sections
MORE

ഏകദിനത്തിൽ ഇന്ത്യയ്ക്കായി കൂടുതൽ സിക്സ് അടിച്ച താരം?; ധോണിക്കൊപ്പം രോഹിത്തും

rohit-dhoni
SHARE

മൗണ്ട് മോൻഗനൂയി∙ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം ആരാണ്? മഹേന്ദ്രസിങ് ധോണിയെന്ന് ഉത്തരം പറഞ്ഞു ശീലിച്ചവർ ഇനി അതിനൊപ്പം രോഹിത് ശർമയുടെ പേരുകൂടി ചേർത്തുവയ്ക്കുക. മൗണ്ട് മോൻഗനൂയിയിലെ ബേ ഓവലിൽ നടന്ന മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറിയിലേക്കു പ്രയാണത്തിനിടെ രണ്ടു സിക്സുകൾ കൂടി നേടിയ രോഹിത്, ഇന്ത്യയ്ക്കായുള്ള സിക്സുകളുടെ എണ്ണം 215 ആക്കി ഉയർത്തി.

ഏകദിന കരിയറിൽ 337 മൽസരങ്ങളിൽനിന്ന് ധോണി 222 സിക്സ് നേടിയിട്ടുണ്ടെങ്കിലും അതിൽ ഏഴെണ്ണം ഏഷ്യൻ ഇലവനു വേണ്ടി ഇറങ്ങിയപ്പോൾ നേടിയതാണ്. ഫലത്തിൽ ഇന്ത്യയ്ക്കായി നേടിയ സിക്സുകളുടെ എണ്ണത്തിൽ രോഹിത്തിനൊപ്പം തന്നെ ധോണിയും. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പരമ്പരയിലെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി കുറിച്ച രോഹിത്, രണ്ടു സിക്സും നേടിയിരുന്നു. മൽസരത്തിലാകെ 77 പന്തുകൾ നേരിട്ട രോഹിത് 62 റൺസും നേടി ഇന്ത്യയുടെ ടോപ് സ്കോററായി. ധോണി പരുക്കുമൂലം വിട്ടുനിന്ന ഈ മൽസരത്തില്‍ തന്നെയാണ്  അദ്ദേഹത്തിനൊപ്പം പിടിച്ച രോഹിത്തിന്റെ റെക്കോർഡ് പ്രകടനം.

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഇനിയും രണ്ടു മൽസരങ്ങൾ കൂടി ബാക്കിനിൽക്കെ ഇന്ത്യയ്ക്കായി നേടിയ സിക്സുകളുടെ എണ്ണത്തിലും ഏകദിന കരിയറിൽ ആകെ നേടിയ സിക്സുകളുടെ എണ്ണത്തിലും രോഹിത് ധോണിയെ മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

മാത്രമല്ല, രാജ്യാന്തര കരിയറിൽ ആകെ നേടിയ സിക്സുകളുടെ എണ്ണത്തിലും ധോണിക്കു തൊട്ടുതാഴെ അഞ്ചാമതാണ് രോഹിത്. 524 മൽസരങ്ങളിൽനിന്ന് 476 സിക്സുകളുമായി പാക്ക് താരം ഷാഹിദ് അഫ്രീദിയും 513 മൽസരങ്ങളിൽനിന്ന് അത്രതന്നെ സിക്സുമായി വിൻഡീസ് താരം ക്രിസ് ഗെയ്‍ലും മുന്നിൽ നിൽക്കുന്ന പട്ടികയിൽ 520 മൽസരങ്ങളിൽനിന്ന് 347 സിക്സാണ് ധോണിയുടെ സമ്പാദ്യം. 316 മൽസരങ്ങൾ കളിച്ച രോഹിത് ആകട്ടെ, ഇതുവരെ 345 സിക്സ് നേടിക്കഴിഞ്ഞു. ഇവിടെയും രോഹിത് ധോണിയെ കടത്തിവെട്ടാൻ സാധ്യതയേറെയെന്നു ചുരുക്കം.

2018ൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമായ രോഹിത്, ഈ വർഷം ഇതുവരെ നേടിയ സിക്സുകളുടെ എണ്ണത്തിൽ രണ്ടാമതാണ്. മൂന്നു മൽസരങ്ങളിൽനിന്ന് 16 സിക്സുമായി ശ്രീലങ്കൻ താരം തിസാര പെരേര മുന്നിൽ നിൽക്കുമ്പോൾ, ആറു മൽസരങ്ങളിൽനിന്ന് 13 സിക്സാണ് രോഹിത്തിന്റെ സമ്പാദ്യം. പെരേര നേടിയ 16 സിക്സിൽ 13 സിക്സും ഒറ്റ മൽസരത്തിൽ പിറന്നതാണെന്ന പ്രത്യേകതയുമുണ്ട്. ന്യൂസീലൻഡിനെതിരെ മൗണ്ട് മോൻഗനൂയിയിൽ 74 പന്തിൽനിന്ന് 140 റൺസ് നേടിയ ഇന്നിങ്സിലാണ് പെരേര 13 സിക്സ് നേടിയത്. അഞ്ചു മൽസരങ്ങളിൽനിന്ന് ധോണിയുടെ സമ്പാദ്യം നാലു സിക്സും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA