sections
MORE

ഇന്ത്യയുടെ ‘ഭാവി താര’ത്തെ ചൂണ്ടിക്കാട്ടി കോഹ്‍ലി നാട്ടിലേക്ക് മടങ്ങുന്നു; ഇനി ഇടവേള

virat-kohli-at-sydney-cricket-stadium
SHARE

മൗണ്ട് മോൻഗനൂയി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ടീമിനു വിജയം സമ്മാനിച്ച് പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നാട്ടിലേക്കു മടങ്ങുന്നു. തുടർച്ചയായ മൽസരങ്ങളുടെ പശ്ചാത്തലത്തിൽ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിൽനിന്നും തുടർന്നുള്ള ട്വന്റി20 പരമ്പരയിൽനിന്നും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് കോഹ‍്‌ലിയുടെ മടക്കം. ന്യൂസീലൻഡ് പര്യടനത്തിനു ശേഷം തിരിച്ചെത്തുന്ന ഇന്ത്യ, ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ പരമ്പര കളിക്കുമ്പോഴാകും ഇനി കോഹ്‍ലി ടീമിനൊപ്പം വീണ്ടും ചേരുക. അതുവരെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ ടീമിനെ നയിക്കും.

മൂന്നാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോൾ ടീമിലെ യുവതാരങ്ങളെ വാനോളം പുകഴ്ത്താനും കോഹ്‍ലി മറന്നില്ല. നാട്ടിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ കോഹ്‍ലിയുടെ അസാന്നിധ്യം ടീമിനെ ബാധിക്കുമോ എന്നു ചോദിച്ചപ്പോഴാണ്, അവസരം കാത്തിരിക്കുന്ന താരങ്ങളുടെ മികവിനെക്കുറിച്ച് കോഹ്‍ലി വാചാലനായത്. ഇന്ത്യൻ സീനിയർ ടീമിൽ ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ച യുവതാരം പൃഥ്വി ഷാ, ടീമിലേക്ക് ആദ്യമായി വിളി ലഭിച്ച പഞ്ചാബി താരം ശുഭ്മാൻ ഗിൽ എന്നിവരെയാണ് കോഹ്‍ലി പുകഴ്ത്തിയത്. 19 വയസ്സ് മാത്രം പ്രായമുള്ള ശുഭ്മാൻ ഗില്ലിന്റെ മികവിനെ പുകഴ്ത്തിയ കോഹ്‍ലി, 19–ാം വയസ്സിൽ ഗില്ലിന്റെ മികവിന്റെ 10 ശതമാനം പോലും തനിക്കുണ്ടായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

‘ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. കടുപ്പമേറിയ ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ന്യൂസീലൻഡിലും ഏകദിന പരമ്പര ഉറപ്പാക്കി വളരെ സന്തോഷത്തോടെയാണ് ഞാൻ നാട്ടിലേക്കു മടങ്ങുന്നത്. ഇനി സമാധാനത്തോടെ ഇടവേള ആസ്വദിക്കാം. ഒരിക്കൽ എന്തായാലും എന്റെ സ്ഥാനത്തു മറ്റൊരാൾ വരും. അതാണ് ഈ കളിയുടെ രീതി. നിലവിൽ ടീമിനായി ആവുന്നത്ര സംഭാവനകൾ നൽകാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്’ – കോഹ്‍ലി പറഞ്ഞു.

‘ടീമിലെ യുവതാരങ്ങളെക്കുറിച്ചു കൂടി ഒരു വാക്ക്. പകരം വയ്ക്കാനില്ലാത്ത ഒരുപിടി യുവപ്രതിഭകളാണ് ഇപ്പോൾ ടീമിനൊപ്പമുള്ളത്. തനിക്കു കിട്ടിയ അവസരം പൃഥ്വി ഷാ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് നമ്മൾ കണ്ടു. ശുഭ്മാൻ ഗില്ലും ഒരു അസാധ്യ പ്രതിഭയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നെറ്റ്സിൽ പരിശീലിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ പ്രകടനം കണ്ട് അദ്ഭുതപ്പെട്ടുപോയി. 19 വയസ്സുണ്ടായിരുന്നപ്പോൾ ഗില്ലിന്റെയൊന്നും 10 ശതമാനം മികവ് എനിക്കുണ്ടായിരുന്നില്ല. അത്രയ്ക്ക് മികവുള്ള താരങ്ങളാണ് ഇവർ. ഇന്ത്യൻ ക്രിക്കറ്റിനും ഇത് വളരെ മഹത്തായൊരു കാലമാണ്. ടീമിൽ ഇടം പിടിക്കാൻ ആവശ്യമായ മികവിന്റെ തോത് ഉയർന്നുകൊണ്ടിരിക്കുകയാണ്. യുവതാരങ്ങൾ നേരെ വന്ന് മികച്ച പ്രകടനങ്ങളുമായി കളം പിടിക്കുകയാണ്.  അവർക്ക് ആവശ്യത്തിന് അവസരം നൽകി വളർച്ച ഉറപ്പാക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ’ – കോഹ്‍ലി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA