ADVERTISEMENT

ന്യൂഡൽഹി∙ വിദേശപര്യടനങ്ങളിൽ ഭാര്യമാരെയും മക്കളെയും ഒപ്പം കൂട്ടിയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ യാത്ര ബിസിസിഐയ്ക്ക് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശ പരമ്പരകളിൽ രണ്ടാഴ്ചത്തേക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാൻ താരങ്ങൾക്ക് അനുവാദമുണ്ട്. ഈ പശ്ചാത്തലത്തിൽ ഭാര്യമാരെയും മക്കളെയും അവരെ നോക്കാനുള്ളവരെയുമൊക്കെയായുള്ള താരങ്ങളുടെ യാത്രയാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഇതുമൂലം താരങ്ങളുടെ യാത്രയും പരിശീലനവുമെല്ലാം യഥാവിധം ക്രമീകരിക്കുന്നതിൽ ബിസിസിഐ പ്രതിസന്ധി നേരിടുകയാണെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും ബിസിസിഐ സമാനമായ വെല്ലുവിളി നേരിട്ടു. താരങ്ങൾ, കോച്ചിങ് സ്റ്റാഫ്, താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് നാല്‍പതോളം പേർക്കാണ് ബിസിസിഐ സൗകര്യങ്ങളൊരുക്കേണ്ടി വന്നത്. ഓസ്ട്രേലിയയിൽ രണ്ടു ബസുകൾ വാടകയ്ക്കെടുത്തായിരുന്നു എല്ലാവരുടെയും യാത്രയ്ക്ക് ബിസിസിഐ സൗകര്യമൊരുക്കിയത്. ചില സമയത്ത് ഇതും തികയാതെ വന്നതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് പറയുന്നു.

വിദേശപര്യടനങ്ങളിൽ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ, വിദേശപര്യടനങ്ങളിൽ ആദ്യത്തെ പത്തു ദിവസങ്ങൾക്കുശേഷം ഭാര്യമാരെയും ഒപ്പം കൂട്ടാൻ ബിസിസിഐ താരങ്ങൾക്ക് അനുവാദം നൽകി. അതിനിടെ, വിദേശപര്യടനങ്ങൾക്കിടെ താരങ്ങൾക്കു കുടുംബാംഗങ്ങളെ കാണാനും അവരോടൊത്തു സമയം ചെലവഴിക്കാനും പ്രത്യേക സമയം അനുവദിക്കുന്ന രീതിയും ഇടയ്ക്ക് ബിസിസിഐ പരീക്ഷിച്ചിരുന്നു.

അതേസമയം, പ്രശ്നം സാമ്പത്തികമല്ലെന്നാണു വിവരം. കാരണം, താരങ്ങൾക്കൊപ്പമെത്തുന്ന കുടുംബാംഗങ്ങളുടെ ചെലവെല്ലാം അവർ തന്നെയാണ് വഹിക്കുന്നത്. മറിച്ച്, താരങ്ങളുടെ പരിശീലനവും യാത്രകളും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളിലാണ് വെല്ലുവിളി.

‘വളരെ കുറച്ച് അംഗങ്ങളുള്ള സംഘത്തോടൊപ്പമാണ് താരങ്ങളുടെ യാത്രയെങ്കിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എളുപ്പമാണ്. താമസ, യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്താനും എളുപ്പമാണ്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കു ചെയ്യുന്നതു മുതൽ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നത് ബിസിസിഐയുടെ ചുമതലയാണ്. മേയ് മാസം ആരംഭിക്കുന്ന ലോകകപ്പിന്റെ സമയത്തും കുടുംബാംഗങ്ങളോടൊത്താണ് താരങ്ങളുടെ യാത്രയെങ്കിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ തലവേദന തന്നെയായിരിക്കും’ – ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

ഓസ്ട്രേലിയൻ പര്യടനത്തിനിടെയുണ്ടായ ചില സംഭവവികാസങ്ങൾ ബിസിസിഐയുടെ അപ്രീതിക്കു കാരണമായെന്നും റിപ്പോർട്ടുണ്ട്. ടീമിൽ പതിവുകാരല്ലാത്ത ചില താരങ്ങൾപോലും രണ്ടാഴ്ചയോളം കുടുംബാംഗങ്ങളുമായി വന്നത് ബിസിസിഐയെ കുറച്ചൊന്നുമല്ല വലച്ചത്. ഇത്രയും പേരെ ഒരുമിച്ചു കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ബിസിസിഐയുടെ നിലപാട്. താരങ്ങളുടെ കുടുംബാംഗങ്ങൾക്കെല്ലാം മൽസരങ്ങൾക്കു ടിക്കറ്റ് ഉറപ്പാക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതു പണത്തിന്റെ പ്രശ്നം മാത്രമല്ലെന്നും ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com