Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാമിൽട്ടനിൽ 212 പന്ത് ബാക്കിനിർത്തി കിവീസ് ജയിച്ച ‘അരദിനം’; ഇന്ത്യയ്ക്ക് ട്രാക്ക് തെറ്റിയോ?

rayudu-out-new-zealand ഇന്ത്യയുടെ അമ്പാട്ടി റായുഡുവിനെ ക്യാച്ചെടുത്തു പുറത്താക്കുന്ന കോളിൻ ഡി ഗ്രാൻഡ്ഹോം.

‘ഇന്ത്യ ന്യൂസീലൻഡിൽ മൂന്ന് ‘രാജ്യാന്തര ഏകദിന’ങ്ങൾ ജയിച്ചു, ന്യൂസീലൻഡ് ഇന്ത്യയ്ക്കെതിരെ ഒരു ‘രാജ്യാന്തര അരദിന’വും’! – ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ഇന്ത്യ ‘സഡൻ ഡെത്ത്’ ഏറ്റുവാങ്ങി നാണംകെട്ടതിനു പിന്നാലെ ട്വിറ്ററിൽ പ്രചരിച്ച ഈ വാചകത്തിലുണ്ട്, മൽസരത്തിന്റെ രത്‌നച്ചുരുക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും പരമ്പരയിലാദ്യമായി ഇന്ത്യ പിന്നാക്കം പോയ മൽസരത്തിന് വെറും 45.3 ഓവറിനുള്ളിലാണ് ഫലം ലഭിച്ചത്. രണ്ട് ഇന്നിങ്സിലുമായി എറിയാതെ ശേഷിച്ചത് 54.3 ഓവറുകൾ! ആദ്യ മൂന്നു മൽസരങ്ങളിലും അനായാസ വിജയം നേടിയ ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ പകിട്ടു കുറയ്ക്കുന്നതാണ് ന്യൂസീലൻഡ് നേടിയ കൂറ്റൻ വിജയം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി എന്നിവർ ടീമിലില്ലെങ്കിൽ ഇന്ത്യ എവിടെ നിൽക്കുന്നു എന്ന ചോദ്യവും ഈ മൽസരം ഉയർത്തുന്നുണ്ട്.

ഇന്ത്യൻ ഇന്നിങ്സിൽ 19.1 ഓവറും ന്യൂസീലൻഡ് ഇന്നിങ്സിൽ 35.2 ഓവറും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 30.5 ഓവറിൽ 92 റൺസിന് പുറത്തായപ്പോൾ, 212 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസീലൻഡ് ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കെതിരെ ഇത്രയേറെ പന്തുകൾ ബാക്കിനിൽക്കെ ഒരു ടീം വിജയം നേടുന്നത് ചരിത്രത്തിലാദ്യം. 2010ൽ ദാംബുള്ളയിൽ ശ്രീലങ്ക 209 പന്തുകൾ ബാക്കിനിൽക്കെ നേടിയ വിജയത്തിന്റെ റെക്കോർഡാണ് ന്യൂസീലൻഡ് തകർത്തത്. ശ്രീലങ്കയ്ക്കെതിരെ തന്നെ 181 പന്തുകൾ ബാക്കിനിൽക്കെയും (2012, ഹംബൻതോട്ട), 176 പന്തുകൾ ബാക്കിനിൽക്കെയും (2017, ധർമശാല), ഓസ്ട്രേലിയയ്ക്കെതിരെ 174 പന്തുകൾ ബാക്കിനിൽക്കുമ്പോഴും (1981, സിഡ്നി) ഇന്ത്യ തോൽവി വഴങ്ങിയിട്ടുണ്ട്.

∙ അപ്രതീക്ഷിതം, അവിശ്വസനീയം, ഈ കൂട്ടത്തകർച്ച

അപ്രതീക്ഷിതം, അവിശ്വസനീയം! സെഡൻ പാർക്കിൽ ഇന്ത്യ വഴങ്ങിയ തോൽവിയെ വിശേഷിപ്പിക്കാൻ ഈ രണ്ടു പദങ്ങളാണ് കൂടുതൽ ചേരുക. മൽസരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോൾ രോഹിത് പറഞ്ഞതു ശ്രദ്ധിക്കുക: ടോസ് നേടിയിരുന്നെങ്കിലും ഞാൻ ബാറ്റിങ് തന്നെ എടുത്തേനെ! ബാറ്റിങ് ആരംഭിച്ച് അധികം വൈകാതെ രോഹിത് ഈ നിലപാട് തിരുത്തിക്കാണും. അത്രയ്ക്കു ദയനീയമായിരുന്നു ഇന്ത്യൻ ബാറ്റിങ് നിരയുടെ പതർച്ചയും തകർച്ചയും.

പതിവുപോലെ മന്ദഗതിയിലായിരുന്നു രോഹിത്–ധവാൻ സഖ്യത്തിന്റെ തുടക്കം. മാറ്റ് ഹെൻറിയെറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യ നേടിയത് മൂന്നു റൺസ് മാത്രം. ബൗൾട്ട് ബോൾ ചെയ്ത അടുത്ത ഓവറിലും പിറന്നു മൂന്നു റൺസ്. മൂന്നാം ഓവർ എറിയാനെത്തിയ മാറ്റ് ഹെൻറിയെ ബൗണ്ടറിക്കും സിക്സിനും പറത്തി ധവാൻ ഗിയർ മാറ്റി. ആ ഓവറിൽ പിറന്നത് 11 റൺസ്. നാലാം ഓവറിൽ രണ്ടും ഹെൻറിയുടെ അടുത്ത ഓവറിൽ ഒരു റണ്ണും പിറന്നു. ബൗൾട്ട് എറിഞ്ഞ ആറാം ഓവറിൽ കളി തിരിഞ്ഞു. അഞ്ചാം പന്തിൽ ധവാൻ എൽബിഡബ്ല്യൂ! 20 പന്തിൽ 13 റൺസുമായി ധവാൻ കൂടാരം കയറുമ്പോൾ ആരുമറിഞ്ഞില്ല, അതൊരു അപ്രതീക്ഷിത തകർച്ചയുടെ തുടക്കമാണെന്ന്.

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. സ്കോർബോർഡിൽ 21 റൺസ് ഉള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ തുടർന്നുള്ള വിക്കറ്റുകൾ വീണതു നോക്കുക:

2-23 (രോഹിത് ശർമ, 7.6 ഓവർ), 3-33 (അമ്പാട്ടി റായുഡു, 10.2 ഓവർ), 4-33 (ദിനേഷ് കാർത്തിക്, 10.5 ഓവർ), 5-33 (ശുഭ്മാൻ ഗിൽ, 11.6 ഓവർ), 6-35 (കേദാർ ജാദവ്, 13.1 ഓവർ), 7-40 (ഭുവനേശ്വർ കുമാർ, 16.4 ഓവർ)! 

വെറും 19 റൺസിന്റെ ഇടവേളയിലാണ് ഇന്ത്യയ്ക്ക് ആദ്യ ഏഴു വിക്കറ്റുകൾ നഷ്ടമായത്. 2017ൽ ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരെ 29 റൺസിന് ഏഴു വിക്കറ്റ് നഷ്ടമാക്കിയശേഷം ഇന്ത്യൻ നേരിടുന്ന ഏറ്റവും വലിയ തകർച്ച.

∙ ‘പത്താമൻ’ ടോപ് സ്കോറർ!

40 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോർ എന്ന ഭീഷണി നേരിട്ടെങ്കിലും ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ചാഹൽ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. 2000ൽ ഷാർജയിൽ ശ്രീലങ്കയ്ക്കെതിരെ 54 റൺസിനു പുറത്തായതാണ് ഏറ്റവും ചെറിയ സ്കോർ. എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനെ സാക്ഷിനിർത്തി ബൗൾട്ടിന്റെ ഒരു ഓവറിൽ മൂന്നു ബൗണ്ടറികളുമായി ഹാർദിക് പാണ്ഡ്യ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യൻ സ്കോർ 50 കടത്തിയത്. സ്കോർ 55ൽ നിൽക്കെ അക്ഷമനായി പാണ്ഡ്യയും വിക്കറ്റ് തുലച്ചു.

പിന്നീടാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന സ്കോറിന്റെ ഉടമ യുസ്‍‌വേന്ദ്ര ചാഹൽ കളത്തിലെത്തുന്നത്. 37 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 18 റൺസുമായി പുറത്താകാതെ നിന്ന ചാഹലാണ് ഇന്ത്യയുടെ ടോപ് സ്കോററായി. രസമതല്ല. ഏകദിനത്തിൽ ചാഹലിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ പത്താം നമ്പർ ബാറ്റ്സ്മാൻ ടോപ് സ്കോററാകുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. 1998ൽ ടൊറന്റോയിൽ പാക്കിസ്ഥാനെതിരെ 43 റൺസുമായി ജവഗൽ ശ്രീനാഥ് ടോപ് സ്കോററായതാണ് ആദ്യ സംഭവം. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഒൻപതാം വിക്കറ്റിൽ ചാഹൽ–കുൽദീപ് സഖ്യം ചേർത്ത 25 റൺസാണ്.

∙ ഇന്ത്യയുടെ ‘ബോൾട്ടൂരി’ ബൗൾട്ട്!

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, 10 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത ട്രെന്റ് ബൗൾട്ടിന്റെ പ്രഹരമാണ് തിരിച്ചടിയായത്. തുടക്കം മുതലേ മികച്ച സ്വിങ് കണ്ടെത്തിയ ബൗൾട്ട്, ഇന്ത്യൻ ബാറ്റിങ്ങിനെ കശക്കിയെറിഞ്ഞു. 10 ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കോളിൻ ഡി ഗ്രാൻഡ്ഹോമും ബൗൾട്ടിന് ഉറച്ച പിന്തുണ നൽകി. ഏകദിനത്തിൽ അഞ്ചാം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ബൗൾട്ട്, ഇക്കാര്യത്തിൽ സാക്ഷാൽ റിച്ചാർഡ് ഹാഡ്‍ലിയുടെ ന്യൂസീലൻഡ് റെക്കോർഡിന് ഒപ്പമെത്തി. 115 മൽസരങ്ങളിൽനിന്നാണ് ഹാ‍ഡ്‌ലിയുടെ നേട്ടമെങ്കിൽ ബൗൾട്ടിന് വേണ്ടിവന്നത് 75 ഏകദിനങ്ങൾ മാത്രം. മാത്രമല്ല, ഡാനിയൽ വെട്ടോറിക്കു ശേഷം ഏകദിനത്തിൽ സ്വന്തം നാട്ടിൽ 100 വിക്കറ്റ് തികയ്ക്കുന്ന താരവുമായി.

10 ഓവറിൽ രണ്ടു മെയ്ഡൻ ഉൾപ്പെടെ 26 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കോളിൻ ഡി ഗ്രാൻഡ്ഹോം പിന്തുണയും എടുത്തു പറയണം. രണ്ടു വിക്കറ്റ് നഷ്ടമായശേഷം ഇന്ത്യയെ കൈപിടിച്ചു കയറ്റാനുള്ള ശുഭ്മാൻ ഗിൽ – അമ്പാട്ടി റായുഡു സഖ്യത്തിന്റെ ശ്രമം തകർത്തത് ഗ്രാൻഡ്ഹോമാണ്. ഒരു ഓവറിൽ റായുഡു, ദിനേഷ് കാർത്തിക് എന്നിവരെ ഗ്രാൻഡ്ഹോം മടക്കിയതോടെ ഇന്ത്യ നാലിന് 33 റൺസ് എന്ന നിലയിലായി. പരമ്പരയിൽ ആദ്യമായ അവസരം ലഭിച്ച ജയിംസ് നീഷാം, ടോഡ് ആസിൽ എന്നിവരും ഓരോ വിക്കറ്റും പിഴുതു.

∙ അതിവേഗം, ചെറുദൂരം കിവീസ്

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ന്യൂസീലൻഡിന് ഇന്നിങ്സിലെ ആദ്യ പന്തു തന്നെ സിക്സും രണ്ടും മൂന്നും പന്തുകൾ ബൗണ്ടറിയും പായിച്ച്  തകർപ്പൻ തുടക്കമാണ് മാർട്ടിൻ ഗപ്റ്റിൽ സമ്മാനിച്ചത്. എന്നാൽ, നാലാം പന്തിൽ ഭുവനേശ്വർ കുമാർ തിരിച്ചടിച്ചു. ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് സമ്മാനിച്ച് ഗപ്റ്റിൽ പുറത്ത്. നാലു പന്തിൽ 14 റൺസായിരുന്നു സമ്പാദ്യം. സ്കോർ 39ൽ നിൽക്കെ ക്യാപ്റ്റൻ കെയ്ൻ വില്യംസനെയും ഭുവനേശ്വർ തന്നെ മടക്കി. 18 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 11 റൺസടുത്ത വില്യംസൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലൊതുങ്ങി.

പിന്നീട് മൂന്നാം വിക്കറ്റിൽ ടെയ്‌ലർ–നിക്കോൾസ് സഖ്യം നിലയുറപ്പിച്ചതോടെ കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ന്യൂസീലൻഡ് വിജയത്തിലെത്തി. പിരിയാത്ത മൂന്നാം വിക്കറ്റിൽ നിക്കോൾസ്–ടെയ്‍ലർ സഖ്യം 53 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റ് വീഴ്ത്തി.

∙ ധോണിയെ ‘മിസ് ചെയ്തോ’ ഹാമിൽട്ടനിൽ?

ഹാമിൽട്ടനിൽ ബാറ്റിങ്ങിൽ അമ്പേ തകർന്ന് ഇന്ത്യ‍ കനത്ത തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൊക്കെ വ്യാപകമായി പ്രചരിച്ചൊരു പോസ്റ്റുണ്ട്. മഹേന്ദ്രസിങ് ധോണിയുടെ ചില മൽസരങ്ങളിലെ പ്രകടനങ്ങളുടെ വിശദാംശങ്ങളാണ് അതിൽ. ഇന്ത്യൻ ബാറ്റിങ് നിര എതിർ ടീം ബോളർമാർക്കു മുന്നിൽ കൂട്ടത്തകർച്ച നേരിട്ടിട്ടുള്ള മൽസരങ്ങളിൽ ധോണി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ കണക്കാണതിൽ. സത്യത്തിൽ, ഹാമിൽട്ടൻ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ധോണിയെ മിസ് ചെയ്തോ? കണക്കുകൾ കള്ളം പറയില്ലെന്ന പൊതുബോധം ശരിയെങ്കിൽ, ഉവ്വ് എന്നു തന്നെ പറയേണ്ടി വരും.

മുൻനിര കൂട്ടത്തോടെ തകർന്ന ഒരുപിടി മൽസരങ്ങളിൽ ധോണി ഇന്ത്യയ്ക്കു കരുത്തായിട്ടുണ്ട്. ക്ഷമയോടെ ക്രീസിൽനിന്ന് ധോണി ഇന്ത്യയെ കരയ്ക്കണച്ച മൽസരങ്ങളും തീരെ കുറവല്ല. ഇത്തരം മൽസരങ്ങളുടെ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

∙ ലോകകപ്പ് ഒരുക്കത്തിൽ ഇന്ത്യ ട്രാക്കിലാണോ?

കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഈ ടീമിനെക്കുറിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധങ്ങളെല്ലാം ഒറ്റ മൽസരം കൊണ്ട് ന്യൂസീലൻഡുകാർ എറിഞ്ഞു തകർത്തതിന്റെ ആഘാതത്തിലാണ് ആരാധകർ. വിരാട് കോഹ്‍ലി, മഹേന്ദ്രസിങ് ധോണി എന്നീ കരുത്തൻമാരുടെ അഭാവത്തിലാണെങ്കിൽക്കൂടി, രോഹിത് ശർമ, ശിഖർ ധവാൻ, റായുഡു, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വൻമരങ്ങളുടെ വീഴ്ച ആരാധകരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അരങ്ങേറ്റ മൽസരം കളിച്ച ‘ഭാവി സൂപ്പർ സ്റ്റാർ’ ശുഭ്മാൻ ഗില്ലിനും മൽസരം കയ്പേറിയ അനുഭവമായി.

റിസർവ് ബെഞ്ചിന്റെ കരുത്തിനെക്കുറിച്ചും അഹങ്കരിച്ച ടീം ഇന്ത്യയ്ക്കുള്ള ഉണർത്തുപാട്ടാണ് ഈ മൽസരം. ഈ തിരിച്ചടി സ്ഥായിഭാവമുള്ളതാകരുതേ എന്നും, ടീമിനുള്ള ഉണർത്തുപാട്ടു മാത്രമായി മാറണമേയെന്നുമാണ് ആരാധകരുടെ പ്രാർഥന. ഒരു തോൽവിപോലും ടീമിന്റെ മുന്നേറ്റത്തെ ഗൗരവമായി ബാധിക്കുന്ന ലോകകപ്പ് വേദികളിൽ (നോക്കൗട്ട് റൗണ്ടിലാണെങ്കിൽ പറയാനുമില്ല), ഇന്ത്യയിൽനിന്ന് ഇത്തരമൊരു പ്രകടനം ആരാധകർക്ക് ചിന്തിക്കാൻ കൂടിയാകില്ല. ഇത് ചില തിരിഞ്ഞുനോട്ടങ്ങൾക്കുള്ള അവസരമാണെന്ന് മൽസരത്തിനു പിന്നാലെ ഭുവനേശ്വർ കുമാറും ഏറ്റുപറഞ്ഞിരുന്നു.

പിൻകുറിപ്പ്: ഈ തോൽവി ക്യാപ്റ്റനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താനുള്ള നല്ലൊരു വേദികൂടിയാണ് രോഹിത് ശർമയ്ക്കു നഷ്ടമാക്കിയത്. രാജ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ കുറിച്ച താരം വിരാട് കോഹ്‍‌ലിയാണ്. വിവിധ ഫോർമാറ്റുകളിലായി 12 ജയം. ഈ മൽസരം കൂടി ജയിച്ചാൽ 13 തുടർ ജയങ്ങളുമായി കോഹ്‍ലിയെ മറികടക്കാനുള്ള അവസരം രോഹിത്തിനു നഷ്ടമായി.

ഒന്നുകൂടി. സച്ചിൻ തെൻഡുൽക്കറിനുശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുന്തൂണായി മാറിയ കോഹ്‍ലി ആദ്യ രാജ്യാന്തര മൽസരം കളിച്ചത് സച്ചിന്റെ അസാന്നിധ്യത്തിലായിരുന്നു. 2008ൽ ദാംബുള്ളയിൽ ശ്രീലങ്കയ്ക്കെതിരെ. അന്ന് കോഹ്‍ലി 22 പന്തിൽ 12 റൺസെടുത്തു പുറത്തായി. മൽസരം ഇന്ത്യ എട്ടു വിക്കറ്റിനു തോറ്റു. ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്‍ലിയുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെടുന്ന ശുഭ്മാൻ ഗിൽ അരങ്ങേറിയത് കോഹ്‍ലിയുടെ അസാന്നിധ്യത്തിൽത്തന്നെ. 21 പന്തിൽ ഒൻപതു റൺസുമായി ഗിൽ പുറത്തായി മൽസരം ഇന്ത്യ എട്ടു വിക്കറ്റിനു തോറ്റു!

related stories