sections
MORE

111 പന്തിൽ പുറത്താകാതെ 63; മിതാലിയുടെ ‘ധോണി സ്റ്റൈൽ’ ഇന്നിങ്സ് വൈറൽ

Mithali-Raj
SHARE

മൗണ്ട് മോൻഗനൂയി∙ ‘പുരുഷ ടീമിലെ വെറ്ററൻ താരം മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് വനിതാ ടീമിലെ വെറ്ററൻ താരം മിതാലി രാജ് തകർക്കുമോ?’ – ന്യൂസീലഡിനെതിരായ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യൻ വനിതാ ടീം പരമ്പര ഉറപ്പിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. സത്യത്തിൽ ധോണിയുടെ ഏതു റെക്കോർഡാണ് മിതാലി തകർക്കുക? ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ മിതാലിക്കെതിരെ ഉയർന്ന ‘ട്രോളാ’ണ് ഇതെന്നതാണ് രസം.

മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് വനിതകൾ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 88 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നിരുന്നു. തുടർച്ചയായ രണ്ടാം മൽസരത്തിലും മിന്നൽ ബാറ്റിങ്ങുമായി കളം നിറഞ്ഞ ഓപ്പണർ സ്മൃതി മന്ഥനയാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. സ്മൃതിക്കൊപ്പം അർധസെഞ്ചുറി പ്രകടനവുമായി മിതാലി രാജും കളം നിറഞ്ഞെങ്കിലും ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് മിതാലി – ധോണി താരതമ്യങ്ങളിലേക്കു നയിച്ചത്.

83 പന്തിൽ 13 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 90 റണ്‍സായിരുന്നു സ്മൃതിയുടെ സമ്പാദ്യം. 36–ാം ഓവറിലെ രണ്ടാം പന്ത് സിക്സ് കടത്തി സ്റ്റൈലായിത്തന്നെ സ്മൃതി കളി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, മറുവശത്ത് തീരെ പതിഞ്ഞ താളത്തിലായിരുന്നു മിതാലിയുടെ ബാറ്റിങ്. 111 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് മിതാലി 63 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 56.76 മാത്രം. ഇഷ്ടം പോലെ ഓവറുകൾ കൈവശമുണ്ടെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം മിതാലിയെ ന്യായീകരിക്കുമ്പോഴും, വേഗം നഷ്ടമായ മിതാലി രാജിവച്ച് പുതിയ തലമുറയ്ക്ക് വഴിമാറണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം.

മെല്ലെപ്പോക്കിന്റെ പേരിൽ പലപ്പോഴും പഴി കേൾക്കുന്നുണ്ടെങ്കിലും ഒടുവിൽ കളിച്ച ഏകദിനത്തിൽ 33 പന്തിൽ 48 റൺസെടുത്ത് ധോണി ‘വേഗത’ തനിക്കു കൈമോശം വന്നിട്ടില്ലെന്നു തെളിയിച്ചിരുന്നു. ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ മൂന്ന് ഏകദിനത്തിലും അർധസെഞ്ചുറി നേടിയ വരവറിയിച്ച ധോണി പക്ഷേ, താരതമ്യേന മന്ദഗതിയിലാണ് ബാറ്റുവീശിയത്. ഈ മൽസരങ്ങളിൽ ധോണിയുടെ പ്രകടനം ഇങ്ങനെ:

ഒന്നാം ഏകദിനം – 96 പന്തിൽ 51, സ്ട്രൈക്ക് റേറ്റ് 53.12

രണ്ടാം ഏകദിനം – 54 പന്തിൽ 55, സ്ട്രൈക്ക് റേറ്റ് – 101.85

മൂന്നാം ഏകദിനം – 114 പന്തിൽ 87, സ്ട്രൈക്ക് റേറ്റ് – 76.31

ഇതിൽ ഒന്നാം ഏകദിനത്തിൽ ധോണിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ തോൽപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA