sections
MORE

തകർത്തടിച്ച് ഋഷഭ് പന്ത്; തിരുവനന്തപുരത്ത് ഇന്ത്യ എയ്ക്ക് തുടർച്ചയായ നാലാം ജയം

Rishabh-Pant
SHARE

തിരുവനന്തപുരം∙ ചേട്ടൻമാർ ന്യൂസിലൻഡിനെ പൊരിക്കുമ്പോൾ ഇംഗ്ലണ്ട് സിംഹങ്ങളെ കശാപ്പ് ചെയ്യുന്ന തിരക്കിലാണ് അനിയന്മാർ. നാലാം ഏകദിനത്തിൽ അതിനു നേതൃത്വം നൽകിയത് ഇന്ത്യൻ  ക്രിക്കറ്റിലെ പുതിയ താരോദയമായ ഋഷഭ് പന്ത്. അജിൻക്യ രഹാനെയ്ക്കു പകരം ടീമിലെത്തിയ പന്ത് പുറത്താകാതെ നേടിയ 73 റൺസിന്റെ കരുത്തിലാണ് ഇന്ത്യ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കിയത്. 

ടെസ്റ്റ് ആയാലും ഏകദിനമായാലും കൂറ്റനടികളിലൂടെ റൺസ് നേടിയിരുന്ന പന്ത് ആയിരുന്നില്ല ഇന്നലെ കളത്തിൽ. 27 ഓവറിൽ 102 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ജാഗ്രതയോടെ ബാറ്റ് ചെയ്ത് സുരക്ഷിതനിലയിൽ എത്തിച്ച പന്ത് ജയം ഉറപ്പായതോടെ ഫോറുകളുടെയും സിക്സറുകളുടെയും മാലപ്പടക്കത്തിനു തിരികൊളുത്തി ഗാലറികൾക്ക് ആവേശം പകർന്നു. പന്ത് തന്നെയാണ് കളിയിലെ താരം. ദീപക് ഹുഡ (47 നോട്ടൗട്ട്), കെ.എൽ.രാഹുൽ (42), റിക്കി ഭുയി (35) എന്നിവരും ഇന്ത്യൻ നിരയിൽ തിളങ്ങി. 

ഇംഗ്ലണ്ടിനെ 221 റൺസിലൊതുക്കാൻ ഇന്ത്യയെ സഹായിച്ചത് ഷാർദുൽ ഠാക്കൂറിന്റെ 4 വിക്കറ്റ് പ്രകടനമാണ്. നാലിന് 55 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഓലി പോപ്പ് (65), സ്റ്റീവൻ മുല്ലാനെ (58 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് കരകയറ്റിയത്. 

ഗാലറിയിൽ തേനീച്ചകളുടെ ആക്രമണത്തെത്തുടർന്ന് കളി 10 മിനിറ്റോളം നിർത്തിവച്ചു. ഒട്ടേറെ പേർക്ക് കുത്തേറ്റു. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA