Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം ഏകദിനത്തിൽ ധോണി തിരിച്ചെത്തും; രോഹിതിന് ചിലത് തെളിയിക്കാനുണ്ട്, ഇന്ത്യയ്ക്കും!

rohit-sharma-lucknow ട്വന്റി20യിലെ നാലാം സെഞ്ചുറി പ്രകടനത്തിനുശേഷം രോഹിത് മടങ്ങുന്നു.

വെല്ലിങ്ടൻ∙ ക്രിക്കറ്റ് ലോകത്തെ അതിശയിക്കുന്ന പ്രകടനവുമായി ലോകകപ്പ് വർഷത്തിൽ നടത്തിവന്ന അജയ്യ മുന്നേറ്റം, ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ തകർന്നടിഞ്ഞതിന്റെ ഞെട്ടലിൽ ഇന്ത്യ അഞ്ചാം അങ്കത്തിന് ഒരുങ്ങുന്നു. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിലാണു മൽസരം. ആദ്യ മൂന്നു മൽസരങ്ങളും അനായാസം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ മറ്റു രണ്ടു മൽ‌സരങ്ങൾ അപ്രസക്തമായെന്നായിരുന്നു പൊതുധാരണ. എന്നാൽ, ആദ്യ മൂന്നു മൽസരങ്ങളിലെയും വിജയത്തിന്റെ പകിട്ടു കളഞ്ഞ് നാലാം ഏകദിനത്തിൽ ആതിഥേയരോടു വഴങ്ങിയ കനത്ത തോൽവിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ.

ഹാമിൽട്ടന്‍ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 92 റൺസിനാണ് ഓൾഔട്ടായത്. ഇത്രയും എത്തിയതിനു തന്നെ യുസ്‍വേന്ദ്ര ചാഹലും കുൽദീപ് യാദവും ഉൾപ്പെടെയുള്ള വാലറ്റക്കാർക്കു നന്ദി പറയണം. ഉശിരൻ ബോളിങ്ങുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ച ട്രെന്റ് ബോൾട്ടിനും നൽകണം കയ്യടി. ഫലത്തിൽ, ഒറ്റ മൽസരത്തോടെ തകർന്നടിഞ്ഞുപോയ ഇന്ത്യൻ ബാറ്റിങ് നിരയും ആത്മവിശ്വാസം വാനോളമുയർന്ന ആതിഥേയ ബോളർമാരും തമ്മിലുള്ള പോരാട്ടമാകും ഈ മൽസരം.

രോഹിത് ശർമയുടെ കാര്യമാണ് കഷ്ടം. ആദ്യ മൂന്നു മൽസരങ്ങളും ജയിച്ച് ടീമിന് പരമ്പരയും സമ്മാനിച്ച് കോഹ്‍ലി നാട്ടിലേക്ക് മടങ്ങിയതോടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതാണ് രോഹിത്. തന്റെ 200–ാം രാജ്യാന്തര ഏകദിനം പക്ഷേ രോഹിത്തിന് ഓർമിക്കാനിഷ്ടപ്പെടാത്ത മൽസരമായാണ് അവസാനിച്ചത്. ഇന്ത്യയുടെ ഏകദിന ചരിത്രതത്തിലെ തന്നെ ഏറ്റവും ദയനീയ തോൽവികളിലൊന്നാണ് രോഹിതും സംഘവും ഹാമിൽട്ടനിൽ വഴങ്ങിയത്. ഇക്കുറി ശിഖർ ധവാനൊപ്പം പകരം വീട്ടാൻ രോഹിത് തുനിഞ്ഞിറങ്ങിയാൽ വെല്ലിങ്ടണിൽ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.

മറുവശത്ത് പരമ്പര കൈവിട്ടതോടെ തകർന്നുപോയ ആത്മവിശ്വാസം ഒറ്റ മൽസരത്തോടെ വീണ്ടെടുത്തതിന്റെ ആവേശത്തിലാണ് ന്യൂസീലൻഡ്. ഓപ്പണർ മാർട്ടിൻ ഗപ്റ്റില്‍ പരുക്കുമൂലം അവസാന മൽസരത്തിന് ഇല്ലെന്നതുപോലും ന്യൂസീലൻഡുകാരെ ഒരു പരിധിക്കപ്പുറം നിരാശപ്പെടുത്തുന്നില്ല. നാലാം ഏകദിനത്തിലെ വിജയം സമ്മാനിച്ച ആശ്വാസവും ആത്മവിശ്വാസവും അത്രയ്ക്കു വലുതാണ്.

കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ രാജ്യാന്തര അരങ്ങേറ്റത്തിനു ലഭിച്ച അവസരം കയ്പേറിയ അനുഭവമായതിന്റെ ആഘാതത്തിലാണ് ‘ഭാവിയിലെ കോഹ്‍ലി’ എന്ന് അറിയപ്പെടുന്ന ശുഭ്മാൻ ഗിൽ. അരങ്ങേറ്റ മൽസരത്തിൽ സഹതാരങ്ങൾ കൂട്ടത്തോടെ കൂടാരം കയറുന്നതുകണ്ട് മനസ്സിടിഞ്ഞുപോയ ഗിൽ, വെറും ഒൻപതു റൺസിനാണ് പുറത്തായത്. ഇക്കുറി അതിനു പ്രായശ്ചിത്തം ചെയ്യാനുറച്ചാകും ഗില്ലിന്റെ വരവ്. ഇതിനൊപ്പം, പരുക്കുമൂലം കഴിഞ്ഞ രണ്ടു മൽസരങ്ങളിൽ പുറത്തിരുന്ന വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി തിരിച്ചെത്തുന്നതും ഇന്ത്യയ്ക്ക് പകരുന്ന ആശ്വാസം ചെറുതല്ല.

ധോണി തിരിച്ചെത്തുന്നതോടെ അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക് എന്നിവരിൽ ഒരാൾ പുറത്തുപോകേണ്ടി വരും. കേദാർ ജാദവിന് പാർട്ട് ടൈം സ്പിന്നറുടെ റോൾ കൂടിയുള്ളതിനാൽ ടീമിൽ തുടരാനാണ് സാധ്യത. ലോകകപ്പ് മുൻനിർത്തി ഇന്ത്യ ടീമിനെ അണിയിച്ചൊരുക്കുന്ന സാഹചര്യത്തിൽ മധ്യനിരയുടെ പ്രകടനം ഈ മൽസരത്തിൽ ശ്രദ്ധിച്ചു വീക്ഷിക്കപ്പെടും. ഹാർദിക് പാണ്ഡ്യ ഒരിക്കൽക്കൂടി ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനു മുതൽക്കൂട്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബോളിങ്ങിന്റെ കാര്യത്തിൽ കാര്യമായ ആശങ്കയ്ക്കു വകയില്ലെങ്കിലും മുഹമ്മദ് ഷമിയുടെ വിശ്രമം നീട്ടിനൽകാനാണ് സാധ്യത. ഇക്കുറിയും ഖലീൽ അഹമ്മദിനു തന്നെ ഇടം ലഭിച്ചേക്കും. പരിശീലന വേളയിൽ ഖലീൽ ബോളിങ് കോച്ച് ഭരത് അരുണിനൊപ്പം ഏറെനേരം നെറ്റ്സിൽ ചെലവിടുകയും ചെയ്തു. ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അവസരം കിട്ടാതെ പോയ മുഹമ്മദ് സിറാജും ഇന്നലെ നെറ്റ്സിൽ ഏറെനേരം പരിശീലിച്ചു. ഭുവനേശ്വർ കുമാറിനുകൂടി വിശ്രമം അനുവദിച്ച് പേസ് ബോളിങ്ങിൽ ഖലീൽ അഹമ്മദ് – മുഹമ്മദ് സിറാജ് സഖ്യത്തെ പരീക്ഷിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇരുവർക്കും മൽസര പരിചയം കുറവാണെന്നതാണ് മുഖ്യ തടസ്സം. 

ആദ്യ രണ്ട് മൽസരത്തിൽ തകർത്തെറിഞ്ഞ കൈക്കുഴ സ്പിൻ ദ്വയത്തിന് പിന്നീട് പഴയ മികവിലേക്ക് ഉയരാനായില്ലെങ്കിലും ഇന്ത്യ പ്രതീക്ഷ കൈവിടുന്നില്ല. വെല്ലിങ്ടനിൽ ഇരുവരും മികവിലേക്ക് മടങ്ങിയെത്തുന്നതും ആതിഥേയരെ കറക്കിവീഴ്ത്തുന്നതും ഇന്ത്യ സ്വപ്നം കാണുന്നു.

related stories