൺസുമായി റോസ് ടെയ്‌ലറിനൊപ്പം ടീമിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു വില്യംസൻ. ഈ ഓവറിലെ രണ്ടാം പന്തിൽ വില്യംസനു പിഴച്ചു. ചാഹലിന്റെ പന്ത് മിഡ്‌വിക്കറ്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിലേക്ക് ഹാർദിക് പാണ്ഡ്യയുടെ മിന്നൽ ഡൈവിങ്. കണ്ണടച്ചു തുറക്കുന്നതിനു മുൻപേ പന്ത് പാണ്ഡ്യയുടെ കൈകളിൽ! തീർത്തും അവിശ്വസനീയമായ ക്യാച്ച്!

pandya-diving-catch

ഇന്ത്യൻ ഇന്നിങ്സിൽ 10 ഓവറും പൂർത്തിയാക്കി രണ്ടു ബോളർമാരിൽ ഒരാളായ പാണ്ഡ്യ, അവിടെയും കരുത്തുകാട്ടി. ഇന്ത്യൻ നിരയിൽ ഏറ്റവും കുറച്ചു റൺസ് വിട്ടുകൊടുത്ത താരം, 10 ഓവറിൽ 45 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. ഒരിക്കലും ഓർമിക്കാനാഗ്രഹിക്കാത്തൊരു വിവാദത്തിന്, എന്നെന്നും ഓർമിക്കാൻ ഇഷ്ടപ്പെടുന്നൊരു പ്രകടനത്തിലൂടെ തിരശീലയിട്ടിരിക്കുന്നു, പാണ്ഡ്യ!

∙ റെക്കോർഡ് ബുക്കിൽ കോഹ്‍ലി, രോഹിത്, ടെയ്‍ലർ

ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ സെഞ്ചുറി കൂട്ടുകെട്ടിലൂടെ വിരാട് കോഹ്‍ലി – രോഹിത് ശർമ സഖ്യം റെക്കോർഡിട്ടതാണ് മൽസരത്തിലെ മറ്റൊരു ആവേശക്കാഴ്ച. ഏകദിനത്തിലെ 16–ാം സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇവർ, ഇക്കാര്യത്തിൽ ആഡം ഗിൽക്രിസ്റ്റ് – മാത്യു ഹെയ്ഡൻ സഖ്യത്തിനൊപ്പം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മുന്നിലുള്ളത് ഇന്ത്യയുടെ തന്നെ സച്ചിൻ – ഗാംഗുലി (26), ശ്രീലങ്കയുടെ ദിൽഷൻ – സംഗക്കാര (20) സഖ്യങ്ങൾ മാത്രം.

ധവാനെ പുറത്താക്കാനെടുത്ത ക്യാച്ചോടെ ഏകദിനത്തിൽ റോസ് ടെയ്‌ലറിന്റെ ആകെ ക്യാച്ചുകളുടെ എണ്ണം 134 ആയി. ഇതോടെ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ അല്ലാത്ത ന്യൂസീലൻഡ് താരം എന്ന റെക്കോർഡും ടെയ്‌ലറിനു സ്വന്തം. 133 ക്യാച്ചുകൾ നേടിയ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ റെക്കോർഡാണ് ടെയ്‍ലർ തകർത്ത്. അതേസമയം, എല്ലാ ടീമുകളെയും പരിഗണിച്ചാൽ ഇക്കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ് ടെയ്‌ലർ. മഹേള ജയവർധനെ (218), റിക്കി പോണ്ടിങ് (160), മുഹമ്മദ് അസ്ഹറുദ്ദീൻ (156), സച്ചിൻ തെൻഡുൽക്കർ (140) എന്നിവർ മാത്രം മുന്നിൽ.

rohit-kohli-records

ക്യാപ്റ്റനെന്ന നിലയിൽ 63 ഏകദിനങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി കോഹ്‍ലി മാറി. കോഹ‍്‌ലിക്കു കീഴിൽ ഇന്ത്യയുടെ 47–ാം ജയമാണിത്. 63 മൽസറങ്ങളിൽനിന്ന് ടീമിന് 50 ജയം സമ്മാനിച്ച വിൻഡീസ് താരം ക്ലൈവ് ലോയ്ഡ്, ഓസീസ് താരം റിക്കി പോണ്ടിങ് എന്നിവരാണ് മുന്നിൽ. വിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സ്, ദക്ഷിണാഫ്രിക്കയുടെ ഹാൻസി ക്രോണിയെ (46), ഓസ്ട്രേലിയയുടെ തന്നെ മൈക്കൽ ക്ലാർക്ക് (41) എന്നിവർ പിന്നിലായി. ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ആദ്യത്തെ ഏകദിന പരമ്പര സമ്മാനിച്ചതിനു പിന്നാലെ, ന്യൂസീലൻഡിൽ മഹേന്ദ്രസിങ് ധോണിക്കു ശേഷം പരമ്പര സമ്മാനിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡും കോഹ‍്‌ലിക്കു സ്വന്തം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA